25 December Wednesday
സ്ഥിരതയില്ലാത്ത ബാറ്റിങ്‌ 
ഇന്ത്യക്ക്‌ തിരിച്ചടി

മെൽബൺ 
മുഴങ്ങുമോ... ഇന്ത്യ x ഓസ്‌ട്രേലിയ നാലാം ടെസ്‌റ്റ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

videograbbed image bcci facebook

മെൽബൺ
ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഭാവി നാളെ വ്യക്തമാകും. ബോർഡർ ഗാവസ്‌കർ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ നാലാംടെസ്‌റ്റിന്‌ നാളെ  മെൽബണിലാണ്‌ തുടക്കം. അഞ്ച്‌ മത്സര പരമ്പരയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ കളി ജയിച്ചു. ഒരെണ്ണം സമനിലയായി. ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ പോയിന്റ്‌ പട്ടികയിൽ ഇന്ത്യ നിലവിൽ മൂന്നാമതാണ്‌. നാലാംടെസ്‌റ്റിൽ ജയിച്ചാൽ ഫൈനൽ പ്രതീക്ഷ നിലനിർത്താം. മറിച്ചായാൽ കടുക്കും. ദക്ഷിണാഫ്രിക്ക ഒന്നാമതുനിൽക്കുന്ന പട്ടികയിൽ ഓസീസാണ്‌ രണ്ടാമത്‌.

പെർത്തിൽ ഗംഭീരമായി തുടങ്ങിയ ഇന്ത്യക്ക്‌ അഡ്‌ലെയ്‌ഡിൽ പിഴച്ചു. ഗാബയിലെ മൂന്നാംടെസ്‌റ്റിൽ മഴയാണ്‌ കാത്തത്‌. ബാറ്റിങ്‌ നിരയുടെ മോശം പ്രകടനമാണ്‌ ഇന്ത്യയെ വലയ്‌ക്കുന്നത്‌. ക്യാപ്‌റ്റൻ രോഹിത്‌ ശർമ തീർത്തും മങ്ങി. ആദ്യ ടെസ്‌റ്റിൽ കളിക്കാതിരുന്ന രോഹിത്‌ അടുത്ത രണ്ട്‌ മത്സരങ്ങളിലും മോശം പ്രകടനമാണ്‌ പുറത്തെടുത്തത്‌. അഞ്ച്‌ ഇന്നിങ്‌സിൽ ഒരു സെഞ്ചുറിയാണ്‌ വിരാട്‌ കോഹ്‌ലിയെ രക്ഷപ്പെടുത്തിയത്‌. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ സ്ഥിതിയും സമാനം. ഇരുവർക്കും ശേഷിച്ച ഇന്നിങ്‌സുകളിലൊന്നും മികവ്‌ നിലനിർത്താനായില്ല. ശുഭ്‌മാൻ ഗില്ലും പരാജയമാണ്‌. ഓസീസ്‌ മണ്ണിൽ മികച്ച പ്രകടനം നടത്താറുള്ള വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിനും ഇക്കുറി തിളക്കമില്ല. കെ എൽ രാഹുലും ഓൾ റൗണ്ടർ നിതീഷ്‌ റെഡ്ഡിയും മാത്രമാണ്‌ സ്ഥിരത കാട്ടുന്നത്‌.

ബൗളർമാരിൽ പേസർ ജസ്‌പ്രീത്‌ ബുമ്രയ്‌ക്ക്‌ അധിക ഭാരമാണ്‌. മുഹമ്മദ്‌ സിറാജിനും ആകാശ്‌ ദീപിനും മികച്ച പിന്തുണ നൽകാനാകുന്നില്ല. സ്‌പിന്നറായി രവീന്ദ്ര ജഡേജ തുടരും. അഡ്‌ലെയ്‌ഡിൽ ബാറ്റ്‌ കൊണ്ട്‌ ജഡേജ തിളങ്ങിയിരുന്നു. ആർ അശ്വിൻ വിരമിച്ച സാഹചര്യത്തിൽ ടീമിലെത്തിയ തനുഷ്‌ കോട്ടിയാൻ കളിക്കാൻ സാധ്യതയില്ല. മറുവശത്ത്‌ പത്തൊമ്പതുകാരൻ സാം കോൺസ്‌റ്റാസ്‌ നാളെ ഓസീസ്‌ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കും. അതേസമയം ഇടംകൈയൻ ബാറ്റർ ട്രാവിസ്‌ ഹെഡ്‌ കളിക്കുന്ന കാര്യത്തിൽ സംശയമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top