19 October Saturday

പോരാട്ടം കനത്തു ; രചിൻ രവീന്ദ്രയ്ക്ക് സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

image credit bcci facebook


ബംഗളൂരു
ആദ്യ ഇന്നിങ്‌സിലെ തകർച്ചയുടെ പാഠം ഉൾക്കൊണ്ട ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ തിരിച്ചുവരവിന്റെ പാതയിൽ. ന്യൂസിലൻഡിന്റെ റണ്ണടിയിൽ പകച്ചുപോയെങ്കിലും മൂന്നാംദിനം രണ്ടാം ഇന്നിങ്‌സിൽ 231/3 എന്ന നിലയിലാണ്‌ ഇന്ത്യ. ന്യൂസിലൻഡ്‌ ഒന്നാം ഇന്നിങ്‌സിൽ 402 റൺ നേടി. ഏഴ്‌ വിക്കറ്റ്‌ ശേഷിക്കെ  കിവികളേക്കാൾ 125 റൺ പിന്നിലാണ്‌ രോഹിത്‌ ശർമയും കൂട്ടരും. മൂന്നാംദിനം അവസാന പന്തിൽ വിരാട്‌ കോഹ്‌ലി (102 പന്തിൽ 70) പുറത്തായത്‌ ഇന്ത്യക്ക്‌ കനത്ത തിരിച്ചടിയായി. 78 പന്തിൽ 70 റണ്ണുമായി പുറത്താകാതെനിൽക്കുന്ന സർഫറാസ്‌ ഖാനിലാണ്‌ പ്രതീക്ഷ.രചിൻ രവീന്ദ്രയുടെ (157 പന്തിൽ 134) തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ്‌ ന്യൂസിലൻഡ്‌ കൂറ്റൻ സ്‌കോർ നേടിയത്‌. ബംഗളൂരുവിൽ ഒരുദിവസം പിറന്നത് 453 റണ്ണാണ്.

സ്‌കോർ: ഇന്ത്യ 46, 231/3; ന്യൂസിലൻഡ്‌ 402.

ഒന്നാം ഇന്നിങ്‌സിൽ വെറും 46 റണ്ണിന്‌ പുറത്തായതിന്റെ അപമാനഭാരത്തോടെ രണ്ടാം ഇന്നിങ്‌സ്‌ ആരംഭിച്ച ഇന്ത്യക്ക്‌ ന്യൂസിലൻഡിന്റെ റൺമല സമ്മർദമുണ്ടാക്കിയില്ല. 356 റൺ ലീഡ്‌ വഴങ്ങിയായിരുന്നു രണ്ടാം ഇന്നിങ്‌സ്‌ ആരംഭിച്ചത്‌. യശസ്വി ജയ്‌സ്വാളും ക്യാപ്‌റ്റൻ രോഹിതും തകർപ്പൻ ഷോട്ടുകളിലൂടെ ഭാരംകുറച്ചു. ഇരുവരെയും പുറത്താക്കി അജാസ്‌ പട്ടേലാണ്‌ കിവികളെ തിരികെകൊണ്ടുവന്നത്‌. ഒന്നാം വിക്കറ്റിൽ 72 റണ്ണാണ്‌ പിറന്നത്‌. ജയ്‌സ്വാളിനെ (52 പന്തിൽ 35) അജാസിന്റെ പന്തിൽ വിക്കറ്റ്‌കീപ്പർ ടോം ബ്ലൻഡൽ സ്‌റ്റമ്പ്‌ ചെയ്‌തു. അജാസിനെ പ്രതിരോധിക്കുന്നതിനിടെ വിക്കറ്റിലേക്ക് പന്ത് ഉരുണ്ട് വീണായിരുന്നു രോഹിതിന്റെ (63 പന്തിൽ 52) പുറത്താകൽ. ഒരു സിക്സറും എട്ട് ഫോറും പായിച്ചു.

മറ്റൊരു തകർച്ചയെ മുന്നിൽക്കണ്ട ഇന്ത്യ കോഹ്‌ലി–-സർഫറാസ്‌ സഖ്യത്തിലൂടെ അതിവേഗം മുന്നേറുകയായിരുന്നു. 163 പന്തിൽ 136 റണ്ണാണ്‌ ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്‌. അജാസിനെ തുടർച്ചയായ സിക്‌സറുകൾ പായിച്ച സർഫറാസ്‌ നയം വ്യക്തമാക്കി. കോഹ്‌ലിയും പതറിയില്ല. ഇരുവരും ഒന്നാം ഇന്നിങ്‌സിൽ റണ്ണെടുക്കുംമുമ്പ്‌ പുറത്തായിരുന്നു.

നാലാംദിനം രാവിലെ കൂട്ടുകെട്ട്‌ തുടരാനുള്ള പദ്ധതികൾക്കിടെയാണ്‌ ഗ്ലെൻ ഫിലിപ്‌സിന്റെ നിരുപദ്രവകരമായ പന്ത്‌ കോഹ്‌ലിയുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയത്‌. അവസാന പന്തിനെ പ്രതിരോധിക്കാനുള്ള ശ്രമം പാളി. പന്ത്‌ ബാറ്റിൽ ചെറുതായി ഉരസി ബ്ലൻഡലിന്റെ കൈയിലൊതുങ്ങി. ഒരു സിക്‌സറും എട്ട്‌ ഫോറും കോഹ്‌ലി പറത്തി. സർഫറാസിന്റെ ഇന്നിങ്‌സിൽ മൂന്ന്‌ സിക്‌സറും ഏഴ് ഫോറും ഉൾപ്പെട്ടു.

മൂന്നാംദിനം മൂന്നിന്‌ 180 റണ്ണെന്നനിലയിൽ കളി തുടങ്ങിയ ന്യൂസിലൻഡിനെ തുടക്കത്തിൽ ഇന്ത്യൻ സ്‌പിന്നർമാർ വിരട്ടി.  എന്നാൽ, രചിൻ രവീന്ദ്രയുടെ കിടയറ്റ ഇന്നിങ്‌സിൽ രോഹിതിന്റെ പദ്ധതികൾ തകർന്നു.  ഒരുഘട്ടത്തിൽ ഏഴിന്‌ 233 റണ്ണെന്ന നിലയിലായിരുന്നു അവർ. മൂന്ന്‌ വിക്കറ്റുമായി രവീന്ദ്ര ജഡേജയാണ്‌ ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്‌.

എന്നാൽ, രചിനും ടിം സൗത്തിയും (73 പന്തിൽ 65) എട്ടാം വിക്കറ്റിൽ നടത്തിയ വെടിക്കെട്ട്‌ ബാറ്റിങ്‌ പ്രകടനം ന്യൂസിലൻഡിനെ കൂറ്റൻ സ്‌കോറിലേക്ക്‌ നയിച്ചു. 132 പന്തിൽ 137 റണ്ണാണ്‌ ഇരുവരും അടിച്ചുകൂട്ടിയത്‌. രചിന്റെ മനോഹര ഇന്നിങ്‌സിൽ നാല്‌ സിക്‌സറും 13 ഫോറും ഉൾപ്പെട്ടു. സൗത്തി നാല്‌ സിക്‌സറും അഞ്ച്‌ ഫോറും പറത്തി.

ടെസ്‌റ്റിലെ രണ്ടാം സെഞ്ചുറി നേടിയ രചിൻ അവസാനക്കാരനായാണ്‌ മടങ്ങിയത്‌. കുൽദീപ്‌ യാദവിന്റെ പന്തിൽ പകരക്കാരൻ വിക്കറ്റ്‌ കീപ്പർ ജുറേലിന്‌ പിടികൊടുത്ത്‌ മടങ്ങുകയായിരുന്നു. കുൽദീപിനും മൂന്ന്‌ വിക്കറ്റ്‌ കിട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top