22 December Sunday
ആദ്യ ടെസ്റ്റ്‌ പെർത്തിൽ , പരമ്പരയിൽ അഞ്ച് കളി

പെർത്തിലാരുടെ പട ; ഓസ്‌ട്രേലിയ–ഇന്ത്യ ടെസ്റ്റ്‌ പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

image credit bcci facebook

പെർത്ത്‌
ഒന്നരമാസംമുമ്പ്‌ കണ്ട ഇന്ത്യൻ ടീമല്ല ഇപ്പോൾ. എതിരാളികളെ തച്ചുതകർത്ത്‌ മുന്നേറിയിരുന്ന രോഹിത്‌ ശർമയും കൂട്ടരും ആത്മവിശ്വാസം നഷ്ടപ്പെട്ട ആൾക്കൂട്ടമായി മാറിയിരിക്കുന്നു. ഇന്ന്‌ ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മത്സര ബോർഡർ–ഗാവസ‍-്-കർ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ തുടക്കമാകുമ്പോൾ സമ്മർദത്തിന്റെ തീച്ചൂളയിലാണ്‌ ഇന്ത്യൻ ടീം. നയിക്കാൻ ഇന്ന് രോഹിതില്ല. മുൻനിര താരങ്ങളിൽ പലരും പരിക്കിൽ. ഒരുകൂട്ടം യുവതാരങ്ങൾ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസാധ്യത മങ്ങി. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോടേറ്റ സമ്പൂർണ പരാജയത്തിന്റെ ആഘാതം ഇതുവരെ വിട്ടുമാറിയിട്ടില്ല. രോഹിതും വിരാട്‌ കോഹ്‌ലിയും ആർ അശ്വിനും ഉൾപ്പെട്ട സുവർണതലമുറ അവരുടെ സായാഹ്നത്തിലാണ്‌. ഓസ്‌ട്രേലിയൻ മണ്ണിൽ അവസാന അരങ്ങായേക്കാം. 2018ലും 2021ലും ഓസീസ് തട്ടകത്തിൽ പരമ്പര ജയം നേടിയ ചരിത്രമാണ്‌ ഇന്ത്യയുടെ ആത്മവിശ്വാസം.

മറുവശത്ത്‌ ഓസീസിന്റെ പ്രതാപകാലത്തൊന്നുമല്ല ഇപ്പോഴത്തെ സംഘം. പക്ഷേ, പാറ്റ്‌ കമ്മിൻസ്‌ നയിക്കുന്ന ടീം നിലവിലെ ഇന്ത്യൻ ടീമിനെ തകർക്കാൻ കെൽപ്പുള്ളവരാണ്‌. കമ്മിൻസ്‌ നയിക്കുന്ന പേസ്‌ നിരതന്നെയാണ്‌ അതിൽ പ്രധാനം. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പിന്തള്ളി ഒന്നാമതാണ്‌ ഓസീസ്‌. ഇന്ത്യക്ക്‌ ഫൈനലിൽ കടക്കണമെങ്കിൽ പരമ്പര 4–-1നെങ്കിലും ജയിക്കണം.  രോഹിത്‌ വ്യക്തിഗത കാരണങ്ങളാൽ വിട്ടുനിൽക്കുകയാണ്‌. പേസർ ജസ്‌പ്രീത്‌ ബുമ്രയാണ്‌ ഇന്ത്യയെ നയിക്കുക. ഇരുഭാഗത്തും പേസർമാരാണ് നയിക്കുന്നത്.

ശുഭ്‌മാൻ ഗിൽ പരിക്കുകാരണം കളിച്ചേക്കില്ല. ഓപ്പണറായി കെ എൽ രാഹുലും യശസ്വി ജയ്‌സ്വാളുമെത്തും. മൂന്നാംനമ്പറിൽ ദേവ്‌ദത്ത്‌ പടിക്കലായിരിക്കും. പരിചയസമ്പന്നനായ വിരാട്‌ കോഹ്‌ലി നാലാംനമ്പറിൽ. ഋഷഭ്‌ പന്ത്‌, ധ്രുവ്‌ ജുറേൽ എന്നിവർക്കൊപ്പം ഓൾ റൗണ്ടർമാരായി നിതീഷ്‌ കുമാർ റെഡ്ഡിയും ആർ അശ്വിനുമുണ്ടാകും. അശ്വിൻമാത്രമാകും ടീമിലെ സ്‌പിന്നർ. ബുമ്രയ്‌ക്കൊപ്പം പേസ്‌ നിരയിൽ ഹർഷിത്‌ റാണയ്‌ക്കും മുഹമ്മദ്‌ സിറാജിനുമാണ്‌ സാധ്യത. ആകാശ്‌ ദീപ്‌, പ്രസിദ്ധ്‌ കൃഷ്ണ എന്നിവരും പരിഗണനയിലുണ്ട്‌.

വലിയ ബാറ്റിങ്‌ നിരയുണ്ടെങ്കിലും ഓസീസിന്റെ പല ബാറ്റർമാരും സമീപകാലത്ത്‌ മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല. സ്റ്റീവൻ സ്‌മിത്തിന്റെ ഈ ചാമ്പ്യൻഷിപ്‌ കാലയളവിലെ ബാറ്റിങ്‌ ശരാശരി മുപ്പത്താറാണ്‌. മാർണസ്‌ ലബുഷെയ്‌നിന്റേത്‌ മുപ്പതിൽ താഴെ. ട്രാവിസ്‌ ഹെഡിന്റേത്‌ 28ഉം. ഉസ്‌മാൻ ഖവാജയാണ്‌ സ്ഥിരത നിലനിർത്തുന്ന ബാറ്റർ. വാലറ്റത്ത്‌ അലെക്‌സ്‌ കാരിയും ക്യാപ്‌റ്റൻ കമ്മിൻസുമുണ്ട്‌. പേസ്‌ നിര സമ്പന്നം. കമ്മിൻസും മിച്ചെൽ സ്റ്റാർക്കും ജോഷ്‌ ഹാസെൽവുഡും അണിനിരക്കുന്ന പേസ്‌ ത്രയം ഏതൊരു ബാറ്റിങ്‌ നിരയ്‌ക്കും ചങ്കിടിപ്പുണ്ടാക്കും.

ഇന്ത്യയുടെ സാധ്യതാ ടീം: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ദേവ്‌ദത്ത്‌ പടിക്കൽ, വിരാട്‌ കോഹ്‌ലി, ഋഷഭ്‌ പന്ത്‌, ധ്രുവ്‌ ജുറേൽ, ആർ അശ്വിൻ, നിതീഷ്‌ കുമാർ റെഡ്ഡി, ഹർഷിത്‌ റാണ/പ്രസിദ്ധ്‌ കൃഷ്‌ണ, മുഹമ്മദ്‌ സിറാജ്‌/ആകാശ്‌ ദീപ്‌, ജസ്‌പ്രീത്‌ ബുമ്ര.

ഓസ്‌ട്രേലിയ: ഉസ്‌മാൻ ഖവാജ, നതാൻ മക്‌സ്വീനി, മാർണസ്‌ ലബുഷെയ്‌ൻ, സ്റ്റീവൻ സ്‌മിത്ത്‌, ട്രാവിസ്‌ ഹെഡ്‌, മിച്ചെൽ മാർഷ്‌, അലെക്‌സ്‌ കാരി, മിച്ചെൽ സ്റ്റാർക്‌, പാറ്റ്‌ കമ്മിൻസ്‌, നതാൻ ല്യോൺ, ജോഷ്‌ ഹാസെൽവുഡ്‌.
 

അശ്വിന്‌ 
സാധ്യത
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യക്കായി ഓഫ്‌ സ്‌പിന്നർ ആർ അശ്വിൻ കളിക്കാൻ സാധ്യത. ഇന്ത്യൻ ടീമിനൊപ്പം അഞ്ചാംപര്യടത്തിനെത്തുന്ന അശ്വിൻ പെർത്തിൽ ഇതുവരെ കളിച്ചിട്ടില്ല. പേസിനെ തുണയ്‌ക്കുന്ന പിച്ചിൽ നാല്‌ പേസർമാരെയാണ്‌ ഇന്ത്യ പരീക്ഷിക്കാറുള്ളത്‌. ഇന്ന്‌ ടീമിലെ ഏക സ്‌പിന്നറാകും മുപ്പത്തെട്ടുകാരൻ.വിദേശ പിച്ചുകളിൽ അശ്വിനേക്കാൾ രവീന്ദ്ര ജഡേജയ്‌ക്കായിരുന്നു അവസരം കിട്ടിയിരുന്നത്‌. എന്നാൽ, ഇക്കുറി മുപ്പത്തിനാലുകാരനെ പരിഗണിക്കാൻ സാധ്യതയില്ല. ഓസീസ്‌ മണ്ണിൽ അശ്വിന്‌ മികച്ച റെക്കോഡില്ല. പത്ത്‌ ടെസ്‌റ്റിൽ നേടാനായത്‌ 39 വിക്കറ്റാണ്‌.

രോഹിത്‌ 24ന്‌ 
ടീമിനൊപ്പം 
ചേരും
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്‌റ്റിൽനിന്ന്‌ വിട്ടുനിൽക്കുന്ന ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമ 24ന്‌ ടീമിനൊപ്പം ചേരും. ആദ്യ ടെസ്‌റ്റിന്റെ മൂന്നാംദിനമാണ്‌ ക്യാപ്‌റ്റനെത്തുക. രണ്ടാംടെസ്‌റ്റിൽ രോഹിത്‌ കളിക്കും. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ്‌ മുപ്പത്തേഴുകാരൻ വിട്ടുനിന്നത്‌. ഇന്ത്യ എ ടീമിനൊപ്പം സന്നാഹമത്സരത്തിലും ക്യാപ്‌റ്റൻ കളിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top