29 December Sunday

ജസ്പ്രീത് ബുമ്ര: 
കളംപിടിച്ച ക്യാപ്‌റ്റൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

image credit bcci facebook


പെർത്ത്‌
ബോർഡർ–-ഗാവസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്‌ ഇറങ്ങുമ്പോൾ ഇന്ത്യ ആത്മവിശ്വാസത്തിലായിരുന്നില്ല. പ്രതികൂല ഘടകങ്ങളായിരുന്നു കൂടുതലും. ന്യൂസിലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ മൂന്ന്‌ ടെസ്‌റ്റും തോറ്റതിന്റെ ക്ഷീണം വലുതായിരുന്നു. ക്യാപ്‌റ്റൻ രോഹിത്‌ ശർമ, ബാറ്റർ ശുഭ്‌മാൻ ഗിൽ എന്നിവർ ഒന്നാം ടെസ്‌റ്റിനുള്ള ടീമിലുണ്ടായില്ല. ഓസീസ്‌ മണ്ണിൽ മികച്ച റെക്കോഡുള്ള മുഹമ്മദ്‌ ഷമിയുമില്ല. പെർത്ത്‌ പിച്ച്‌ ഓസീസ്‌ പേസർമാർക്കുവേണ്ടി ഒരുക്കിയതായിരുന്നു.

പക്ഷേ, നാലുദിനംകൊണ്ട്‌ എല്ലാം മാറി. ഓസീസിന്റെ പെരുങ്കോട്ടയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതി. 295 റണ്ണിന്റെ ജയം. ജസ്‌പ്രീത്‌ ബുമ്രയെന്ന ക്യാപ്റ്റനും ബൗളറും ഒന്നായി മാറിയപ്പോൾ ഓസീസ്‌ ചിത്രത്തിലുണ്ടായില്ല. ഓസീസ്‌ ഏകപക്ഷീയമായി അഞ്ച്‌ മത്സര പരമ്പര സ്വന്തമാക്കുമെന്ന് പ്രവചിച്ച വിദഗ്‌ധരെ ഞെട്ടിച്ചാണ്‌ ഇന്ത്യ പുതിയ പോർമുഖം തുറന്നത്‌. അതിനൊത്ത നായകനായി ബുമ്ര. രണ്ട്‌ ഇന്നിങ്‌സിലുമായി എട്ട്‌ വിക്കറ്റ്‌ നേടിയ കളിയുടെ കടിഞ്ഞാൺ പിടിച്ച നായകൻ.
ബൗൺസിനും പേസിനും പേരുകേട്ടതാണ്‌ പെർത്തിലെ പിച്ച്‌. ഓസീസിന്‌ പാറ്റ്‌ കമ്മിൻസ്‌–-മിച്ചെൽ സ്‌റ്റാർക്‌–-ജോഷ്‌ ഹാസെൽവുഡ്‌ പേസ്‌ ത്രയം. ഇന്ത്യയുടെ ബൗളിങ്‌ നിരയിൽ അഞ്ചുപേരിൽ രണ്ടുപേർ ടെസ്‌റ്റിൽ ഇതുവരെ അരങ്ങേറ്റംപോലും കുറിക്കാത്തവർ. ബാറ്റിങ്‌ നിരയാകട്ടെ ആദ്യദിനം ചായക്ക്‌ പിരിയുംമുമ്പ്‌ 150 റണ്ണിന്‌ പുറത്താകുകയും ചെയ്‌തു.

ക്യാപ്‌റ്റൻ കുപ്പായത്തിൽ ബുമ്രയുടെ രണ്ടാം ടെസ്‌റ്റായിരുന്നു ഇത്‌. ആദ്യത്തേതിൽ ഇംഗ്ലണ്ടിനെതിരെ തോൽവിയായിരുന്നു ഫലം. അന്ന്‌ ബുമ്ര പറഞ്ഞു ‘എല്ലാ കളിക്കാരും അവരുടെ കഴിവിൽ വിശ്വസിച്ചിരുന്നുവെങ്കിൽ നമ്മൾ തോൽക്കില്ലായിരുന്നു’.പെർത്തിൽ ഇടവേളയ്‌ക്കുശേഷമുള്ള ആദ്യ ഓവറുകളിൽ ക്യാപ്‌റ്റൻ തീതുപ്പുന്ന പന്തുകളിൽ നയം വ്യക്തമാക്കി. സഹതാരങ്ങളോട്‌ പറയാതെ പറഞ്ഞു. ബുമ്രയെന്ന ക്യാപ്‌റ്റൻ ബുമ്രയെന്ന ബൗളറെ ഓരോതവണയും തന്ത്രപരമായി അവതരിപ്പിച്ചു.

ഓസീസ്‌ 32/5 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തിയ ഘട്ടം. ബുമ്രയുടെ ആദ്യ സ്‌പെൽ മാരകമായിരുന്നു. രണ്ട്‌ പന്തുകൾക്കിടയിൽ ഓസീസിന്റെ 47 സെഞ്ചുറികളുടെ പരിചയസമ്പത്തിനെയാണ്‌ മുപ്പതുകാരൻ പിഴുതെടുത്തത്‌. ഉസ്‌മാൻ ഖവാജയും സ്‌റ്റീവൻ സ്‌മിത്തുമായിരുന്നു ആ ബാറ്റർമാർ. ഒന്നാം ഇന്നിങ്‌സിൽ ഓസീസ്‌ 104ന്‌ കൂടാരം കയറിയപ്പോൾത്തന്നെ ഇന്ത്യ പ്രതീക്ഷയിലായി.

കൂറ്റൻ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന്‌ എത്തിയ ഓസീസിന്‌ പിടച്ചുനിൽക്കാനുള്ള പ്രതീക്ഷ ഒരു ഘട്ടത്തിലുമുണ്ടായില്ല. എന്നാൽ ട്രാവിസ്‌ ഹെഡിന്റെ ഒറ്റയാൾ പോരാട്ടം ഇന്ത്യയുടെ വിജയനിമിഷത്തെ അഞ്ചാംദിനത്തിലേക്ക്‌ നീട്ടുമെന്ന തോന്നലുണ്ടാക്കി. ആധികാരികമായിട്ടായിരുന്നു ഇടംകൈയൻ ഇന്ത്യൻ ബൗളിങ്‌ നിരയെ നേരിട്ടത്‌.

ഒരിക്കൽക്കൂടി ബുമ്രയെന്ന ക്യാപ്‌റ്റൻ ബുമ്രയെന്ന ബൗളറെ കൊണ്ടുവന്നു. ഹെഡിന്റെ പുറത്താകൽ രീതി മനസിലാക്കി. ദൗർബല്യം തിരിച്ചറിഞ്ഞു. ഓഫ്‌ സ്‌റ്റമ്പിന്‌ പുറത്ത്‌ തീരെ വിടവ്‌ നൽകാതെ പന്തെറിയുകയായിരുന്നു ലക്ഷ്യം. ആദ്യശ്രമം ബൗൺസറിൽ കലാശിച്ചു. വൈഡ്‌ ഫോറായി. അടുത്തതിൽ ഹെഡ്‌ വീണു. പന്ത്‌ ബൗണ്ടറിയിലേക്ക്‌ പായിക്കാൻ തോന്നിക്കുന്ന രീതിയിലാണ്‌ എത്തിയത്‌. ആ കെണിയിൽ ഹെഡിന്‌ ഉത്തരമുണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top