നം ദിൻ (വിയറ്റ്‌നാം)
തിരിച്ചടികൾ മറന്ന് ജയം കൊതിച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. രാജ്യാന്തര സൗഹൃദ ഫുട്‌ബോളിൽ വിയറ്റ്‌നാമാണ് എതിരാളി. വിയറ്റ്‌നാമിലെ നം ദിനിലെ തിയെൻ തുറോങ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ത്രിരാഷ്‌ട്ര ടൂർണമെന്റായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാൽ, പുതിയ സാഹചര്യം കണക്കിലെടുത്ത് അറബ് രാജ്യമായ ലെബനൻ പിൻമാറി. ഇതോടെയാണ് ഇന്ത്യ രാജ്യാന്തര ഇടവേളയിൽ ഒറ്റമത്സരത്തിനായി വിയറ്റ്‌നാമിൽ എത്തിയത്.
ജയമല്ലാതെ മറ്റൊന്നും ഇന്ത്യയുടെ മനസ്സിലില്ല. കഴിഞ്ഞ 10 കളിയിലും ജയമില്ല. അവസാനമായി കഴിഞ്ഞവർഷം നവംബറിലാണ് ഒരു കളി ജയിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കുവൈത്തിനെ ഒരു ഗോളിന് വീഴ്‌ത്തി. പിന്നീട് കഷ്ടകാലമായിരുന്നു. ഏഷ്യൻ കപ്പിൽ സമ്പൂർണ പരാജയമായി. ലോകകപ്പ് യോഗ്യതാറൗണ്ടിൽനിന്ന് പുറത്തായി. ഇതോടെ ക്രൊയേഷ്യൻ പരിശീലകൻ ഇഗർ സ്റ്റിമച്ചിന്റെ സ്ഥാനം തെറിച്ചു. പകരം സ്‌പാനിഷുകാരനായ മനോലോ മാർക്വസിനെ എത്തിച്ചു.
എഫ്‌സി ഗോവയുടെ ചുമതലകൂടി വഹിക്കുന്ന മനോലോയ്‌ക്ക് കീഴിൽ ആദ്യ ടൂർണമെന്റിൽത്തന്നെ അടിപതറി. സ്വന്തംതട്ടകത്തിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ മങ്ങി. അവസാന 10 കളിയിൽ ഏഴിലും തോറ്റു. മൂന്ന് സമനിലയുമുണ്ട്. 16 ഗോളാണ് വഴങ്ങിയത്. അടിച്ചതാകട്ടെ വെറും രണ്ട് ഗോൾ മാത്രം. മുന്നേറ്റനിരയും പ്രതിരോധവുമെല്ലാം പാളി. ഫിഫ റാങ്കിങ്ങിൽ 116–-ാമതാണ് വിയറ്റ്‌നാം. ഇന്ത്യയാകട്ടെ 126–-ാമതും. വിജയവഴിയിൽ തിരിച്ചെത്താനും ആത്മവിശ്വാസം വീണ്ടെടുക്കാനും ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..