27 December Friday

പെർത്തിൽ ചരിത്രം ; ഇന്ത്യക്ക് 
ഓസീസ്‌ 
മണ്ണിലെ 
വമ്പൻജയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

image credit bcci facebook

പെർത്ത്‌
എല്ലാ തിരിച്ചടികൾക്കുംശേഷം പെർത്തിലെ ഒപ്‌ടസ്‌ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ ഉയിർപ്പ്‌. ഓസ്‌ട്രേലിയയുടെ പേസ്‌ പറുദീസയായ പെർത്തിൽ 295 റണ്ണിന്റെ കൂറ്റൻ ജയമാണ്‌ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ നേടിയത്‌. സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനോട്‌ മൂന്ന്‌ ടെസ്‌റ്റും തോറ്റ്‌ അപമാനത്തിന്റെ പടുകുഴിയിലായ ഇന്ത്യൻ ടീമിന്റെ മനോഹരമായ തിരിച്ചുവരവുകളിലൊന്നായി ഇത്‌. ആദ്യ ഇന്നിങ്‌സിൽ വെറും 150 റണ്ണിന്‌ കൂടാരം കയറിശേഷമായിരുന്നു ഈ ചരിത്ര ജയം. ഇതോടെ അഞ്ച്‌ മത്സര പരമ്പരയിൽ 1–-0ന്‌ മുന്നിലെത്താനും കഴിഞ്ഞു.

സ്‌കോർ: ഇന്ത്യ 150, 487/6 ഡി.; ഓസ്‌ട്രേലിയ 104, 238.

പേസിന്‌, പേസ്‌ കൊണ്ടുള്ള മറുപടിയായിരുന്നു ആദ്യം. പിന്നെ ബാറ്റിൽ റൺ നിറച്ചു. ഒടുവിൽ മാനസികമായ തകർന്ന ഓസീസിനെ തല ഉയർത്താൻ പോലും അനുവദിക്കാനാകാതെ അടിച്ചുവീഴ്‌ത്തി. ഇതായിരുന്നു പെർത്തിൽ പകരക്കാരൻ ക്യാപ്‌റ്റൻ ജസ്‌പ്രീത്‌ ബുമ്രയുടെയും കൂട്ടരുടെയും പദ്ധതി. ക്യാപ്‌റ്റൻതന്നെ മുന്നിൽനിന്നു. രണ്ട്‌ ഇന്നിങ്‌സിലുമായി എട്ട്‌ വിക്കറ്റ്. ആദ്യ ഇന്നിങ്‌സിൽ അഞ്ച്‌, രണ്ടാം ഇന്നിങ്‌സിൽ മൂന്ന്‌. മാൻ ഓഫ്‌ ദി മാച്ച്‌ പുരസ്‌കാരവും മറ്റാർക്കുമായിരുന്നില്ല.
534 റൺ ലക്ഷ്യവുമായി നാലാംദിനം കളത്തിലിറങ്ങുമ്പോൾ 12 റണ്ണിന്‌ മൂന്ന്‌ വിക്കറ്റ്‌ ഓസീസ്‌ നഷ്ടമായിരുന്നു. നാലാംദിനവും മാറ്റമുണ്ടായില്ല. ട്രാവിസ്‌ ഹെഡും (101 പന്തിൽ 89) മിച്ചെൽ മാർഷും (67 പന്തിൽ 47) പൊരുതിനോക്കി. കളി അവസാന ഘട്ടത്തിലേക്ക്‌ നീട്ടാനായത്‌ മാത്രം മിച്ചം. 238 റണ്ണിനാണ്‌ കൂടാരം കയറിയത്‌. ബുമ്രയ്‌ക്കൊപ്പം മൂന്ന്‌ വിക്കറ്റുമായി മുഹമ്മദ്‌ സിറാജും ജയത്തിൽ നിർണായക പങ്ക്‌ വഹിച്ചു. സ്‌പിന്നർ വാഷിങ്‌ടൺ സുന്ദർ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി. തുടക്കക്കാരായ ഹർഷിത്‌ റാണയും നിതീഷ്‌ കുമാർ റെഡ്ഡിയും ഓരോ വിക്കറ്റ്‌ എടുത്തു. നാലാംദിനം തുടക്കത്തിൽതന്നെ സിറാജ് ഓസീസിനെ ഞെട്ടിച്ചു. സ്‌കോർ 17 റൺ നിൽക്കെ ഉസ്‌മാൻ ഖവാജയെ (4) സിറാജ്‌ വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിന്റെ കൈയിലെത്തിച്ചു.

സ്‌റ്റീവൻ സ്‌മിത്തും ഹെഡും ചേർന്ന്‌ ഓസീസിനെ കരകയറ്റാൻ ശ്രമിച്ചു. 62 റണ്ണാണ്‌ ഈ സഖ്യം നേടിയത്‌. ആദ്യ ഇന്നിങ്‌സിൽ ആദ്യ പന്തിൽ പുറത്തായ സ്‌മിത്ത്‌ രണ്ടാം ഇന്നിങ്‌സിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മുന്നേറിയില്ല. 17 റണ്ണെടുത്ത സ്‌മിത്തിനെ സിറാജ്‌ വീഴ്ത്തി. ഹെഡ്‌ ഒരറ്റത്ത്‌ തകർപ്പൻ ഷോട്ടുകളുമായി മുന്നേറി. മിച്ചെൽ മാർഷുമായി ചേർന്ന്‌ വേഗത്തിൽ റണ്ണടിച്ചു. 87 പന്തിൽ 82 റണ്ണാണ്‌ നേടിയത്‌. സെഞ്ചുറിയിലേക്ക്‌ നീങ്ങുകയായിരുന്ന ഹെഡിനെ ബുമ്ര തകർപ്പൻ പന്തിൽ പുറത്താക്കിയതോടെ ഓസീസിന്റെ ചെറുത്തുനിൽപ്പ്‌ അവസാനിച്ചു. മാർഷിനെ നിതീഷും മടക്കി. അലെക്‌സ്‌ കാരിയുടെ (36) കുറ്റിപിഴുത്‌ ഹർഷിത്‌ ജയം പൂർത്തിയാക്കി.ക്യാപ്‌റ്റൻ രോഹിത്‌ ശർമയും ശുഭ്‌മാൻ ഗില്ലും അടുത്ത ടെസ്‌റ്റിൽ തിരിച്ചെത്തും. ഡിസംബർ ആറിന്‌ കാൻബെറയിലാണ്‌ രണ്ടാം ടെസ്‌റ്റ്‌. പകൽ–രാത്രി മത്സരമാണിത്. ഇതിന് മുന്നോടിയായി ഈ മാസം30ന്‌ സന്നാഹ മത്സരമുണ്ട്‌ ഇന്ത്യക്ക്‌. ആകെ അഞ്ച്‌ ടെസ്‌റ്റാണ്‌ പരമ്പരയിൽ.

ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ഇന്ത്യ വീണ്ടും ഒന്നാമത്‌
ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ പോയിന്റ്‌ പട്ടികയിൽ ഇന്ത്യ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി. ന്യൂസിലൻഡിനോട്‌ മൂന്ന്‌ കളിയും തോറ്റതോടെ രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയായിരുന്നു ഒന്നാമത്‌. തോൽവിയോടെ ഓസീസ്‌ രണ്ടാമതായി. ഇതുവരെ ഒരു ടീമും ഫൈനൽ ഉറപ്പിച്ചിട്ടില്ല. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകൾ ശക്തമായി രംഗത്തുണ്ട്‌. ഓസീസിനെതിരെ 4–-1ന്‌പരമ്പര നേടിയാൽ ഇന്ത്യക്ക്‌ ഫൈനലിലെത്താം.

ഇന്ത്യക്ക് 
ഓസീസ്‌ 
മണ്ണിലെ 
വമ്പൻജയം
ഓസ്‌ട്രേലിയൻ മണ്ണിലെ ഏറ്റവും വലിയ ജയമാണ്‌ ഇന്ത്യ കുറിച്ചത്‌. ഓസീസാകട്ടെ പെർത്തിലെ ഒപ്‌ടസ്‌ സ്‌റ്റേഡിയത്തിലെ ആദ്യ തോൽവി വഴങ്ങി. കഴിഞ്ഞ നാല്‌ ടെസ്‌റ്റിലും ജയമായിരുന്നു. സ്വന്തം തട്ടകത്തിൽ 40 വർഷത്തിനിടെ റണ്ണടിസ്ഥാനത്തിൽ വഴങ്ങുന്ന രണ്ടാമത്തെ വലിയ തോൽവിയാണിത്‌. 2012ൽ ദക്ഷിണാഫ്രിക്കയോടുള്ള 309 റൺ തോൽവിയാണ് പട്ടികയിൽ ഒന്നാമത്‌. വിദേശമണ്ണിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ ജയമാണിത്‌. വെസ്‌റ്റിൻഡീസിനെതിരെ ആൻന്റിഗ്വയിൽ 2019ൽ നേടിയ 318 റൺ ജയമാണ്‌ ഒന്നാമത്‌. ശ്രീലങ്കയോട്‌ ഗാല്ലെയിൽ 2017ൽ നേടിയ 304 റൺ ജയം രണ്ടാമതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top