ബർലിൻ
ജർമൻ ഫുട്‌ബോളിലെ ഒരു പ്രതിഭകൂടി കുപ്പായം അഴിക്കുന്നു. മധ്യനിരക്കാരനും ക്യാപ്‌റ്റനുമായ ഇകായ് ഗുൺഡോഗൻ വിരമിക്കൽ പ്രഖ്യാപിച്ചു. യൂറോ കപ്പിനുശേഷം ദേശീയ ടീം വിടുന്ന മൂന്നാമത്തെ താരമാണ് മുപ്പത്തിമൂന്നുകാരൻ.
ടോണി ക്രൂസും തോമസ് മുള്ളറും ജർമൻ ടീമിനോട് വിടപറഞ്ഞിരുന്നു. 2011ൽ ബൽജിയത്തിനെതിരെയാണ് ഗുൺഡോഗന്റെ അരങ്ങേറ്റം. 82 കളിയിൽ ബൂട്ടിട്ടു. പരിക്ക് കാരണം 2014ൽ ലോകകപ്പ് ചാമ്പ്യൻമാരായ ജർമൻ നിരയിലുണ്ടായിരുന്നില്ല. ‘ക്യാപ്‌റ്റനായി ഉൾപ്പെടെ ഈ ടീമിനെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം. ഇതാണ് ശരിയായ സമയം’–- വിരമിക്കൽ തീരുമാനം അറിയിച്ച് ഗുൺഡോഗൻ പറഞ്ഞു.
ഇതിനിടെ ബാഴ്‌സലോണ ക്ലബ് വിടാനും ഗുൺഡോഗൻ തീരുമാനിച്ചു. കഴിഞ്ഞ സീസണിലാണ് മധ്യനിരക്കാരൻ സ്‌പാനിഷ് ക്ലബ്ബിലെത്തിയത്. എന്നാൽ, പ്രതീക്ഷിച്ച മികവ് പുലർത്താനായില്ല. 2026 വരെ കരാറുണ്ടെങ്കിലും തുടരാനില്ലെന്ന് ജർമൻകാരൻ ക്ലബ്ബിനെ അറിയിച്ചു. പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചെത്തിയേക്കും. സൗദി ക്ലബ്ബുകളും ഗുൺഡോഗനുപിന്നാലെയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..