പാരിസ്
ഒളിമ്പിക് പുരുഷ ഫുട്‌ബോൾ ഫൈനലിൽ ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും. വെള്ളിയാഴ്‌ചയാണ് സ്വർണപ്പോരാട്ടം. പിന്നിട്ടുനിന്നശേഷം അധികസമയക്കളിയിൽ ഈജിപ്‌തിനെ 3–-1ന് തകർത്താണ് ആതിഥേയരായ ഫ്രാൻസ് മുന്നേറിയത്. മഹമൂദ് സാബെറിലൂടെ അറബ് സംഘമാണ് ലീഡെടുത്തത്. എന്നാൽ, ജീൻ ഫിലിപ്പെ മറ്റേറ്റയിലൂടെ ഫ്രഞ്ചുകാർ മറുപടി നൽകി. നിശ്ചിതസമയം 1–-1 ആയതോടെ കളി അധികസമയത്തേക്ക് നീണ്ടു.
ഇതിനിടെ ഒമർ ഫയേദ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ ഈജിപ്‌ത് പത്തുപേരിൽ ഒതുങ്ങി. അവസരം മുതലാക്കിയ ഫ്രാൻസ് മറ്റേറ്റയുടെ രണ്ടാംഗോളിൽ മുന്നിലെത്തി. പിന്നാലെ സൂപ്പർതാരം മൈക്കേൽ ഒലീസെ ജയമുറപ്പിച്ചു. 1984നുശേഷം ആദ്യസ്വർണമാണ് ഫ്രഞ്ചുകാർ ലക്ഷ്യമിടുന്നത്.
തുടർച്ചയായ രണ്ടാംഫൈനലിനാണ് സ്‌പെയ്‌ൻ യോഗ്യത നേടിയത്. മൊറോക്കോയെ 2–-1ന് തോൽപ്പിച്ചു. പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്. ടൂർണമെന്റിലെ ഗോൾവേട്ടക്കാരനായ സൂഫിയാനെ റഹീമിയിലൂടെ മൊറോക്കോ മുന്നിലെത്തി. ഫെർമിൻ ലൊപെസും ജുയാൻലു സാഞ്ചസും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..