കാൺപുർ
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ആദ്യദിനംതന്നെ മഴ വില്ലനായി. 35 ഓവർ മാത്രമാണ് എറിയാനായത്. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റണ്ണെടുത്തുനിൽക്കെ കളി തടസ്സപ്പെട്ടു. വെളിച്ചക്കുറവായിരുന്നു ആദ്യം. പിന്നാലെ കനത്ത മഴയുമെത്തി. ആദ്യ ടെസ്‌റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1–-0ന് മുന്നിലാണ്.
മഴകാരണം കളി ഒരുമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ടോസ് നേടിയ ക്യാപ്‌റ്റൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചിൽ മൂന്ന് പേസർമാരെ നിലനിർത്തിക്കൊണ്ടായിരുന്നു ഇന്ത്യ ഇറങ്ങിയത്. ബാറ്റിങ് നിരയിലും മാറ്റമുണ്ടായില്ല. 2015നുശേഷം ആദ്യമായാണ് ഇന്ത്യ സ്വന്തം തട്ടകത്തിൽ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കുന്നത്.
ബംഗ്ലാദേശ് കരുതലോടെ തുടങ്ങി. ജസ്‌പ്രീത് ബുമ്രയുടെയും മുഹമ്മദ് സിറാജിന്റെയും ഓവറുകൾ ഓപ്പണർമാർ അതിജീവിച്ചു. എന്നാൽ, ഒമ്പതാംഓവറിൽ ആകാശ് ദീപ് എത്തിയതോടെ പിടി അയഞ്ഞു. സാക്കിർ ഹസനെയും (0) ഷദ്‌മാൻ ഇസ്ലാമിനെയും (24) ആകാശ് മടക്കി. ക്യാപ്‌റ്റൻ നജ്‌മുൽ ഹുസൈൻ ഷാന്റോ വേഗത്തിൽ റണ്ണടിക്കാനാണ് ശ്രമിച്ചത്. മൊമിനുൾ ഹഖുമായി ചേർന്ന് സ്‌കോർ ഉയർത്തി. ഷാന്റോയെ (31) വിക്കറ്റിനുമുന്നിൽ കുരുക്കി ആർ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കളി നിർത്തുമ്പോൾ 40 റണ്ണുമായി മൊമിനുളും ആറ് റണ്ണോടെ മുഷ്‌ഫിഖർ റഹീമുമാണ് ക്രീസിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..