കോഴിക്കോട്
ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സി ഇന്ന് ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി ഗോവയെ നേരിടും. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കളി. ഇരുടീമുകളുടെയും നാലാം മത്സരമാണ്. നിലവിൽ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുള്ള ഗോകുലം ആറാമതാണ്. ഒന്നുവീതം സമനിലയും ജയവും തോൽവിയുമായി നാല് പോയിന്റുള്ള ചർച്ചിൽ ഏഴാമതും.
സ്വന്തം തട്ടകത്തിലെ ആദ്യമത്സരത്തിൽ ഐസ്വാളുമായി 1–-1 സമനിലയിൽ കുരുങ്ങിയ ഗോകുലത്തിന് രണ്ടാം ഹോം മാച്ചിൽ കാണികൾക്കുമുന്നിൽ വിജയം നേടിയേ മതിയാകൂ. സ്‌പാനിഷ് മധ്യനിരക്കാരായ ക്യാപ്‌റ്റൻ സെർജിയോ ലാമാസ്, അബലാഡോ, മലയാളി മുന്നേറ്റതാരം വി പി സുഹൈർ, ഉറുഗ്വേ സ്‌ട്രൈക്കർ മാർട്ടിൻ ഷാവേസ് തുടങ്ങിയവരാണ് മുന്നേറ്റത്തിൽ കരുത്ത്. അവസരങ്ങൾ സൃഷ്‌ടിക്കുന്നതിലെ മികവ് ഗോളടിയിൽക്കൂടി പുറത്തെടുക്കാനാകണം. ‘കഴിഞ്ഞ കളിയിൽ ജയിക്കാനായില്ല. എങ്കിലും ടീം പ്രകടനത്തിൽ സന്തുഷ്‌ടനാണ്. ചർച്ചിലിനെതിരെ വിജയം ഉറപ്പാക്കും’–- സ്‌പാനിഷുകാരനായ ഗോകുലം പരിശീലകൻ അന്റോണിയോ റുവേഡ പറഞ്ഞു. ഗ്യാലറിയിൽ 50 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് 30. സ്‌ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..