22 December Sunday
ലോകകപ്പിനുശേഷം തുടർച്ചയായി നേടുന്ന നാലാമത്തെ പരമ്പര

മുഖം മാറി, കളം വാണു ; ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ വിജയക്കുതിപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024



വാണ്ടറേഴ്‌സ്‌
ട്വന്റി20  ക്രിക്കറ്റ്‌ ലോകകപ്പിനുശേഷം തലമുറമാറ്റമായിരുന്നു ഇന്ത്യൻടീമിൽ. അതുവരെയുള്ള ചട്ടക്കൂടുകളെല്ലാം പൊട്ടിച്ചെറിയുന്ന ബാറ്റിങ്‌ രീതിയായിരുന്നു അതിന്റെ സവിശേഷത. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര 3–-1ന്‌ ഇന്ത്യ സ്വന്തമാക്കിയപ്പോൾ ആ മാറ്റത്തിന്‌ അടിവരയിടുന്നതായിരുന്നു കളിക്കാരുടെ പ്രകടനം. ഭയരഹിതമായ ബാറ്റിങ്‌രീതികൊണ്ട്‌ ടീം അപരാജിത സംഘമായി മാറുകയാണ്‌. ലോകകപ്പിനുശേഷം തുടർച്ചയായി നേടുന്ന നാലാമത്തെ പരമ്പരയാണിത്‌. ഈ വർഷം ലോകകപ്പ്‌ നേട്ടം കൂടാതെ അഞ്ച്‌ പരമ്പരവിജയവുംകൂടി ഇന്ത്യയുടെ പേരിലുണ്ട്‌.

ദക്ഷിണാഫ്രിക്കയുമായുള്ള നാലാം മത്സരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ്‌ യുവനിര നടത്തിയത്‌. തിലക്‌ വർമയും സഞ്‌ജു സാംസണും സെഞ്ചുറിയുമായി റൺകോട്ട പടുത്തുയർത്തിയപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മറുപടിയുണ്ടായില്ല. ഒരു വിക്കറ്റ്‌ നഷ്ടത്തിൽ 283 റൺ. ട്വന്റി20യിലെ മികച്ച അഞ്ചാമത്തെ സ്‌കോർ. തിലക്‌ തുടർച്ചയായ രണ്ടാം സെഞ്ചുറി കുറിച്ചപ്പോൾ സഞ്‌ജുവിന്റെ ഈ വർഷത്തെ മൂന്നാം മൂന്നക്കമാണിത്‌.

രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും കെ എൽ രാഹുലും ഉൾപ്പെടുന്ന തലമുറയിൽനിന്ന്‌ അഭിഷേക്‌ ശർമയും സഞ്‌ജുവും തിലകും ഉൾപ്പെട്ട നിരയിലേക്ക്‌ എത്തുമ്പോൾ ആക്രമണ മനോഭാവത്തിലാണ്‌ മാറ്റമുണ്ടായത്‌. ആക്രമണം എന്ന ഒറ്റവാക്കുമാത്രമാണ്‌ ഈ തലമുറ ബാറ്റർമാരുടെ മന്ത്രം. കളത്തിലുള്ള സമയം എത്രത്തോളം സ്വാധീനമുണ്ടാക്കിയെന്നതാണ്‌ പ്രധാനം.

ഇരുപത്തിമൂന്ന്‌ സിക്‌സറുകളാണ്‌ വാണ്ടറേഴ്‌സിൽ മൂവരും ചേർന്ന്‌ പറത്തിയത്‌. 14.1 ഓവറിലാണ്‌ 200 റൺ കടന്നത്‌. ഈ വർഷം ഒമ്പതുതവണ ഇന്ത്യ 200ന്‌ മുകളിൽ റണ്ണടിച്ചു. നാലാം മത്സരത്തിൽ 135 റൺ ജയത്തോടെ മറ്റൊരു നേട്ടംകൂടി കുറിച്ചു. 26 കളിയിൽ 24 ജയമായി ഈ വർഷം. വിജയശരാശരി 92.3. മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാകാത്ത നേട്ടം.

ട്വന്റി20 ലോകകപ്പിൽ പ്രഥമ ചാമ്പ്യൻമാരാണെങ്കിലും അതിവേഗക്കളിയുടെ പ്രതാപമുണ്ടായിരുന്നില്ല ടീമിന്‌. ഈ വർഷമാണ്‌ അതിന്‌ മാറ്റം വന്നത്‌. സൂര്യകുമാർ യാദവിന്റെ വരവ്‌ അടിമുടി മാറ്റമുണ്ടാക്കി. മൈതാനത്തിന്റെ ഏതുവശത്തേക്കും സിക്‌സർ പായിക്കാനും അതിവേഗത്തിൽ റണ്ണടിക്കാനും കഴിയുന്ന സൂര്യകുമാർ ഇന്ത്യൻടീമിന്‌ പുതിയ മുഖമാണ്‌ നൽകിയത്‌. ലോകകപ്പിൽ നയിക്കാനെത്തിയ രോഹിത്‌ ശർമയും പുതിയരീതിയിലേക്ക്‌ മാറി. ലോകകപ്പിനുശേഷം സൂര്യകുമാറിനായി ചുമതല. മുംബെക്കാരൻ അത്‌ ഭംഗിയായി നിറവേറ്റന്നു. ശ്രീലങ്കയിൽ രണ്ടുതവണ തുടർച്ചയായി പൂജ്യത്തിന്‌ പുറത്തായ സഞ്‌ജുവിന്‌ ക്യാപ്‌റ്റനും കോച്ച്‌ ഗൗതം ഗംഭീറും ആത്മവിശ്വാസം നൽകി. മൂന്ന്‌ സെഞ്ചുറികളാണ്‌ പിറന്നത്‌. അഭിഷേകിനും കിട്ടി പിന്തുണ. സ്വന്തം സ്ഥാനം ത്യജിച്ചാണ്‌ തിലകിനെ സൂര്യകുമാർ മൂന്നാം നമ്പറിലേക്കയച്ചത്‌. ആ പിന്തുണയിൽ ഇരുപത്തിരണ്ടുകാരൻ പരമ്പരയിലെ മികച്ച താരമായി മാറി.

സഞ്‌ജു, അഭിഷേക്‌, തിലക്‌, സൂര്യകുമാർ എന്നിവർക്കൊപ്പം ഹാർദിക്‌ പാണ്ഡ്യ, റിങ്കു സിങ്‌, അക്‌സർ പട്ടേൽ എന്നിവരും ബാറ്റിങ്‌നിരയ്‌ക്ക്‌ കരുത്ത്‌ പകരുന്നു.
ബൗളർമാരിലും മികച്ച നിരയാണ്‌. 12 വിക്കറ്റുമായി സ്‌പിന്നർ വരുൺ ചക്രവർത്തിയാണ്‌ മുന്നിൽ. പേസർ അർഷ്‌ദീപ്‌ സിങ്‌ എട്ട്‌ വിക്കറ്റെടുത്തു. ഇന്ത്യയുടെ വിക്കറ്റ്‌ വേട്ടക്കാരിൽ 95 എണ്ണവുമായി രണ്ടാമതാണ്‌ അർഷ്‌ദീപ്‌. യുശ്‌വേന്ദ്ര ചഹാലിനേക്കാൾ ഒരെണ്ണംമാത്രം കുറവ്‌. അക്‌സറും ഹാർദികും രവി ബിഷ്‌ണോയിയും തിളങ്ങി.
ജനുവരിയിൽ ഇംഗ്ലണ്ടുമായാണ്‌ ഇന്ത്യക്ക്‌ മത്സരം. അഞ്ച്‌ ട്വന്റി20യാണ്‌ പരമ്പരയിൽ. നാട്ടിലാണ് ഈ പരമ്പര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top