22 December Sunday

ഇന്ത്യക്ക് ജയിച്ചേ തീരൂ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

ഹൈദരാബാദ്‌
ഇന്ത്യൻ ഫുട്‌ബോൾ ഒരു ജയം കണ്ടിട്ട്‌ കൃത്യം ഒരുവർഷമായി. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതയിൽ ഖത്തറിനെ ഒറ്റ ഗോളിന്‌ തോൽപ്പിച്ചത്‌ കഴിഞ്ഞവർഷം നവംബർ 16നായിരുന്നു. പിന്നീടങ്ങോട്ട്‌ കഷ്ടകാലമാണ്‌. 11 കളിയിലും ജയമില്ല. ഏഴിലും തോറ്റു. നാലിൽ സമനില. പരിശീലകസ്ഥാനത്ത്‌ ഇഗർ സ്റ്റിമച്ചിനെ പുറത്താക്കി സ്‌പാനിഷുകാരൻ മനോലോ മാർക്വസിനെ കൊണ്ടുവന്നു.

എന്നിട്ടും കാര്യമായ മറ്റങ്ങളില്ല. സ്‌പാനിഷുകാരനുകീഴിലും ജയം എന്തെന്നറിഞ്ഞില്ല. രാജ്യാന്തര സൗഹൃദപോരിൽ ഇന്ന്‌ മലേഷ്യയെ നേരിടുമ്പോൾ ഒരൊറ്റ മന്ത്രമാണ്‌ ഇന്ത്യക്ക്‌; ജയം. അതിൽ കുറഞ്ഞതൊന്നും മതിയാകില്ല. ആത്മവിശ്വാസം വീണ്ടെടുത്ത്‌ പുതിയ കുതിപ്പിന്‌ ഒരുങ്ങാൻ മികച്ച ജയംതന്നെ വേണം. ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്‌ മത്സരം.


പുതുയുഗത്തിലേക്ക്‌ കാലെടുത്തുവയ്‌ക്കുകയാണ്‌ ഇന്ത്യൻ ഫുട്‌ബോൾ. സ്റ്റിമച്ചിനെ പുറത്താക്കി, ഇതിഹാസതാരം സുനിൽ ഛേത്രി വിരമിച്ചു. കളത്തിലും പുറത്തും പുതുമുഖങ്ങളാണ്‌. പുതിയ കോച്ച്‌ മനോലോയ്‌ക്ക്‌ കീഴിൽ ഇന്റർ കോണ്ടിനെന്റൽ കപ്പിലും പിന്നാലെ വിയറ്റ്‌നാമിനെതിരായ സൗഹൃദ മത്സരത്തിലും ആശിച്ച പ്രകടനമല്ല. പക്ഷേ, യുവനിര മികവിലെത്തുമെന്നാണ്‌ പരിശീലകന്റെ പ്രതീക്ഷ.

പരിക്കുമാറി ഇടവേളയ്‌ക്കുശേഷം പ്രതിരോധക്കാരൻ സന്ദേശ്‌ ജിങ്കൻ തിരിച്ചെത്തുന്നത്‌ ഗുണം ചെയ്യും. ഗോൾകീപ്പർ ഗുർപ്രീത്‌ സിങ് സന്ധുവാണ്‌ മറ്റൊരു പരിചയസമ്പന്നൻ. രാഹുൽ ബെക്കെ, ലല്ലിയൻസുവാല ചാങ്‌തെ എന്നിവരെല്ലാമുണ്ട്‌. മലയാളി യുവതാരങ്ങളായ എം എസ്‌ ജിതിനും വിബിൻ മോഹനനും അരങ്ങേറ്റത്തിന്‌ തയ്യാറെടുക്കുകയാണ്‌. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ഇരുവർക്കും അവസരം കിട്ടിയേക്കും.
സ്‌പാനിഷുകാരൻ പൗ മാർട്ടിയാണ്‌ മലേഷ്യൻ കോച്ച്‌.

ഇരുടീമുകളും 32 തവണ ഏറ്റുമുട്ടിയിട്ടുണ്ട്‌. 12 ജയംവീതം ഇന്ത്യയും മലേഷ്യയും സ്വന്തമാക്കി. എട്ടെണ്ണം സമനില. ഏറ്റവും അവസാനം കഴിഞ്ഞവർഷം ഏറ്റുമുട്ടിയപ്പോൾ 4–-2ന്‌ മലേഷ്യക്കൊപ്പമായിരുന്നു കളി. ലോകറാങ്കിങ്ങിൽ 133–-ാം സ്ഥാനത്താണവർ. ഇന്ത്യ 125ലുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top