27 December Friday
ഇന്ന് നടക്കേണ്ടത് രണ്ട് മത്സരങ്ങൾ , ഗോകുലത്തിന് ശ്രീനിധി എതിരാളി

ഐ ലീഗ്‌ കിക്കോഫിൽ അനശ്‌ചിതത്വം ; ലൈവ്‌ തീരുമാനമാകാതെ കളി വേണ്ടെന്ന്‌ ക്ലബ്ബുകൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ഗോകുലം കേരള എഫ്സി താരങ്ങൾ പരിശീലനത്തിൽ



ഹൈദരാബാദ്‌
തത്സമയ സംപ്രേഷണത്തെചൊല്ലി ഐ ലീഗ്‌ ഫുട്‌ബോളിന്റെ കിക്കോഫിൽ അനശ്‌ചിതത്വം.  ഇന്ന്‌ വൈകിട്ട്‌ മുൻ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സിയും ശ്രീനിധി ഡെക്കാണും തമ്മിലാണ്‌ കിക്കോഫ്‌ നിശ്‌ചയിച്ചത്‌.  ഹൈദരാബാദിലെ ഡെക്കാൺ അരീനയിൽ വൈകിട്ട്‌ 4.30നാണ്‌ കളി. രാത്രി ഏഴിന്‌ ബംഗളൂരു സ്‌പോർടിങ്‌ ക്ലബിന്‌ ഇന്റർ കാശിയാണ്‌ എതിരാളി. എന്നാൽ കിക്കോഫിനുമുമ്പ്‌ സോണി നെറ്റ്‌വർക്കിനെ തത്സമയ സംപ്രേഷണം ഏൽപിച്ചില്ലെങ്കിൽ ഐ ലീഗ്‌ ബഹിഷ്‌കരിക്കുമെന്ന്‌ ക്ലബ്ബുകൾ സംയുക്തമായി വാർത്താകുറിപ്പിറക്കി. മികച്ച സംപ്രേഷണം ഇല്ലെങ്കിൽ അത്‌ തിരിച്ചടിയാവുമെന്നാണ്‌ ക്ലബ്ബുകളുടെ പരാതി.

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ കൊൽക്കത്ത ആസ്ഥാനമായ എസ്‌എസ്‌ഇഎൻ ആപ്പിനാണ്‌ സംപ്രേഷണാവകാശം നൽകിയത്‌. എന്നാൽ സോണിക്ക്‌ ചുമതല നൽകുമെന്നായിരുന്നു ക്ലബ്ബുകൾക്ക്‌ നൽകിയ വാഗ്‌ദാനം. ഇതിനെതിരെ ഫെഡറേഷൻ പ്രസിഡന്റ്‌ കല്യാൺ ചൗബെയ്‌ക്ക്‌ ക്ലബ്‌ ഉടമകൾ വീണ്ടും കത്തയച്ചു.
 എല്ലാ സംസ്ഥാനത്തും സൂപ്പർലീഗുകൾ തുടങ്ങാനുള്ള  ഫെഡറേഷന്റെ നീക്കം  ഐ ലീഗിനെ തകർക്കുമെന്നും ക്ലബ്ബുകൾ കരുതുന്നു. ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട്‌ സ്വീകരിക്കുന്ന നിഷേധാത്മകസമീപനത്തോടുള്ള എതിർപ്പാണ്‌ പരസ്യമാക്കിയത്‌. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്‌മ ചൂണ്ടിക്കാട്ടി വൻതുക പിഴയടിപ്പിക്കാനുള്ള നീക്കത്തിനെതിരെയും ക്ലബ്ബുകൾ പ്രതികരിച്ചു.

ഐ ലീഗ്‌ ജേതാക്കളായാൽ ഐഎസ്‌എൽ കളിക്കാമെന്നതാണ്‌ പ്രധാന ആകർഷണം. കഴിഞ്ഞതവണ കൊൽക്കത്ത മുഹമ്മദൻസായിരുന്നു ജേതാക്കൾ.  ശ്രീനിധി രണ്ടും ഗോകുലം മൂന്നും സ്ഥാനത്തായിരുന്നു. സ്‌പെയ്‌നിൽനിന്നുള്ള അന്റോണിയോ റുയ്‌ഡയ്‌ക്കുകീഴിൽ മൂന്നുമാസമായി ഗോകുലം കഠിനപരിശീലനത്തിലായിരുന്നു. മൂന്നാംകിരീടവും ഐഎസ്‌എൽ പ്രവേശനവുമാണ്‌ ലക്ഷ്യം. 24 അംഗ ടീമിൽ 11 മലയാളികളുണ്ട്‌. സ്‌പാനിഷ്‌ മധ്യനിര താരം സെർജിയോ ലാമാസാണ്‌ ക്യാപ്‌റ്റൻ. മലയാളി താരം റിഷാദാണ്‌ വൈസ്‌ക്യാപ്‌റ്റൻ. വിദേശതാരങ്ങൾക്കൊപ്പം വി പി സുഹൈർ, മൈക്കിൾ സൂസെരാജ്‌ എന്നീ പരിചയസമ്പന്നരുമുണ്ട്‌.

12 ടീമുകൾ
ഗോകുലം കേരള, ഐസ്വാൾ എഫ്‌സി, ചർച്ചിൽ ബ്രദേഴ്‌സ്‌, ഡെമ്പോ ഗോവ, ഡൽഹി എഫ്‌സി, ഇന്റർകാശി, നാംധാരി സ്‌പോർട്‌സ്‌ അക്കാദമി, രാജസ്ഥാൻ എഫ്‌സി, റിയൽ കാശ്‌മീർ, ഷില്ലോങ് ലജോങ്, സ്‌പോർട്ടിങ് ക്ലബ് ബംഗളൂരു, ശ്രീനിധി ഡെക്കാൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top