26 December Thursday

മുന്നിൽ പരമ്പര ; ഇന്ത്യ ബംഗ്ലാദേശ്‌ രണ്ടാം ട്വന്റി20 ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

image credit bcci facebook


ന്യൂഡൽഹി
ടെസ്‌റ്റ്‌ പരമ്പരയ്‌ക്കുപിന്നാലെ ട്വന്റി20യും സ്വന്തമാക്കാൻ ഇന്ത്യ. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്നാണ്‌. ജയിച്ചാൽ പരമ്പര നേടാം. സൂര്യകുമാർ യാദവ്‌ നയിക്കുന്ന ടീം ആദ്യകളിയിൽ ബംഗ്ലാദേശിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്തിരുന്നു. ഇന്ന്‌ ഡൽഹിയിലാണ്‌ കളി. രാത്രി ഏഴിനാണ്‌ മത്സരം.

ലോകകപ്പ്‌ നേട്ടത്തിന്റെ ആഘോഷം വിട്ടുമാറാത്ത ഇന്ത്യൻ ടീം രോഹിത്‌ ശർമ–-രാഹുൽ ദ്രാവിഡ്‌ യുഗത്തിനുശേഷം സൂര്യകുമാർ–-ഗൗതം ഗംഭീർ കൂട്ടുകെട്ടിലും തകർപ്പൻ പ്രകടനം തുടരുകയാണ്‌. ആദ്യമത്സരത്തിൽ ബാറ്റർമാരെല്ലാം തകർത്തടിച്ചു. നിതീഷ്‌ കുമാർ റെഡ്ഡി (15 പന്തിൽ 16 റൺ) ഒഴികെ മറ്റു ബാറ്റർമാരെല്ലം 150ന്‌ മുകളിൽ പ്രഹരശേഷി പുറത്തെടുത്തു. ഓപ്പണറുടെ വേഷത്തിലെത്തിയ മലയാളിതാരം സഞ്‌ജു സാംസൺ 19 പന്തിൽ 29 റണ്ണടിച്ചു. അഭിഷേക്‌ ശർമ, സൂര്യകുമാർ, ഹാർദിക്‌ പാണ്ഡ്യ എന്നിവരും വേഗത്തിലാണ്‌ കാര്യങ്ങൾ പൂർത്തിയാക്കിയത്‌. 128 റൺ ലക്ഷ്യം 11.5 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

ബൗളർമാരും മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. അർഷ്‌ദീപ്‌ സിങ്ങും വരുൺ ചക്രവർത്തിയുമാണ്‌ തിളങ്ങിയത്‌. ഇരുവരും മൂന്നുവീതം വിക്കറ്റ്‌ നേടി.
മറുവശത്ത്‌, ബാറ്റർമാരുടെ മോശം പ്രകടനത്തിൽ ബംഗ്ലാദേശ്‌ ക്യാപ്‌റ്റൻ നജ്‌മുൽ ഹൊസെയ്‌ൻ ഷാന്റോ അസംതൃപ്‌തനാണ്‌. മെഹിദി ഹസൻ മിറാസും ഷാന്റോയും മാത്രമാണ്‌ ബംഗ്ലാനിരയിൽ പിടിച്ചുനിന്നത്‌. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കും. അരങ്ങേറ്റക്കാരായ നിതീഷിനും മായങ്ക്‌ യാദവിനും പകരം തിലക്‌ വർമയും ഹർഷിത്‌ റാണയും കളിച്ചേക്കും.

ഇന്ത്യൻ ടീം: സഞ്‌ജു സാംസൺ, അഭിഷേക്‌ ശർമ, സൂര്യകുമാർ യാദവ്‌, തിലക്‌ വർമ, ഹാർദിക്‌ പാണ്ഡ്യ, റിയാൻ പരാഗ്‌, റിങ്കു സിങ്‌, വാഷിങ്‌ടൺ സുന്ദർ, ഹർഷിത്‌ റാണ, അർഷ്‌ദീപ്‌ സിങ്‌, വരുൺ ചക്രവർത്തി.

ബംഗ്ലാദേശ്‌: പർവേശ്‌ ഹൊസെയ്‌ൻ ഇമോൺ/തൻസിദ്‌ ഹസൻ, ലിട്ടൺ ദാസ്‌, നജ്‌മുൽ ഹൊസെയ്‌ൻ ഷാന്റോ, തൗഹിദ്‌ ഹൃദോയ്‌, മഹ്‌മദുള്ള, ജാക്കർ അലി, മെഹിദി ഹസൻ മിറാസ്‌, റിഷാദ്‌ ഹൊസെയ്‌ൻ, ടസ്‌കിൻ അഹമ്മദ്‌, ഷൊറിഫുൾ ഇസ്ലാം, മുസ്‌താഫിസുർ റഹ്‌മാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top