ഷാർജ
ആതിഥേയരായ യുഎഇയെ തരിപ്പണമാക്കി ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് സെമിയിൽ. നാളെ ശ്രീലങ്കയാണ് എതിരാളി. ജയം അനിവാര്യമായ കളിയിൽ യുഎഇയെ 10 വിക്കറ്റിനാണ് ഇന്ത്യൻ കൗമാരപ്പട വീഴ്‌ത്തിയത്. ഗ്രൂപ്പ് എയിൽ നാല് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് മുന്നേറ്റം. മറ്റൊരു സെമിയിൽ പാകിസ്ഥാൻ നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ നേരിടും.
ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ടോസ് നേടിയ യുഎഇ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, കാര്യങ്ങൾ അവർ കരുതിയതുപോലെയായിരുന്നില്ല. ഇന്ത്യൻ ബൗളർമാർ തുടക്കത്തിലേ പിടിമുറുക്കി. 44 ഓവറിൽ 137 റണ്ണിന് അവർ കൂടാരം കയറി. 35 റണ്ണെടുത്ത മുഹമ്മദ് റയാനാണ് ടോപ്‌സ്‌കോറർ. ഇന്ത്യക്കായി യുധജിത് ഗുഹ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ചേതൻ ശർമയ്‌ക്കും ഹാർദിക് രാജിനും രണ്ടുവീതം വിക്കറ്റുണ്ട്. മലയാളി സ്‌പിന്നർ മുഹമ്മദ് ഇനാന് വിശ്രമം നൽകിയാണ് ഇന്ത്യ എത്തിയത്. മറുപടിയിൽ ഓപ്പണർമാരായ വൈഭവ് സൂര്യവൻഷിയും (46 പന്തിൽ 76*) ആയുഷ് മാത്രെയും (51 പന്തിൽ 67*) ഇന്ത്യക്ക് 203 പന്ത് ബാക്കിനിൽക്കെ ജയമൊരുക്കി.
പതിമൂന്നുകാരനായ വൈഭവ് ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും പായിച്ചു. ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്‌ക്ക് ഈ ഇടംകൈയനെ സ്വന്തമാക്കിയിരുന്നു. ആയുഷ് നാലുവീതം സിക്‌സറും ഫോറും നേടി. സ്‌കോർ: യുഎഇ 137 (44) ഇന്ത്യ 143 (16.1).
മറ്റൊരു മത്സരത്തിൽ പാകിസ്ഥാൻ ജപ്പാനെ 180 റണ്ണിന് തകർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..