03 October Thursday

ഹോം ഗ്രൗണ്ടിൽ വീണ്ടും തിരിച്ചുവന്ന് കൊമ്പൻസ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

തിരുവനന്തപുരം> തിരിച്ചുവരവിന് സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം എന്നാണ് നിർവചനം. സൂപ്പർ ലീഗ് കേരളയിലെ മലപ്പുറം എഫ് സിക്കെതിരെ തോൽക്കുമെന്ന് ഉറച്ച മത്സരത്തിൽ കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഗോൾ നേടി തിരുവനന്തപുരം കൊമ്പൻസ് തിരിച്ചു വന്നു. 87-ാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ വൈഷ്ണവാണ് കൊമ്പൻസിനായി ഗോൾ നേടിയത്.

മലപ്പുറത്തിന്റെ രണ്ട് താരങ്ങൾക്ക് പരിക്ക് പറ്റി കളം വിടേണ്ടതായി വന്നെങ്കിലും അവരുടെ കളിയെ അതൊന്നും ബാധിച്ചില്ല. ആക്രമണോത്സുക മത്സരം തന്നെയായിരുന്നു തുടക്കം മുതൽ മലപ്പുറം പുറത്തെടുത്തത്. അതിനുള്ള ഫലമെന്നോണം 32-ാം മിനുട്ടിൽ അവർ ഗോൾ നേടുകയും ചെയ്തു. സ്പെയിൻകാരനായ അലസാൻഡ്രോ സാഞ്ചസ് കൊമ്പാൻസിന്റെ ഗോൾ കീപ്പർ പവൻ കുമാറിന്റെ തലയ്ക്ക് മുകളിലൂടെ മലപ്പുറത്തിന് വേണ്ടി അക്കൗണ്ട് തുറക്കുകയായിരുന്നു.

കളിയുടെ ആദ്യ നിമിഷങ്ങളിൽ മലപ്പുറം ആയിരുന്നു പന്ത് കൂടുതൽ സമയവും കൈവശം വച്ചിരുന്നതെങ്കിൽ പിന്നീട് പതിയെ പതിയെ അതിൽ മാറ്റം വന്നു. രണ്ടാം പകുതി തുടങ്ങിയതോടെ കൂടുതൽ തവണ എതിരാളികളുടെ ഗോൾമുഖത്തേക്കെത്താൻ ഹോം ടീമിന് സാധിച്ചു. ഒടുവിൽ അതിന്റെ ഫലമെന്നോണം 87-ാം മിനുട്ടിൽ വൈഷ്ണവ് കൊമ്പൻസിന് വേണ്ടി ഗോൾ നേടുകയും ചെയ്തു. ക്യാപ്റ്റൻ പാട്രിക് മോട്ട എടുത്ത കോർണർ കിക്കിൽ നിന്നുമാണ് ഗോൾ വന്നത്.

തിരുവനന്തപുരത്തിന്റെ ഹോം ഗ്രൗണ്ടിലെ കഴിഞ്ഞ മത്സരത്തിലും ടീം സമാനമായ രീതിയിൽ തിരിച്ചുവരവ് നടത്തിയിരുന്നു. അന്ന് കണ്ണൂർ വാരിയേഴ്സിനെ ഇതേ ഗോൾ നിലയിലാണ് അവസാന നിമിഷം കൊമ്പൻസ് സമനിലയിൽ പിടിച്ചത്. ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് ഇതുവരെ പരാജയപ്പെട്ടിട്ടുമില്ല.

അഞ്ചു മത്സരങ്ങളിൽ ആറ് പോയിന്റുമായി പോയിന്റ്‌ പട്ടികയിൽ നാലാം സ്ഥാനത്താണ് കൊമ്പൻസ്. അഞ്ച് മത്സരങ്ങളിൽ അഞ്ചു പോയിന്റുമായി മലപ്പുറം അഞ്ചാമതും. കാലികറ്റ് എഫ് സിയുമായി  ഒക്ടോബർ ആറിനാണ് കൊമ്പൻസിന്റെ അടുത്ത മത്സരം. കൊച്ചിയുമായി ഒക്ടോബർ ഒമ്പതിന്‌ മലപ്പുറവും ഏറ്റുമുട്ടും. 9643 പേരാണ് കളി കാണാനായി സ്റ്റേഡിയത്തിലെത്തിയത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top