കോഴിക്കോട്
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി ഇന്ന് ഐസ്വാൾ എഫ്സിയെ നേരിടും. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. നിലവിൽ ഓരോ ജയവും സമനിലയുമായി നാല് പോയിന്റാണ് ഇരുടീമിനുമുള്ളത്. സ്വന്തം തട്ടകത്തിലെ ആദ്യമത്സരമാണ്.
ശ്രീനിധി ഡെക്കാനെ 3–-2ന് തോൽപ്പിച്ചാണ് സീസൺ തുടങ്ങിയത്. റിയൽ കശ്മീരുമായി 1–-1 സമനില. മലയാളിതാരം വി പി സുഹൈർ, ഉറുഗ്വേ താരം മാർട്ടിൻ ഷാവേസ് തുടങ്ങിയവരുള്ള മുന്നേറ്റ നിരയാണ് കരുത്ത്. ഗോളടിക്കുന്നതിനൊപ്പം ഗോൾ വഴങ്ങുന്നു എന്നതാണ് പ്രധാന വെല്ലുവിളി. ‘ആരാധകർക്കുമുന്നിലെ ആദ്യമത്സരമാണ്.
മികച്ച കളി അനുഭവത്തിനൊപ്പം വിജയവും സമ്മാനിക്കും’–- ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകൻ അന്റോണിയോ റുവേഡ പറഞ്ഞു. ആരാധകരുടെ വലിയ പിന്തുണ കരുത്താകുമെന്ന് വി പി സുഹൈറും പറഞ്ഞു. ‘മിസോറമിൽനിന്ന് തീർത്തും വ്യത്യസ്തമായ കാലാവസ്ഥയിൽ കളിക്കുകയെന്നത് വെല്ലുവിളിയാണ്. എങ്കിലും മുഴുവൻ കഴിവും പുറത്തെടുത്ത് വിജയം നേടും’–- ഐസ്വാൾ കോച്ച് വിക്ടർ പറഞ്ഞു. ഗ്യാലറിയിൽ വനിതകൾക്ക് പ്രവേശനം സൗജന്യമാണ്. 50 രൂപയാണ് ഗ്യാലറി ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 30 രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..