17 September Tuesday

പുരുഷനെന്ന്‌ പറഞ്ഞ്‌ സൈബർ ആക്രമണം; ഇലോണ്‍ മസ്‌ക്, ജെ കെ റൗളിങ് എന്നിവർക്കെതിരെ പരാതി നൽകി ഇമാൻ ഖലീഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ജെ കെ റൗളിങ്, ഇമാൻ ഖലീഫ്‌, ഇലോണ്‍ മസ്‌ക്. PHOTO: Facebook

പാരിസ്‌ > ഇലോണ്‍ മസ്‌ക്, ജെ കെ റൗളിങ് എന്നിവർക്കെതിരെ പരാതി നൽകി പാരിസ്‌ ഒളിമ്പിക്‌സ്‌ ബോക്‌സിങ് വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇമാൻ ഖലീഫ്‌. ഇമാൻ പെണ്ണല്ലെന്നും പുരുഷനാണെന്നും ആരോപിച്ച്‌ യൂറോപ്യൻ മാധ്യമങ്ങളടക്കം വ്യാപക പ്രചാരണമായിരുന്നു പാരിസിൽ. ഈ പ്രചരണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമൈതിരെയാണ്‌ അൾജീരിയൻ താരം കോടതിയെ സമീപിച്ചിരിക്കുന്നത്‌.

ഇമാനെ അധിഷേപിച്ച്‌ അമേരിക്കന്‍ നീന്തല്‍ താരം റൈലി ഗെയ്ന്‍സിന്റെ പോസ്റ്റ് ടെസ്ല സിഇഒയും എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌ക് ഷെയര്‍ ചെയ്തിരുന്നു. പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി ജെ കെ റൗളിങ് ഇമാനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ഈ കാരണങ്ങളാലാണ്‌ ഇവർ രണ്ട്‌ പേരെയും ഉൾപ്പെടുത്തി ഇമാൻ കേസ്‌ ഫയൽ ചെയ്തിരിക്കുന്നത്‌. പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസിലെ പ്രത്യേക യൂണിറ്റിനാണ്‌ ഇമാന്‍ പരാതി നല്‍കിയത്.

പ്രീക്വാർട്ടറിൽ ഇറ്റലിയുടെ ഏഞ്ചല കാരിനിയെ 46 സെക്കൻഡുകൾകൊണ്ട്‌ ഇടിച്ചിട്ടതോടെയാണ്‌ ഇമാൻ ഖലീിനെതിരെയുള്ള വിദ്വേഷപ്രചാരണങ്ങൾക്ക്‌ തുടക്കമായത്‌. മത്സരശേഷം കാരിനി ഇമാനെ പെണ്ണല്ലെന്നും ഈ മത്സരം ന്യായമല്ലെന്നും ആരോപിച്ചു. പിന്നീടങ്ങോട്ട്‌ സമൂഹമാധ്യമങ്ങളിലും പാരിസിലെ വേദികളിലും ഇമാൻ അപമാനിക്കപ്പെട്ടു. എന്നാൽ ഇടിച്ചെടുത്ത സ്വർണ മെഡലിലുടെ ഇതിനെല്ലാം അൾജീരിയൻ താരം മറുപടി കൊടുത്തു. മെഡൽ നേട്ടത്തിന്‌ ശേഷം ഇമാന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാനും ഒരു പെണ്ണ്‌. വെറുപ്പ്‌ പടർത്തുന്നവരേ, നിങ്ങൾക്കുള്ള മറുപടിയാണ്‌ ഈ സ്വർണ മെഡൽ’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top