മെൽബൺ
നിതീഷ് കുമാർ റെഡ്ഡിയുടെയും വാഷിങ്‌ടൺ സുന്ദറിന്റെയും അസാമാന്യ പ്രതിരോധത്തിൽ ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ കരകയറി. മൂന്നാംദിനം ഒന്നാം ഇന്നിങ്‌സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റണ്ണെടുത്തു. കന്നി സെഞ്ചുറിയുമായി തിളങ്ങിയ നിതീഷ് 176 പന്തിൽ 105 റണ്ണുമായി ക്രീസിലുണ്ട്. മഴ കാരണം മൂന്നാംദിനത്തെ കളി നിർത്തുമ്പോൾ രണ്ടു റണ്ണുമായി മുഹമ്മദ് സിറാജാണ് കൂട്ട്. 116 റൺ പിന്നിലാണ് ഇന്ത്യ. ഓസീസ് ഒന്നാം ഇന്നിങ്‌സിൽ 474 റണ്ണാണെടുത്തത്.
ആറിന് 191 റണ്ണെന്ന നിലയിൽ ഫോളോ ഓൺ ഭീഷണിയിൽ നിൽക്കുമ്പോഴാണ് നിതീഷ് കളത്തിൽ എത്തുന്നത്. 221ൽവച്ച് ഏഴാംവിക്കറ്റും നഷ്ടമായി. സുന്ദർ മികച്ച കൂട്ടായി. എട്ടാം വിക്കറ്റിൽ 127 റണ്ണാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 227 പന്ത് നേരിട്ടു. സുന്ദർ 162 പന്തിൽ 50 റണ്ണെടുത്തു. അർധസെഞ്ചുറി പൂർത്തിയാക്കിയതിനുപിന്നാലെ സുന്ദറിനെ നതാൻ ല്യോൺ പുറത്താക്കി.
ഇടയ്‌ക്ക് മഴ കളി തടസ്സപ്പെടുത്തി. നിതീഷ് 119 പന്തിൽ 85 റണ്ണെടുത്തുനിൽക്കെയാണ് മെൽബണിൽ മഴയെത്തുന്നത്. മഴമാറി തിരിച്ചെത്തുമ്പോഴേക്കും ഓസീസ് പേസർമാർ വെടിമരുന്ന് നിറച്ചിരുന്നു. അടുത്ത 12 റണ്ണെടുക്കാൻ നിതീഷിന് 48 പന്ത് വേണ്ടിവന്നു. സ്‌കോർ 97ൽവച്ച് ബോളണ്ടിനെ ബൗണ്ടറി പായിക്കാനാണ് ശ്രമിച്ചത്. ആ ഓവറിലെ അവസാന പന്തായിരുന്നു. ഒഴിഞ്ഞ സ്ഥലത്ത് വീണ പന്തെടുക്കുമ്പോഴേക്കും നിതീഷും ബുമ്രയും രണ്ടു റൺ പൂർത്തിയാക്കിയിരുന്നു. രണ്ടാമത്തെ റൺ പൂർത്തിയാക്കുമ്പോൾ അബദ്ധം സംഭവിച്ചപോൽ നിതീഷ് തലയിൽ കൈവച്ചുപോയി. എങ്കിലും കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഓവറിൽ സെഞ്ചുറി പൂർത്തിയാക്കി. ഒരു സിക്‌സറും പത്ത് ഫോറുമായിരുന്നു ഇന്നിങ്‌സിൽ. അഞ്ചിന് 164 റണ്ണെന്ന നിലയിൽ മൂന്നാംദിനം കളി തുടങ്ങിയ ഇന്ത്യക്ക് ഋഷഭ് പന്തിനെയും (28) രവീന്ദ്ര ജഡേജയെയും (17) പെട്ടെന്ന് നഷ്ടമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..