26 December Thursday
ഷമിക്ക് അഞ്ച് വിക്കറ്റ്, കോഹ്ലി 95

ഇന്ത്യ സെമിയിലേക്ക് ; ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

Photo Credit: ICC/Facebook

 

ധർമശാല
പന്തിൽ മുഹമ്മദ്‌ ഷമി, ബാറ്റിൽ വിരാട്‌ കോഹ്‌ലി. ന്യൂസിലൻഡിനെതിരെ ഇരുവരും മിന്നിത്തിളങ്ങി. തുടർച്ചയായ അഞ്ചാംജയത്തോടെ ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക്‌ ചുവടുവച്ചു. 2019 ലോകകപ്പ്‌ സെമിയിലെ നീറുന്ന തോൽവിക്കുശേഷമുള്ള മുഖാമുഖത്തിൽ ഇന്ത്യയുടെ മറുപടികൂടിയായി ഈ ജയം. ഒപ്പം ഈ ലോകകപ്പിൽ കിട്ടിയ ആദ്യ അവസരത്തിൽതന്നെ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഷമിയുടെയും മറുപടി ധർമശാലയിൽ കണ്ടു. കോഹ്‌ലി സെഞ്ചുറിക്ക്‌ അഞ്ച്‌ റണ്ണകലെ പുറത്തായി.

നാല്‌ വിക്കറ്റിനാണ്‌ ഇന്ത്യയുടെ ജയം. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലൻഡ്‌ 273ന്‌ പുറത്തായി. ഇന്ത്യ 48 ഓവറിൽ ജയംപിടിച്ചു. പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്‌തു. തോൽവറിയാത്ത ഏക ടീമുമാണ്‌ രോഹിത്‌ ശർമയും കൂട്ടരും. ഷമിയാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. കോഹ്‌ലി 104 പന്തിൽ 95 റണ്ണെടുത്തു.

ഹാർദിക്‌ പാണ്ഡ്യക്ക്‌ പരിക്കായതുകൊണ്ടുമാത്രം ടീമിൽ അവസരം കിട്ടിയ ഷമിയുടെ പ്രകടനമായിരുന്നു കളിയിലെ മിന്നുംകാഴ്‌ച. ആദ്യപന്തിൽതന്നെ വിൽ യങ്ങിന്റെ വിക്കറ്റ്‌ പിഴുത ഷമി കിവി വാലറ്റത്തെയും തൂത്തെറിഞ്ഞു. തുടക്കം തകർന്ന കിവീസിനെ ഡാരിൽ മിച്ചെലിന്റെ (127 പന്തിൽ 130) തകർപ്പൻ സെഞ്ചുറിയാണ്‌ മികച്ച സ്‌കോറിലെത്തിച്ചത്‌. രചിൻ രവീന്ദ്ര 75 റണ്ണെടുത്തു. അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ കിവീസിന്റെ സ്‌കോർ 300 എത്തുന്നതിൽനിന്ന്‌ തടഞ്ഞു.

മറുപടിക്കെത്തിയ ഇന്ത്യക്ക്‌ ക്യാപ്‌റ്റൻ  രോഹിത്‌ ശർമയും (40 പന്തിൽ 46) ശുഭ്‌മാൻ ഗില്ലും (31 പന്തിൽ 26) നല്ല തുടക്കം നൽകി. ഇരുവരും പുറത്തായശേഷം കോഹ്‌ലി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ശ്രേയസ്‌ അയ്യർ (29 പന്തിൽ 33), കെ എൽ രാഹുൽ (35 പന്തിൽ 27), സൂര്യകുമാർ യാദവ്‌ (4 പന്തിൽ 2) എന്നിവരെ ഇടയ്‌ക്ക്‌ നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയെ (44 പന്തിൽ 39) കൂട്ടുപിടിച്ച്‌ കോഹ്‌ലി ഇന്ത്യയെ മുന്നോട്ടുനയിച്ചു. ജയത്തിനും സെഞ്ചുറിക്കും അഞ്ച്‌ റണ്ണകലെവച്ച്‌ സിക്‌സർ പറത്താനുള്ള ശ്രമത്തിനിടെയാണ്‌ കോഹ്‌ലി പുറത്തായത്‌. രണ്ട് സിക്സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്സിൽ. ജഡേജയുടെ ഇന്നിങ്സിൽ ഒരു സിക്സറും മൂന്ന് ഫോറും ഉൾപ്പെട്ടു. ഇന്ത്യ അടുത്ത മത്സരത്തിൽ 29ന്‌ ഇംഗ്ലണ്ടിനെ നേരിടും.

image credit icc facebook

image credit icc facebook


 

റണ്ണൊഴുക്കി 
കോഹ്‌ലി
സെഞ്ചുറിക്ക്‌ അഞ്ച്‌ റൺ അകലെ പുറത്തായെങ്കിലും ഇന്ത്യയുടെ വിജയം ഉറപ്പിച്ച ഇന്നിങ്‌സുമായി വിരാട്‌ കോഹ്‌ലി. 48 സെഞ്ചുറിയുള്ള ഈ വലംകെെയൻ ബാറ്റർക്ക് ഒരെണ്ണംകൂടി നേടിയാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിനൊപ്പമെത്താമായിരുന്നു.

ലോകകപ്പിലെ 12–-ാംഅർധസെഞ്ചുറിയാണ്‌ കോഹ്‌ലി നേടിയത്‌. ഏകദിനത്തിൽ ആകെ 69 അർധ സെഞ്ചുറിയായി. ലോകകപ്പിൽ കൂടുതൽ അരസെഞ്ചുറി നേടിയവരിൽ സച്ചിനുപിന്നിൽ രണ്ടാമതെത്താനും കോഹ്‌ലിക്ക്‌ കഴിഞ്ഞു. സച്ചിന്‌ 21 അർധസെഞ്ചുറിയാണുള്ളത്‌.

കോഹ്‌ലിക്കുപുറമെ ശ്രീലങ്കയുടെ മുൻ താരം കുമാര സംഗക്കാരയ്‌ക്കും ബംഗ്ലാദേശ്‌ ക്യാപ്‌റ്റൻ ഷാക്കിബ്‌ അൽ ഹസ്സനും 12 അർധ സെഞ്ചുറികളുണ്ട്‌. ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയതിനുപിന്നാലെ 95 റൺകൂടി നേടിയതോടെ ഈ ലോകകപ്പിലെ റൺ വേട്ടക്കാരിൽ ഒന്നാമതെത്താനും കോഹ്‌ലിക്കായി. 354 റണ്ണാണ്‌ കോഹ്‌ലിയുടെ സമ്പാദ്യം. 311 റണ്ണുമായി ക്യാപ്‌റ്റൻ രോഹിത്‌ ശർമയാണ്‌ രണ്ടാമത്‌.
ഏകദിനത്തിൽ 13437 റണ്ണുമായി ശ്രീലങ്കൻ താരം സനത് ജയസൂര്യയെ മറികടന്നു.

ലോകകപ്പിൽ 36 വിക്കറ്റ്‌
മൂന്നാം ലോകകപ്പിനെത്തിയ ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമി 12 കളിയിൽ 36 വിക്കറ്റ്‌ സ്വന്തമാക്കി. ന്യൂസിലൻഡിനെതിരെ 10 ഓവറിൽ 54 റൺ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്തു. രണ്ടാംതവണയാണ്‌ ലോകകപ്പിലെ അഞ്ച്‌ വിക്കറ്റ്‌ നേട്ടം. ഈ ലോകകപ്പിൽ ആദ്യമായി കളത്തിലിറങ്ങിയ വലംകൈയൻ ബൗളർക്ക്‌ എറിഞ്ഞ ആദ്യപന്തിൽത്തന്നെ വിക്കറ്റുണ്ട്‌. ഓപ്പണർ വിൽ യങ്ങിനെ ബൗൾഡാക്കി. തടുത്തിട്ട പന്ത്‌ വിക്കറ്റിലേക്ക്‌ വീഴുകയായിരുന്നു.
ടോപ്‌ സ്‌കോററായ ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്‌നർ, മാറ്റ്‌ ഹെൻറി എന്നിവരെയും മടക്കി. അഞ്ച്‌ വിക്കറ്റോടെ 18 കളിയിൽ 31 വിക്കറ്റെടുത്ത അനിൽ കുംബ്ലെയെ മറികടന്നു.

കളി നിർത്തിയ പേസർമാരായ സഹീർഖാനും ജവഗൽ ശ്രീനാഥുമാണ്‌ 44 വിക്കറ്റുമായി മുന്നിലുള്ള ഇന്ത്യൻ ബൗളർമാർ. സഹീർഖാൻ 23 മത്സരത്തിനിറങ്ങി. ശ്രീനാഥ്‌ 33. ജസ്‌പ്രീത്‌ ബുമ്രയ്‌ക്ക്‌ 29 വിക്കറ്റുണ്ട്‌. 2019 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെതിരെ ഹാട്രിക്‌ അടക്കം നാലു കളിയിൽ 14 വിക്കറ്റുണ്ട്‌. മുപ്പത്തിമൂന്നുകാരൻ 2015ൽ നേടിയത്‌ ഏഴു കളിയിൽ 17 വിക്കറ്റ്‌.ലോകകപ്പിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറുമാണ്.

ഷമി @ലോകകപ്പ‍്
12 കളി , 36 വിക്കറ്റ്‌
ശരാശരി 15.02
ഇക്കോണമി നിരക്ക്‌ 5.09
ലോകകപ്പിൽ ഇന്ത്യൻ ബൗളർമാർ
സഹീർഖാൻ 44
ജവഗൽ ശ്രീനാഥ്‌ 44
മുഹമ്മദ്‌ ഷമി 36
അനിൽ കുംബ്ലെ 31
ജസ്‌പ്രീത്‌ ബുമ്ര 29
കപിൽദേവ്‌ 28

 

 

സ്‌കോർ ബോർഡ്‌

ന്യൂസിലൻഡ്‌
കോൺവെ സി ശ്രേയസ്‌ ബി സിറാജ്‌ 0, യങ്‌ ബി ഷമി 17, രചിൻ രവീന്ദ്ര സി ഗിൽ ബി ഷമി 75, മിച്ചെൽ സി കോഹ്‌ലി ബി ഷമി 130, ലാതം എൽബിഡബ്ല്യു ബി കുൽദീപ്‌ 5, ഫിലിപ്‌സ്‌ സി രോഹിത്‌ ബി കുൽദീപ്‌ 23, ചാപ്‌മാൻ സി കോഹ്‌ലി ബി ബുമ്ര 6, സാന്റ്‌നെർ ബി ഷമി 1, ഹെൻറി ബി ഷമി 0, ഫെർഗൂസൻ റണ്ണൗട്ട്‌ 1, ബോൾട്ട്‌ 0.
എക്‌സ്‌ട്രാസ്‌ 15. ആകെ 273 (50 ഓവർ).
ബൗളിങ്‌: ബുമ്ര 10–1–45–-1, സിറാജ്‌ 10–-1–-45–-1, ഷമി 10–-0–-54–-5, ജഡേജ 10–-0–-48–-0, കുൽദീപ്‌ 10–-0–-73–-2.

ഇന്ത്യ
രോഹിത്‌ ബി ഫെർഗൂസൻ 46, ഗിൽ സി മിച്ചെൽ ബി ഫെർഗൂസൻ 26, കോഹ്‌ലി -സി ഫിലിപ്‌സ്‌ ബി ഹെൻറി 95, ശ്രേയസ്‌ സി കോൺവെ ബി ബോൾട്ട്‌ 33, രാഹുൽ എൽബിഡബ്ല്യു ബി സാന്റ്‌നെർ 27, സൂര്യകുമാർ റണ്ണൗട്ട്‌ 2, ജഡേജ 39, ഷമി 1.
എക്‌സ്‌ട്രാസ്‌ 5. ആകെ 274/6 (48 ഓവർ).
ബൗളിങ്‌
ബോൾട്ട്‌ 10–-0–-60–-1, ഹെൻറി 9–-0–-55–-1, സാന്റ്‌നെർ 10–-0–-37–-1, ഫെർഗൂസൻ 8–-0–-63–-2, രചിൻ രവീന്ദ്ര 9–-0–-46–-0, ഫിലിപ്‌സ്‌ 2–-0–-12–-0.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top