17 September Tuesday

മലപ്പുറം സുൽത്താൻ; ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചു

അജിൻ ജി രാജ്Updated: Sunday Sep 8, 2024

കൊച്ചി > കൊച്ചിയുടെ തട്ടകത്തിൽ  മലപ്പുറത്തിന്റെ ഗർജനം. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിലെ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഫോഴ്‌സ കൊച്ചിയെ രണ്ട്‌ ഗോളിന്‌ കശക്കി മലപ്പുറം എഫ്‌സി കരുത്തുകാട്ടി. ഉറുഗ്വേക്കാരൻ പെഡ്രോ മാൻസിയും മലപ്പുറം താനൂരുകാരൻ ഫസലുറഹ്‌മാനും ഗോളടിച്ചു. ആദ്യപകുതിയിലായിരുന്നു രണ്ട്‌ ഗോളും.

ഒരുമാസത്തിലേറേയായി മലപ്പുറം നടത്തിയ തയ്യാറെടുപ്പുകൾ കളത്തിൽ കണ്ടു. ഒരുമയോടെ അവർ പന്തുതട്ടി. എല്ലാ വിഭാഗങ്ങളും കൂട്ടായ്‌മയോടെ കളിച്ചു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ജോൺ ഗ്രിഗറി പരിശീലിപ്പിച്ച സംഘം ആധിപത്യം പുലർത്തി. കളത്തിലെത്തിയ മൂന്ന്‌ സ്‌പാനിഷ്‌ താരങ്ങളും ഉജ്വല കളി പുറത്തെടുത്തു. നാലാമനായി ഉറുഗ്വേയുടെ മാൻസിയാണ്‌ എത്തിയത്‌.

കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ആർപ്പുവിളിച്ച പതിനായിരക്കണക്കിന്‌ ആരാധകർക്കുമുന്നിൽ മലപ്പുറം ആശിച്ച തുടക്കം കുറിച്ചു. നാലാം മിനിറ്റിൽ ഗോളെത്തി. വലതുവിങ്ങിൽ ഫസലുറഹ്‌മാന്റെ മിന്നൽക്കുതിപ്പാണ്‌ ആദ്യ ഗോളിന്‌ വഴിയൊരുക്കിയത്‌. അളന്നുമുറിച്ച ക്രോസ്‌ ബോക്‌സിൽ മാൻസിക്ക്‌ പാകത്തിലായിരുന്നു. പരിചയസമ്പന്നനായ കളിക്കാരൻ ഒരുനിമിഷം പാഴാക്കാതെ ഹെഡ്ഡറിലൂടെ കൊച്ചി വലയിൽ പന്തെത്തിച്ചു.

പിന്നിലായശേഷം തിരിച്ചുവരാൻ കൊച്ചി ശ്രമിച്ചതാണ്‌. ഇടതുമൂലയിൽനിന്ന്‌ നിജോ ഗിൽബർട്ടിന്റെ ഷോട്ട്‌ മലപ്പുറത്തിന്റെ പടത്തലവൻ അനസ്‌ എടത്തൊടിക തട്ടിയകറ്റി. പിന്നാലെ അർജുൻ ജയരാജിന്റെ ശ്രമം ഗോൾകീപ്പർ വി മിഥുൻ കൈയിലാക്കി. പലതവണ ശ്രമിച്ചെങ്കിലും ഒന്നിനും ലക്ഷ്യബോധ്യമുണ്ടായില്ല. ആതിഥേയരുടെ   വിദേശതാരങ്ങൾ തീർത്തും മങ്ങി. ടുണീഷ്യക്കാരായ സയ്‌ദ്‌ മുഹമ്മദ്‌ നിദാലും സിരി ഒമ്രാനും ബ്രസീൽ മധ്യനിരക്കാരൻ റാഫേൽ അഗസ്‌റ്റോയ്‌ക്കും ചലനമുണ്ടാക്കാനായില്ല. 

നാൽപ്പതാം മിനിറ്റിൽ മലപ്പുറം ലീഡുയർത്തി. ഫ്രീകിക്കിൽനിന്നായിരുന്നു തുടക്കം. കൊച്ചി പ്രതിരോധക്കാരൻ മുഹമ്മദ്‌ നൗഫൽ ഐതർ അൽദാലുറിനെ വീഴ്‌ത്തി. ബോക്‌സിന്‌ മുന്നിൽനിന്ന്‌ കിട്ടിയ അവസരം മലപ്പുറം നന്നായി ഉപയോഗിച്ചു. അൽദാലുർ ഫ്രീകിക്ക്‌ സമീപത്തുള്ള സ്‌പാനിഷ്‌ കൂട്ടുകാരൻ റൂബെൻ ഗാർഷെസിന്‌ നൽകി. ഈ പ്രതിരോധക്കാരൻ ഗോൾമുഖത്തേക്ക്‌ പന്ത്‌ തൊടുത്തു. മാൻസിയുടെ ഹെഡ്ഡർ ഓടിയെത്തിയ ഫസലുവിന്റെ മുന്നിലേക്കായിരുന്നു.

ഒന്നുതൊടേണ്ട ജോലി ഇരുപത്തൊമ്പതുകാരൻ  അനായാസം പൂർത്തിയാക്കി. ഇടവേളയ്‌ക്കുമുമ്പ്‌ കൊച്ചിക്ക്‌ ലക്ഷ്യം കാണാനുള്ള തുറന്ന അവസരമുണ്ടായി. എന്നാൽ, ഗോൾകീപ്പർമാത്രം മുന്നിൽനിൽക്കെ ടുണീഷ്യൻ പ്രതിരോധക്കാരൻ സിരി ഒമ്രാൻ പന്ത്‌ പുറത്തേക്കടിച്ചു. രണ്ടാംപകുതിയിൽ മലപ്പുറം പ്രതിരോധം കടുപ്പിച്ചതോടെ ആതിഥേയരുടെ പ്രതീക്ഷകൾ അസ്‌തമിച്ചു. ലീഗിലെ ആദ്യജയവുമായി മലപ്പുറം മടങ്ങി. മധ്യനിരക്കാരൻ സ്-പെയ്നിന്റെ ജോസെബ ബെയ്റ്റിയയാണ് മാൻ ഓഫ് ദി മാച്ച്.

ഇന്ന്‌ മത്സരമില്ല. നാളെ കണ്ണൂർ വാരിയേഴ്‌സ്‌ തൃശൂർ മാജിക്‌ എഫ്‌സിയുമായി ഏറ്റുമുട്ടും. മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലാണ്‌ കളി. 13ന്‌ കണ്ണൂർ വാരിയേഴ്‌സുമായാണ്‌ കൊച്ചിയുടെ അടുത്ത കളി. കോഴിക്കോടാണ്‌ തട്ടകം. മലപ്പുറം 14ന്‌ സ്വന്തംതട്ടകത്തിൽ അയൽക്കാരായ കലിക്കറ്റ്‌ എഫ്‌സിയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top