പാരിസ്
ജമ്പിങ് പിറ്റിൽ നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ ജിയാൻമാർകോ ടംബേരി വേദനയോടെ മടങ്ങി. വൃക്കരോഗം വകവയ്‌ക്കാതെ ചാടാനിറങ്ങിയ മുപ്പത്തിരണ്ടുകാരൻ 11–-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2.22 മീറ്റർ ഉയരംമാത്രമാണ് താണ്ടാനായത്. പാരിസിൽ എത്തുന്നതിനുമുന്നേ അസുഖബാധിതനായിരുന്നു. മൂത്രാശയത്തിൽ കല്ല്. കടുത്ത വേദനയിലും ഒളിമ്പിക്‌സിൽനിന്ന് പിന്മാറിയില്ല. പിന്നാലെയാണ് വൃക്കരോഗം കണ്ടെത്തിയത്. ആശുപത്രിയിലായിരുന്നു പലപ്പോഴും. ടോക്യോയിൽ ഖത്തറിന്റെ മുതാസ് ബാർഷിമുമായി സ്വർണം പങ്കിട്ടത് ഒളിമ്പിക്‌സ് ചരിത്രത്തിലെ മനോഹരമായ കാഴ്‌ചയായിരുന്നു. ഇരുവരും 2.37 മീറ്റർ പിന്നിട്ടശേഷം അവസാനിപ്പിക്കുകയായിരുന്നു. മെഡൽ പങ്കിടാൻ തീരുമാനിച്ചു. ഇത്തവണ ബാർഷിമിന് വെങ്കലമുണ്ട്. ന്യൂസിലൻഡിന്റെ ഹാമിഷ് കെറിനാണ് (2.36 മീറ്റർ) സ്വർണം. അമേരിക്കയുടെ ഷെൽബി മക്വിൻ വെള്ളിയും നേടി. മക്വിനും 2.36 മീറ്റർ പിന്നിട്ടിരുന്നു. കെർ ആദ്യശ്രമത്തിൽ മറികടന്നതിനാൽ ചാമ്പ്യനായി. വേണമെങ്കിൽ മെഡൽ പങ്കിടാമായിരുന്നു. എന്നാൽ, ന്യൂസിലൻഡുകാരൻ അതിന് തയ്യാറായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..