22 December Sunday

ഇന്ത്യക്ക് റൺ തിലകം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബാറ്റർ തിലക് വർമ സി‍ക്സർ നേടുന്നു image credit bcci facebook

ഡർബൻ
തിലക്‌ വർമയുടെ വെടിക്കെട്ടിൽ ഇന്ത്യക്ക്‌  ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ട്വന്റി20യിൽ തകർപ്പൻ ജയം. അവസാന ഓവർവരെ ആവേശം നിറഞ്ഞ കളിയിൽ  11 റണ്ണിന് കീഴടക്കി. ഇതോടെ സൂര്യകുമാർ യാദവും സംഘവും 2–-1ന്‌ മുന്നിലെത്തി. അവസാന കളി നാളെ നടക്കും.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 219 റണ്ണാണ്‌ അടിച്ചെടുത്തത്‌. തിലക്‌ 56 പന്തിൽ 107 റണ്ണുമായി പുറത്താകാതെനിന്നു. മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക അവസാന ഓവറുകളിൽ തകർത്തടിച്ചെങ്കിലും ഏഴിന്‌ 208ൽ അവസാനിച്ചു. 17 പന്തിൽ 54 റണ്ണെടുത്ത മാർകോ ജാൻസെനാണ്‌ അവസാന ഘട്ടത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കിയത്‌. ഇരുപതാം ഓവറിൽ ജാൻസണെ മടക്കി അർഷ്‌ദീപ്‌ സിങ് ജയമൊരുക്കി. അർഷ്‌ദീപ്‌ മൂന്ന്‌ വിക്കറ്റെടുത്തു.

സഞ്‌ജു സാംസൺ തുടർച്ചയായ രണ്ടാംമത്സരത്തിലും റണ്ണെടുക്കാതെ പുറത്താകുന്നതുകണ്ടാണ്‌ ഇന്ത്യയുടെ ഇന്നിങ്‌സ്‌ ആരംഭിച്ചത്‌. തുടർച്ചയായ രണ്ട്‌ സെഞ്ചുറികൾക്കുശേഷം രണ്ട്‌ പൂജ്യം. മാർകോ ജാൻസെൻ തന്നെയായിരുന്നു ഇക്കുറിയും വീഴ്‌ത്തിയത്‌. വീണ്ടും കുറ്റിതെറിച്ച്‌ മടക്കം. രണ്ട്‌ പന്താണ്‌ നേരിടാനായത്‌. ഈ വർഷം അഞ്ചാംതവണയാണ്‌ മലയാളിതാരം റണ്ണെടുക്കാതെ പുറത്താകുന്നത്‌.

എന്നാൽ, സഞ്‌ജുവിന്റെ മടക്കമൊന്നും ഇന്ത്യയുടെ റൺദാഹത്തെ ബാധിച്ചില്ല. മൂന്നാമനായെത്തിയ തിലക്‌ ഫോർ പായിച്ചാണ്‌ കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്‌. മുൻ മത്സരങ്ങളിൽ മങ്ങിയ അഭിഷേക്‌ ശർമ (25 പന്തിൽ 50) ഇക്കുറി താളം വീണ്ടെടുത്തു. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് (4 പന്തിൽ 1), ഹാർദിക്‌ പാണ്ഡ്യ (16 പന്തിൽ 18), റിങ്കു സിങ് (13 പന്തിൽ 8) എന്നിവർ പിടിച്ചുനിന്നില്ല. മറുവശത്ത്‌ തിലക്‌ കളംവാണു. 51 പന്തിലാണ്‌ ഇരുപത്തിരണ്ടുകാരന്റെ ആദ്യ സെഞ്ചുറി. ഏഴ് സിക്--സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്സിൽ.അരങ്ങേറ്റക്കാരൻ രമൺദീപ്‌ സിങ്‌ (6 പന്തിൽ 15) നേരിട്ട ആദ്യപന്ത്‌ സിക്‌സർ പറത്തിയാണ്‌ തുടങ്ങിയത്‌. അവസാന ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top