23 November Saturday

ഇയാന്‍ ഗില്ലന്‍ കലിക്കറ്റ് എഫ്‌സി മുഖ്യ പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

ഇയാന്‍ ഗില്ലന്‍, ബിബി തോമസ് സഹ പരിശീലകൻ

കോഴിക്കോട്> സൂപ്പർ ലീഗ് കേരള ടൂർണമെന്റിലെ കലിക്കറ്റ് ഫുട്‌ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ടീം മുൻ കോച്ച് ഇയാൻ ആൻഡ്രൂ ഗില്ലനെ നിയമിച്ചു. മുൻ അണ്ടർ 21 ഇന്ത്യൻ താരവും അണ്ടർ 16 ദേശീയ വനിതാ ടീം മുഖ്യ പരിശീലകനുമായിരുന്ന തൃശൂർ സ്വദേശി ബിബി തോമസ് മുട്ടത്താണ് സഹ പരിശീലകൻ.

ഓസ്‌ട്രേലിയൻ–-യുകെ പൗരനായ 58 വയസ്സുകാരൻ ഇയാൻ ഗില്ലൻ കാൽനൂറ്റാണ്ടായി പരിശീലന രംഗത്തുണ്ട്‌. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒടുവിൽ നേപ്പാളിലെ ലളിത്പൂർ സിറ്റി എഫ്‌സിയുടെ മുഖ്യ പരിശീലകനായിരുന്നു. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ‘എ' ലൈസൻസുണ്ട്‌.

46 കാരനായ ബിബി തോമസ് മംഗളൂരു എഫ്സിയുടെ ടെക്നിക്കൽ ഡയറക്ടറും സന്തോഷ് ട്രോഫി കർണാടക ടീമിന്റെ മുഖ്യ പരിശീലകനും 2023–--24ൽ സന്തോഷ് ട്രോഫി കേരള ടീമിന്റെ സെലക്ടറുമായിരുന്നു. ടീം ഫ്രാഞ്ചൈസി ഉടമ ഐബിഎസ് സോഫ്‌റ്റ്‌വയർ എക്‌സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസാണ്‌ പരിശീലകരെ പ്രഖ്യാപിച്ചത്‌.

5 മത്സരം ഹോം ഗ്രൗണ്ടിൽ

കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള ആറ്‌ ടീമുകളുമായി സൂപ്പർ ലീഗ് കേരള ടൂർണമെന്റ് സെപ്‌തംബറിൽ ആരംഭിക്കും. കോഴിക്കോട് കോർപറേഷൻ ഇ എം എസ്‌ സ്റ്റേഡിയമാണ് കലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട്. അഞ്ച് മത്സരങ്ങൾ ഇവിടെയുണ്ടാകും. സെമി ഫൈനലും ഫൈനലും ഒക്ടോബറിലാണ്‌. ഒന്നരക്കോടി രൂപയാണ് ടൂർണമെന്റിലെ സമ്മാനത്തുക. ആറ്‌ വിദേശ താരങ്ങളും ഒമ്പത്‌ ദേശീയ താരങ്ങളും കേരളത്തിൽനിന്നുള്ള കളിക്കാരുമടക്കം 25 പേരടങ്ങുന്നതാണ്‌ കലിക്കറ്റ് എഫ്സി ടീം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top