പെർത്ത്
ഗൗതം ഗംഭീറിന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും കടുത്ത പരീക്ഷണം നാളെമുതൽ. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ തുലാസിലായ ഇന്ത്യക്ക് ഓസ്‌ട്രേലിയയുടെ വെല്ലുവിളിയാണ് ഇനി. അഞ്ച് മത്സരമാണ് പരമ്പരയിൽ. പേസും ബൗൺസുമുള്ള പെർത്തിലാണ് നാളെ ആദ്യ ക്രിക്കറ്റ് ടെസ്‌റ്റ്.
രോഹിത് ശർമയുടെ അഭാവത്തിൽ പേസർ ജസ്‌പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുക. പരിക്കുകാരണം ശുഭ്‌മാൻ ഗില്ലും പുറത്തായി. വിരാട് കോഹ്‌ലിയാണ് നിലവിൽ ടീമിലെ ഏറ്റവും പരിചയസമ്പന്നൻ. കൂട്ടിന് കുറച്ച് യുവതാരങ്ങളാണ്. ദേവ്‌ദത്ത് പടിക്കലും ധ്രുവ് ജുറേലും അഭിമന്യു ഈശ്വരനും നിതീഷ് കുമാർ റെഡ്ഡിയുമെല്ലാം പെർത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞേക്കും. രോഹിതിന് പകരം ഓപ്പണറായി അഭിമന്യു എത്താനാണ് സാധ്യത. ഗില്ലിന് പകരം കെ എൽ രാഹുലിന് സാധ്യതയുണ്ട്. ദേവ്‌ദത്തും ജുറേലും ആർക്ക് പകരം ഇറങ്ങുമെന്ന് വ്യക്തമല്ല. ജുറേലിനെ മൂന്നാംനമ്പറിൽ കളിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. നിതീഷ് ബൗളിങ് ഓൾ റൗണ്ടറായിട്ടായിരിക്കും ഇടംപിടിക്കുക. പേസർ ഹർഷിത് റാണയും രംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..