22 December Sunday

പാരാലിമ്പിക്‌സ്‌ ; ഇന്ത്യക്ക്‌ മെഡൽക്കുതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

പാരാലിമ്പിക്സിൽ ഇന്ത്യയുടെ സച്ചിൻ ഖിലാരി ഷോട്ട്പുട്ടിൽ വെള്ളി നേടുന്നു image credit olympics.com


പാരിസ്‌
പാരാലിമ്പിക്‌സിൽ ഇന്ത്യ എക്കാലത്തെയും മികച്ച മെഡൽനേട്ടത്തിൽ. മൂന്ന്‌ സ്വർണവും എട്ട്‌ വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 21 മെഡലുകളാണ്‌ ഇതുവരെ നേടിയത്‌. ഇരുപതാംസ്ഥാനം. മൂന്ന്‌ വർഷംമുമ്പ്‌ ടോക്യോയിൽ നേടിയ 19 മെഡലുകളായിരുന്നു ഇതുവരെയുള്ള മികച്ച നേട്ടം. ടോക്യോയിൽ അഞ്ച്‌ സ്വർണമായിരുന്നു സമ്പാദ്യം. പാരിസ്‌ പാരാലിമ്പിക്‌സ്‌ എട്ടിന്‌ സമാപിക്കും.

ഏഴാംദിനം ലോക ചാമ്പ്യൻ സച്ചിൻ സെർജാരോ ഖിലാരി ഷോട്ട്‌പുട്ടിൽ നേടിയ വെള്ളിയായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം. ആറാംദിനം ഹൈജമ്പ്‌ ടി 63 വിഭാഗത്തിൽ ശരദ്‌കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കിയിരുന്നു. പാരിസിൽ അവാനി ലേഖര, സുമിത്‌ ആന്റിൽ, നിതേഷ്‌ എന്നിവരാണ്‌ ഇന്ത്യക്കായി പൊന്നണിഞ്ഞത്‌.

ഷോട്ട്‌പുട്ടിൽ ഏഷ്യൻ റെക്കോഡോടെയായിരുന്നു സച്ചിൻ ഖിലാരിയുടെ രണ്ടാംസ്ഥാനം. 16.32 മീറ്ററാണ്‌ എറിഞ്ഞത്‌. രണ്ടാമത്തെ ശ്രമത്തിലായിരുന്നു മുപ്പത്തിനാലുകാരന്റെ മികച്ചയേറ്‌. ക്യാനഡയുടെ ഗ്രെഗ്‌ സ്‌റ്റുവർട്ട്‌ 16.38 മീറ്റർ എറിഞ്ഞ്‌ സ്വർണം നിലനിർത്തി. ക്രൊയേഷ്യയുടെ ലൂക്കാ ബകോവിച്ചാണ്‌ വെങ്കലം (16.27). വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവാൻജി വെങ്കലം സ്വന്തമാക്കി.

പാരാ അത്‌ലറ്റിക്‌സിൽ ഖിലാരിയുടെ പതിനൊന്നാം മെഡലാണിത്‌. കഴിഞ്ഞവർഷം ചൈനയിൽ നടന്ന പാരാ ഏഷ്യൻ ഗെയിംസിൽ സ്വർണം സ്വന്തമാക്കിയിരുന്നു. എഫ്‌ 46 വിഭാഗത്തിലാണ്‌ നേട്ടം. ഇടതുകൈയിന്‌ സ്വാധീനക്കുറവാണ്‌ ഖിലാരിക്ക്‌. അതേസമയം, ടോക്യോ മേളയിലെ വെള്ളി മെഡൽ ജേതാവ്‌ ഭവിനാബെൻ പട്ടേൽ ടേബിൾ ടെന്നീസ്‌ വനിതാ വിഭാഗം സെമിയിൽ കടക്കാതെ പുറത്തായി. ചൈനയുടെ ഷൗ യങ്ങിനോട്‌ ക്വാർട്ടറിൽ തോറ്റു.

ടോക്യോയിൽ വെങ്കലം നേടിയ അമ്പെയ്‌ത്ത്‌ താരം ഹർവിന്ദെർ സിങ്‌ ഫെെനലിൽ കടന്നു. സെമിയിൽ മുഹമ്മദ് റെസ അറബ് അമിരിയെ തോൽപ്പിച്ചു. അഞ്ച് സെറ്റ് പോരാട്ടത്തിൽ 6–4നായിരുന്നു ജയം.  ഹൈജമ്പിൽ 1.88 മീറ്റർ ചാടിയാണ്‌ ശരദ്‌ വെള്ളി നേടിയത്‌. റിയോവിൽ സ്വർണവും ടോക്യോയിൽ വെങ്കലവും നേടിയ മാരിയപ്പൻ ഇക്കുറിയും നിരാശപ്പെടുത്തിയില്ല. 1.85 മീറ്റർ ചാടിയാണ്‌ വെങ്കല നേട്ടം. അമ്പത്തഞ്ച്‌ സ്വർണവുമായി ചൈനയാണ്‌ മുന്നിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top