പല്ലെക്കെലെ
പുതിയ ഇന്ത്യ ജയിച്ചുതുടങ്ങി. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 ക്രിക്കറ്റിൽ 43 റൺ ജയം. ക്യാപ്‌റ്റനായുള്ള അരങ്ങേറ്റം ഉജ്വലമാക്കിയ സൂര്യകുമാർ യാദവാണ് വിജയശിൽപ്പി. 26 പന്തിൽ 58 റണ്ണടിച്ച സൂര്യയുടെ കരുത്തിൽ ഇന്ത്യ 213 റണ്ണെടുത്തു. ലങ്കയുടെ മറുപടി 170ൽ അവസാനിച്ചു. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന് കീഴിലെയും ഇന്ത്യയുടെ ആദ്യകളിയായിരുന്നു. മൂന്നുമത്സര പരമ്പരയിൽ 1–-0ന് ഇന്ത്യ മുന്നിലെത്തി.
സ്‌കോർ: ഇന്ത്യ 213/7 ലങ്ക 170 (17.2).
ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഒഴിവാക്കി. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറായെത്തിയത്. വൈസ്‌ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും (16 പന്തിൽ 34) യശസ്വി ജയ്‌സ്വാളും (21 പന്തിൽ 40) മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 74 ചേർത്ത് ഇരുവരും. തൊട്ടടുത്ത പന്തുകളിലാണ് പുറത്തായത്. ജയ്‌സ്വാൾ രണ്ട് സിക്‌സറും അഞ്ച് ഫോറും നേടിയപ്പോൾ ഗിൽ ഒരു സിക്‌സറും ആറ് ബൗണ്ടറിയും പായിച്ചു. മൂന്നാമനായെത്തിയാണ് സൂര്യകുമാർ അടിച്ചുതകർത്തത്. രണ്ട് സിക്‌സും എട്ട് ഫോറും ക്യാപ്‌റ്റൻ നേടി. പന്തിനൊപ്പം (33 പന്തിൽ 49) ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറയിട്ടാണ് സൂര്യകുമാർ മടങ്ങിയത്. മതീഷ പതിരാനയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു. പിന്നീടെത്തിയ ആർക്കും സ്‌കോർ ഉയർത്താനായില്ല. ഹാർദിക് പാണ്ഡ്യ(9)യും റിയാൻ പരാഗും (7) റിങ്കു സിങ്ങും (1) മങ്ങി. അവസാന ഓവറുകളിൽ വമ്പനടി തീർത്ത് പന്താണ് 200 കടത്തിയത്. ഒരു സിക്‌സറും ആറ് ഫോറും ഈ ഇടംകൈയൻ നേടി. ലങ്കയ്‌ക്കായി പേസർ പതിരാന നാല് വിക്കറ്റ് വീഴ്‌ത്തി.
മറുപടിയിൽ ഓപ്പണർമാരായ പതും നിസങ്കയും (48 പന്തിൽ 79) കുശാൽ മെൻഡിസും (27 പന്തിൽ 45) ലങ്കയ്‌ക്കായി ആഞ്ഞടിച്ചു. നാല് സിക്‌സറും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു നിസങ്കയുടെ ഇന്നിങ്‌സ്. കുശാൽ പെരേര 20 റണ്ണടിച്ചു. എന്നാൽ, മുൻനിര ബാറ്റർമാർ പുറത്തായശേഷം ലങ്ക തകർന്നു. ക്യാപ്‌റ്റൻ ചാരിത് അസലങ്കയും ദാസുൺ ഷനകയും റണ്ണെടുക്കാതെ മടങ്ങി. വണിന്ദു ഹസരങ്ക രണ്ട് റണ്ണിൽ അവസാനിപ്പിച്ചു. ഇന്ത്യൻനിരയിൽ പരാഗിന് മൂന്ന് വിക്കറ്റുണ്ട്. അർഷ്‌ദീപ് സിങ്ങിനും അക്‌സർ പട്ടേലിനും രണ്ടുവീതം വിക്കറ്റുമുണ്ട്. ഇന്നാണ് രണ്ടാം മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..