22 December Sunday

ബംഗളൂരുവിൽ ഇന്ത്യ തകർന്നടിഞ്ഞു ; അഞ്ച് പേർ പൂജ്യത്തിന് പുറത്തായി , രണ്ടക്കം കടന്നത് ജയ്സ്വാളും പന്തും മാത്രം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

image credit bcci facebook

ബംഗളൂരു
പതിനൊന്നുപേർ ചേർന്നിട്ടും 50 റൺ തികയ്‌ക്കാനായില്ല. ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യ 46 റണ്ണിന്‌ തകർന്നടിഞ്ഞു. ടോസ്‌ നേടി ബാറ്റെടുത്ത ആതിഥേയരുടെ ഒന്നാം ഇന്നിങ്സ്‌ 31.2 ഓവറിൽ അവസാനിച്ചു. കിവീസ്‌ പേസർമാരുടെ തീക്കാറ്റിൽ ബാറ്റിങ്നിര ഒന്നടങ്കം ചാമ്പലായി. ബൗളർമാരുടെ വേഗവും കൃത്യതയും അളക്കാനാകാതെ അഞ്ചു ബാറ്റർമാർ പൂജ്യത്തിന്‌ പുറത്തായി. രണ്ടാംദിവസം കളിനിർത്തുമ്പോൾ ന്യൂസിലൻഡ്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 180 റണ്ണെടുത്തു. കിവീസിന്‌ 134 റൺ ലീഡുണ്ട്‌. ആദ്യദിനം മഴ കൊണ്ടുപോയിരുന്നു.

അഞ്ച്‌ വിക്കറ്റെടുത്ത മാറ്റ്‌ ഹെൻറിയും നാല്‌ വിക്കറ്റ്‌ നേടിയ വില്യം ഒറൗർകിയുമാണ്‌ ഇന്ത്യയുടെ നടുവൊടിച്ചത്‌. 32 വയസ്സുള്ള വലംകൈയൻ പേസറായ ഹെൻറി 13.2 ഓവറിൽ 15 റൺ വഴങ്ങിയാണ്‌ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കിയത്‌. ആറാംടെസ്റ്റ്‌ കളിക്കുന്ന ഇരുപത്തിമൂന്നുകാരൻ വില്യം ഒറൗർകി 12 ഓവറിൽ 22 റൺ വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റെടുത്തു. ടിം സൗത്തി ആറ്‌ ഓവറിൽ എട്ടു റൺ നൽകി ഒരു വിക്കറ്റ്‌ നേടി. തകർപ്പൻ ക്യാച്ചുകളെടുത്ത ഫീൽഡർമാർ നിർണായകമായി. ഇന്ത്യൻ നിരയിൽ വിക്കറ്റ്‌കീപ്പർ ഋഷഭ്‌ പന്തും (20) ഓപ്പണർ യശസ്വി ജയ്‌സ്വാളുമാണ്‌ (13) രണ്ടക്കം കടന്നത്‌. ടീം ആകെ നേടിയത്‌ നാല്‌ ഫോർ.

ഓപ്പണർമാരായ രോഹിത്‌ ശർമയും ജയ്‌സ്വാളും കരുതലോടെയാണ്‌ തുടങ്ങിയതെങ്കിലും ഏഴാം ഓവറിൽ ആദ്യ വിക്കറ്റ്‌ വീണു. 16 പന്തിൽ രണ്ടു റണ്ണെടുത്ത ക്യാപ്‌റ്റൻ ടിം സൗത്തിയുടെ പന്തിൽ ബൗൾഡായി. എട്ടുവർഷത്തിനുശേഷം മൂന്നാംനമ്പറിൽ എത്തിയ വിരാട്‌ കോഹ്‌ലിക്ക്‌ റണ്ണെടുക്കാനായില്ല. ഒമ്പതു പന്ത്‌ നേരിട്ട്‌ വില്യമിന്റെ പന്തിൽ ഗ്ലെൻഫിലിപ്‌സിന്‌ പിടികൊടുത്തു. തൊട്ടുപിന്നാലെ സർഫറാസ്‌ ഖാനെ ഹെൻറി വീഴ്‌ത്തിയതോടെ കൂട്ടത്തകർച്ചയ്‌ക്ക്‌ തുടക്കമായി. പത്ത്‌ ഓവറിൽ 12 റണ്ണിന്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ടു. ജയ്‌സ്വാളും ഋഷഭ്‌ പന്തും രക്ഷാപ്രവർത്തനത്തിന്‌ ശ്രമിച്ചു. ആദ്യ ഫോറിന്‌ 13–-ാം ഓവർവരെ കാത്തിരിക്കേണ്ടിവന്നു. ഇരുവരും പത്ത്‌ ഓവർ പൊരുതി.

നാലാംവിക്കറ്റിൽ 21 റൺ നേടിയ സഖ്യം ജയ്‌സ്വാളിന്റെ പുറത്താകലോടെ പിരിഞ്ഞു. അവസാന ഏഴ്‌ വിക്കറ്റുകൾ 15 റണ്ണിന്‌ നിലംപൊത്തി. കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ആർ അശ്വിനും റണ്ണെടുക്കാതെ പവിലിയനിലേക്ക്‌ മടങ്ങിയതോടെ തകർച്ച പൂർണം. ഏഷ്യൻ മണ്ണിൽ ഒരു ടീം നേടുന്ന കുറഞ്ഞ ടെസ്റ്റ്‌ സ്‌കോറാണിത്‌. ടെസ്റ്റ്‌ ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്‌കോറെന്ന ചീത്തപ്പേരും ബംഗളൂരുവിൽ കുറിക്കപ്പെട്ടു.

മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ കിവീസിനായി ഓപ്പണർ ഡെവൻ കോൺവെ 105 പന്തിൽ 91 റണ്ണെടുത്തു. 11 ഫോറും മൂന്ന്‌ സിക്‌സറുമടിച്ച ബാറ്ററെ ആർ അശ്വിൻ ബൗൾഡാക്കി. മറ്റ്‌ സ്‌പിന്നർമാരായ ജഡേജയ്‌ക്കും കുൽദീപ്‌ യാദവിനും ഓരോ വിക്കറ്റുണ്ട്‌. പേസർമാർക്ക്‌ ചലനമുണ്ടാക്കാനായില്ല.

ഇന്ത്യ 31.2 ഓവറിൽ 46
യശസ്വി ജയ്‌സ്വാൾ 13, രോഹിത്‌ ശർമ 2, വിരാട്‌ കോഹ്‌ലി 0, സർഫറാസ്‌ഖാൻ 0, ഋഷഭ്‌ പന്ത്‌ 20, കെ എൽ രാഹുൽ 0, രവീന്ദ്ര ജഡേജ 0, ആർ അശ്വിൻ 0, കുൽദീപ്‌ യാദവ്‌ 2, ജസ്‌പ്രീത്‌ ബുമ്ര 1, മുഹമ്മദ്‌ സിറാജ്‌ 4*.
ന്യൂസിലൻഡ്‌ 180/3 (50)
ടോം ലാതം 15, ഡെവൻ കോൺവെ 91, വിൽ യങ് 33, രചിൻ രവീന്ദ്ര 22*, ഡാരിൽ മിച്ചൽ 4*.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top