കൊച്ചി
ഫുട്‌ബോൾ പ്രതാപം വീണ്ടെടുക്കാൻ ‘ഫോഴ്‌സ കൊച്ചി’ തയ്യാർ. സൂപ്പർ ലീഗ് കേരളയിലെ കൊച്ചി ടീമിനെ ലുലുമാളിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്ന പി ആർ ശ്രീജേഷ് ടീം പതാക കെെമാറി. സെപ്തംബർ ഏഴിന് കൊച്ചി നെഹ്റു സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്‌സിയെ നേരിടും. ടീമിന് പൂർണ പിന്തുണ നൽകണമെന്ന് ടീം ഉടമകളായ നടൻ പൃഥ്വിരാജ്, ഷമീം ബക്കർ എന്നിവർ പറഞ്ഞു.
പോർച്ചുഗലിൽനിന്നുമുള്ള മരിയോ ലെമോസാണ് ഫോഴ്‌സ കൊച്ചിയുടെ ഹെഡ് കോച്ച്. മുൻ ഇന്ത്യൻതാരം ജോ പോൾ അഞ്ചേരിയാണ് സഹപരിശീലകൻ. ബ്രസീൽ മധ്യനിരക്കാരൻ റാഫേൽ അഗസ്റ്റോ, ടുണീഷ്യൻ ദേശീയതാരം സയിദ് മുഹമ്മദ് നിഥാൽ, ഡിസിരി ഒമ്രാൻ, ഐവറി താരം മോക്കി ജീൻ ബാപ്പിസ്റ്റെ, ദക്ഷിണാഫ്രിക്കൻ താരം സിയാൻഡ നിഗുമ്പോ, കൊളംബിയൻ താരം റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചൽ എന്നിവരാണ് ടീമിലെ വിദേശതാരങ്ങൾ.
ഇന്ത്യൻ മുൻ ഗോൾകീപ്പറും ഐഎസ്എൽ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണ് ക്യാപ്റ്റൻ. സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ ക്യാപ്റ്റൻ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ഹജ്മൽ സക്കീർ എന്നിവർക്കൊപ്പം ഐ ലീഗ്, കേരള പ്രീമിയർ താരങ്ങളും ബൂട്ട് കെട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..