26 September Thursday

കാൺപുരിൽ സ്‌പിൻ പരീക്ഷ ; ഇന്ത്യ–ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


കാൺപുർ
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ സ്‌പിന്നർമാർ നേട്ടമുണ്ടാക്കാൻ സാധ്യത. നാളെ കാൺപുരിലാണ്‌ രണ്ടാംടെസ്‌റ്റ്‌. ചെന്നൈയിൻ നടന്ന ആദ്യ ടെസ്‌റ്റ്‌ ജയിച്ച ഇന്ത്യ പരമ്പരയിൽ മുമ്പിലാണ്‌. അതേസമയം കാൺപുരിൽ മഴ ഭീഷണിയുണ്ട്‌. ചെന്നൈ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിൽ സ്‌പിന്നർമാർക്കും പേസർമാർക്കും ഒരുപോലെ ഗുണംകിട്ടിയിരുന്നു. ആദ്യ നാല്‌ ദിനവും പന്തിന്‌ ബൗൺസ്‌ കിട്ടി. പിച്ചിൽ ടേൺ കുറവായിരുന്നെങ്കിലും  സ്‌പിന്നർമാരെ അതു ബാധിച്ചില്ല. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യൻ സ്‌പിന്നർമാരായ ആർ അശ്വിനും രവീന്ദ്ര ജഡേജയും ഒമ്പത്‌ വിക്കറ്റാണ്‌ പങ്കിട്ടെടുത്തത്‌. ആദ്യ ഇന്നിങ്‌സിൽ പേസർ ജസ്‌പ്രീത്‌ ബുമ്രയും തിളങ്ങി.

കാൺപുരിൽ അതായിരിക്കില്ല അവസ്ഥ. വേഗം കുറഞ്ഞ പിച്ചാണ്‌. ബൗൺസും കുറവും. കളി പുരോഗമിക്കുംതോറും വേഗം കുറയും. ഈ സാഹചര്യത്തിൽ ഇന്ത്യ മൂന്നാം സ്പിന്നറെ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്‌. അക്‌സർ പട്ടേലിനോ കുൽദീപ്‌ യാദവിനോ ആയിരിക്കും അവസരം കിട്ടുക. മൂന്ന്‌ പേസർമാരിൽ ഒരാൾ പുറത്തിരിക്കും. മുഹമ്മദ്‌ സിറാജായിരിക്കും ഒഴിവാകുക.

ബംഗ്ലാദേശ്‌ നിരയിൽ പേസർ നഹീദ്‌ റാണയ്‌ക്ക്‌ പകരം ഇടംകൈ സ്‌പിന്നർ തയ്‌ജുൾ ഇസ്ലാം കളിക്കാനാണ്‌ സാധ്യത. പരിക്കേറ്റ ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ കളിക്കുന്ന കാര്യം ഉറപ്പില്ല. ഷാക്കിബ്‌ കളിച്ചില്ലെങ്കിൽ ഓഫ്‌ സ്‌പിന്നർ നയീം ഹസനായിരിക്കും ഇടംകിട്ടുക.

പന്തിന്‌ മുന്നേറ്റം
ഐസിസി ടെസ്‌റ്റ്‌ റാങ്കിങ്‌ ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യൻ വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിന്‌ കുതിപ്പ്‌. പുതിയ പട്ടികയിൽ ആറാമതാണ്‌ പന്ത്‌. ഓപ്പണർ യശസ്വി ജയ്‌സ്വാളും മുന്നേറി. ഒരുപടി കയറി അഞ്ചാമതാണ്‌. ബൗളർമാരിൽ ആർ അശ്വിനും ജസ്‌പ്രീത്‌ ബുമ്രയും ആദ്യ രണ്ട്‌ സ്ഥാനങ്ങളിൽ തുടർന്നു.

കാറപകടത്തെ തുടർന്ന്‌ വിശ്രമത്തിലായിരുന്ന പന്ത്‌ രണ്ട്‌ വർഷത്തിനുശേഷമാണ്‌ ടെസ്‌റ്റ്‌ കളിക്കാനെത്തിയത്‌. ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്‌റ്റിൽ സെഞ്ചുറി നേടി. അതേസമയം, ക്യാപ്‌റ്റൻ രോഹിത്‌ ശർമ അഞ്ച്‌ സ്ഥാനം നഷ്ടപ്പെട്ട്‌ പത്താമതായി. വിരാട്‌ കോഹ്‌ലി 12–-ാംസ്ഥാനത്താണ്‌. ശുഭ്‌മാൻ ഗിൽ 14–-ാംസ്ഥാനത്തുണ്ട്‌. ഇംഗ്ലണ്ട്‌ ബാറ്റർ ജോ റൂട്ടാണ്‌ ഒന്നാമത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top