21 October Monday

മുഹമ്മദൻസിനെ 2–1ന്‌ വീഴ്‌ത്തി; ബ്ലാസ്‌റ്റേഴ്‌സ്‌ കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കൊൽക്കത്ത> രണ്ട്‌ തുടർസമനിലകൾക്കുശേഷം ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ്‌. കൊൽക്കത്ത വമ്പൻമാരായ മുഹമ്മദൻസിനെ അവരുടെ തട്ടകത്തിൽ 2–-1ന്‌ കീഴടക്കി. തുടക്കത്തിൽത്തന്നെ ഒരുഗോളിന്‌ പിന്നിലായശേഷമായിരുന്നു മിക്കേൽ സ്‌റ്റാറേയുടെ സംഘം ജയം സ്വന്തമാക്കിയത്‌. പകരക്കാരൻ ക്വാമി പെപ്രയും ഹെസ്യൂസ്‌ ഹിമിനെസും ലക്ഷ്യംകണ്ടു. മുഹമ്മദൻസിനായി മിർജാലോൽ കാസിമോവ്‌ പെനൽറ്റിയിലൂടെ ലക്ഷ്യംകണ്ടു. അഞ്ച്‌ കളിയിൽ രണ്ടാംജയമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌. എട്ട്‌ പോയിന്റുമായി അഞ്ചാംസ്ഥാനത്തേക്കുയർന്നു.

എതിർത്തട്ടകത്തിൽ തുടർച്ചയായ മൂന്നാംകളിയിലും മികച്ച പ്രകടനമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പുറത്തെടുത്തത്‌. കഴിഞ്ഞ രണ്ടുകളിയിലും സമനില വഴങ്ങി. മുഹമ്മദൻസിനെതിരെയും തുടക്കത്തിൽ പതർച്ച കാണിച്ചു. ഒന്നാന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കുള്ള വഴിതുറന്നില്ല. എങ്കിലും ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയുടെ വരവ്‌ ടീമിന്‌ ഉണർവ്‌ നൽകി.

ബ്ലാസ്‌റ്റേഴ്‌സിൽ പിഴവിൽനിന്നായിരുന്നു മുഹമ്മദൻസിന്റെ ഗോൾ. മുന്നേറ്റക്കാരൻ ഫ്രാങ്കയെ ഗോൾകീപ്പർ സോംകുമാർ ബോക്‌സിൽ വീഴ്‌ത്തി. റഫറി പെനൽറ്റി വിധിച്ചു. കാസിമോവ്‌ അനായാസം പന്ത്‌ വലയിലാക്കി. തുടർന്നും ബ്ലാസ്‌റ്റേഴ്‌സാണ്‌ ആക്രമണം നയിച്ചത്‌. ഹിമിനെസിന്റെ കരുത്തുറ്റ ഷോട്ട്‌ ക്രോസ്‌ ബാറിന്റെ ഇടതുമൂലയിൽ തട്ടിത്തെറിച്ചു. ഇടവേളയ്‌ക്കുശേഷം സ്‌റ്റാറേ മാറ്റങ്ങൾ വരുത്തി. മുന്നേറ്റത്തിൽ മങ്ങിയ കെ പി രാഹുലിനെ പിൻവലിച്ച്‌ ഘാനക്കാരൻ പെപ്രയെ കൊണ്ടുവന്നു. പ്രതിരോധത്തിലും മധ്യനിരയിലും മാറ്റങ്ങളുണ്ടായി. ഇത്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾക്ക്‌ കൃത്യതയുണ്ടാക്കി. പെപ്ര കളത്തിലെത്തി നിമിഷങ്ങൾക്കുള്ളിൽ സ്‌റ്റാറേയുടെ സംഘം സമനില പിടിച്ചു. ലൂണയും നോഹ സദൂയിയും ചേർന്നുള്ള നീക്കത്തിനൊടുവിൽ പെപ്ര ഗോളടിച്ചു. സദൂയിയുടെ ഒന്നാന്തരം ക്രോസിൽ പെപ്ര കാൽവച്ചു. മിനിറ്റുകൾക്കുള്ളിൽ വിജയഗോളുംവന്നു. ഇക്കുറി നവോച്ച സിങ്‌ ഇടതുവശത്തുനിന്ന്‌ തൊടുത്ത ക്രോസിൽ ഹിമിനെസ്‌ തലവച്ചു. സീസണിൽ സ്‌പാനിഷുകാരൻ നേടുന്ന മൂന്നാം ഗോളാണിത്‌.
25ന്‌ കൊച്ചിയിൽ ബംഗളൂരു എഫ്‌സിയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top