13 November Wednesday

മുൻ ക്രിക്കറ്റ് താരം അൻഷുമൻ ഗെയ്‌ക്‌വാദ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

image credit bcci facebook

അഹമ്മദാബാദ് > മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അൻഷുമൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു.  അർബുദ ഹാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. വഡോദരയിൽ‌ വച്ചായിരുന്നു അന്ത്യം. ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 205 മാച്ചുകളും കളിച്ചിട്ടുണ്ട്. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു.

ക്രിക്കറ്റിന്‌ 
സമർപ്പിച്ച 
ജീവിതം
ഇന്ത്യൻ ക്രിക്കറ്റിനായി ജീവിതം സമർപ്പിച്ച ജീവിതമായിരുന്നു അന്തരിച്ച അൻഷുമാൻ ഗെയ്‌ക്‌വാദിന്റേത്. 1974 മുതൽ 1987 വരെ ദേശീയ ജേഴ്‌സി അണിഞ്ഞ എഴുപത്തൊന്നുകാരൻ മുഖ്യ സെലക്‌ടറായും പരിശീലകനായും സജീവമായിരുന്നു. രക്താർബുദത്തിന്‌ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം.  ലണ്ടനിലെ കിങ്‌സ്‌ കോളേജ്‌ ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം കഴിഞ്ഞമാസമാണ്‌ ഇന്ത്യയിൽ തിരിച്ചെത്തിയത്‌. ഇന്ത്യക്കായി 40 ടെസ്റ്റിനും 15 ഏകദിനങ്ങൾക്കും കളത്തിലിറങ്ങി. 22 വർഷം നീണ്ട ക്രിക്കറ്റ്‌ ജീവിതത്തിൽ 205 ഫസ്റ്റ്‌ക്ലാസ്‌ മത്സരങ്ങൾക്കും പാഡ്‌ കെട്ടി. ടെസ്റ്റിൽ രണ്ട്‌ സെഞ്ചുറിയടക്കം 1985 റണ്ണുണ്ട്‌. ഗെയ്‌ക്‌വാദിന്റെ ചികിത്സയ്‌ക്കായി ബിസിസിഐ ഒരുകോടി രൂപ നൽകിയിരുന്നു. 1983ലെ ലോകകപ്പ്‌ നേടിയ ടീം അംഗങ്ങളും ചികിത്സാസഹായം നൽകി.

1998ൽ ഓസ്‌ട്രേലിയയെ വീഴ്‌ത്തി ഇന്ത്യ ഷാർജ കപ്പ്‌ സ്വന്തമാക്കിയപ്പോഴും 1999ൽ പാകിസ്ഥാനെതിരായ ടെസ്റ്റിൽ അനിൽ കുംബ്ലെ ഒരിന്നിങ്‌സിൽ പത്തു വിക്കറ്റ്‌ നേടി ചരിത്രംകുറിച്ചപ്പോഴും ഗെയ്‌ക്‌വാദായിരുന്നു പരിശീലകൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top