20 December Friday

ഐ ലീഗ്‌ പുതിയ സീസൺ 22 മുതൽ ; ഐഎസ്‌എൽ 
ലക്ഷ്യമിട്ട്‌ ഗോകുലം

ജിജോ ജോർജ്‌Updated: Tuesday Nov 19, 2024


മലപ്പുറം
ഈ സീസണിൽ ഐ ലീഗിനായി ബൂട്ടുകെട്ടുമ്പോൾ ഗോകുലം കേരള എഫ്‌സിക്ക് ലക്ഷ്യം ഒന്നുമാത്രം; ചാമ്പ്യന്മാരായി ഇന്ത്യൻ സൂപ്പർ ലീഗ്‌ (ഐഎസ്‌എൽ) ഫുട്‌ബോളിലേക്ക് യോഗ്യത നേടുക. 2020-–-21, 2021–-22 ഐ ലീഗ് സീസണിൽ ഗോകുലം ചാമ്പ്യന്മാരായിരുന്നെങ്കിലും അന്ന് ഐഎസ്എൽ യോഗ്യതയുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് സീസൺമുതലാണ് ഐലീഗ് ചാമ്പ്യന്മാർക്ക്‌ ഐഎസ്എൽ അവസരമൊരുങ്ങിയത്‌.

മൈതാനത്ത് ശക്തമായ പോരാട്ടം കാഴ്‌വയ്ക്കാനാണ് ഗോകുലം ഒരുങ്ങുന്നത്‌. സ്‌പാനിഷ്‌ പരിശീലകനും താരങ്ങളും ടീമിന്റെ തുറുപ്പുചീട്ടാകുമെന്നാണ് പ്രതീക്ഷ. അന്റോണിയോ റുയ്ഡയാണ്‌ പരിശീലകൻ. ചർച്ചിൽ ബ്രദേഴ്‌സിന്റെ മുൻ പരിശീലകനാണ്‌. മുൻ ബാഴ്സലോണ താരവും സ്‌പാനിഷ് വിങ്ങറുമായ നാച്ചോ അബെലെഡോയാണ്‌ ശ്രദ്ധാകേന്ദ്രം. ബാഴ്സ ബി ടീമിനായി പന്ത് തട്ടിയ ഇരുപത്തെട്ടുകാരൻ മുതൽക്കൂട്ടാകുമെന്നാണ്‌ പ്രതീക്ഷ. സ്‌പാനിഷ്‌ മധ്യനിരക്കാരൻ സെർജിയോ ലാമാസാണ് മറ്റൊരു താരം. ബൊളീവിയയുടെ ഒന്നാംഡിവിഷനിലെ ഗ്വാബിറ ക്ലബ്ബിൽനിന്നാണ് ഈ മുപ്പത്തൊന്നുകാരന്റെ വരവ്‌. ഉറുഗ്വേ മധ്യനിരതാരം മാർട്ടിൻ ഷാവേസ് മറ്റൊരു വിദേശസാന്നിധ്യമാണ്. ചർച്ചിൽ, നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌, രാജസ്ഥാൻ യൂണൈറ്റഡ്‌ ടീമുകളിലും കളിച്ചിട്ടുണ്ട്. മാലി മുന്നേറ്റക്കാരൻ അദാമ നിയാനും ടീമുമായി കരാറിലായി. 2017ൽ ഫ്രാൻസ് സെക്കൻഡ്‌ ഡിവിഷനിൽ ടോപ് സ്‌കോററായിരുന്നു. മലയാളിതാരങ്ങളുടെയും ദേശീയതാരങ്ങളുടെയും വൻനിരയുണ്ട്‌. വി പി സുഹൈർ, സുസൈരാജ്‌, എമിൽ ബെന്നി, റിഷാദ്‌, ഷിബിൻ രാജ്‌, ബിബിൻ അജയൻ, സലം രഞ്ജൻ സിങ്‌, മഷൂർ ഷെരീഫ്‌ എന്നിവരാണ് പ്രമുഖർ.
ഗോകുലത്തിന്റെ മത്സരത്തോടെയാണ്‌ ഐ ലീഗ് കിക്കോഫ്‌. 22ന്‌ വൈകിട്ട്‌ 4.30ന് ഹൈദരാബാദിലെ ഡെക്കാൺ അരീനയിൽ ശ്രീനിധി ഡെക്കാണുമായാണ്‌ മത്സരം. പയ്യനാട് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ടീം നാളെ പുറപ്പെടും.

കോഴിക്കോട്‌ ഹോംഗ്രൗണ്ട്
ഗോകുലത്തിന്റെ ഹോംമാച്ചുകൾ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടക്കും. നേരത്തേ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലേക്ക്‌ മാറ്റിയിരുന്നു. എന്നാൽ, കോഴിക്കോട്ട്‌ കളിക്കാൻ ക്ലബ് താൽപ്പര്യം പ്രകടിപ്പിക്കുകയും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് കത്ത്‌ നൽകുകയും ചെയ്തു. 11 ഹോം മാച്ചുകളാണ്‌ ഇവിടെ നടക്കുക. ഡിസംബർ മൂന്നിന് രാത്രി ഏഴിന്‌ ഐസ്വാൾ എഫ്സിയും ഗോകുലവും  തമ്മിലാണ് ആദ്യമത്സരം. അവസാനത്തെ രണ്ടെണ്ണമൊഴികെ ഒമ്പത് മത്സരങ്ങളുടെ ഫിക്‌സ്‌ചറും തീരുമാനിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top