ഹൈദരാബാദ്
ഇന്ത്യൻ ഫുട്‌ബോളിന് വിജയം ഇനിയും അകലെ. മലേഷ്യക്കെതിരായ രാജ്യാന്തര സൗഹൃദമത്സരത്തിൽ 1–-1ന് സമനിലയിൽ കുരുങ്ങി. ഈവർഷം ഒറ്റക്കളിപോലും ജയിക്കാനായിട്ടില്ല. കഴിഞ്ഞവർഷം നവംബർ 16ന് ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയിൽ ഖത്തറിനെ ഒരു ഗോളിന് തോൽപ്പിച്ചതാണ് അവസാനനേട്ടം. തുടർന്ന് 12 കളിയിലും ജയമില്ല. ഏഴെണ്ണം തോറ്റു. അഞ്ച് സമനില. പരിശീലകനായി ഇഗർ സ്റ്റിമച്ചിനുപകരം സ്‌പാനിഷുകാരൻ മനോലോ മാർക്വസ് എത്തിയിട്ടും ജയിക്കാനാകുന്നില്ല.
ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിൽ ഗോളി ഗുർപ്രീത് സിങ് സന്ധുവിന്റെ മണ്ടത്തരമാണ് ഇന്ത്യൻവലയിൽ ഗോളെത്തിച്ചത്. ആദ്യപകുതിയുടെ 19–-ാം മിനിറ്റിൽ മലേഷ്യൻ പ്രതിരോധനിരയിൽനിന്ന് അടിച്ചകറ്റിയ പന്താണ് ഗോളിൽ അവസാനിച്ചത്. ഉയർന്നുവന്ന പന്തിന്റെ ദിശ മനസ്സിലാക്കാതെ പെനൽറ്റി ബോക്‌സിന് പുറത്തേക്ക് ഓടിക്കയറിയ ഗുർപ്രീതിന് ലക്ഷ്യംതെറ്റി. പന്ത് തലയ്‌ക്കുമുകളിലൂടെ ബോക്‌സിനുമുന്നിൽ വീണു. ഓടിയെത്തിയ പൗളാേ ജോസുവിന് ഗോളിയില്ലാത്ത വലയിലേക്ക് തട്ടിയിടേണ്ട ജോലിമാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്രതീക്ഷിത ഗോളിൽ താളംതെറ്റിയ ഇന്ത്യൻനിര സമനിലയ്‌ക്കായി കിണഞ്ഞുശ്രമിച്ചു. 20 മിനിറ്റിൽ ഇന്ത്യ ആശ്വാസം കണ്ടെത്തി. കോർണർകിക്കാണ് സമനില ഗോളിന് വഴിയൊരുക്കിയത്. രാഹുൽ ബെക്കെ ഹെഡ്ഡറിലൂടെയാണ് തോൽവിയിൽനിന്ന് രക്ഷപ്പെടുത്തിയത്. രണ്ടാംപകുതിയിൽ വിജയത്തിനായി ശ്രമിച്ചെങ്കിലും ലക്ഷ്യബോധമില്ലാതെപോയി. മലയാളി യുവതാരങ്ങളായ എം എസ് ജിതിനും വിബിൻ മോഹനനും പകരക്കാരായി അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..