മെൽബൺ> ബോർഡർ ഗാവസ്കർ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ 164/5 എന്നനിലയിലാണ് ഇന്ത്യ. സ്കോർ: ഓസ്ട്രേലിയ 474. ഇന്ത്യ 164/5.
ഓസ്ട്രേലിയ ഉയർത്തിയ 474ന്റെ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർ എട്ട് റൺസിൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമയെ (5 പന്തിൽ 3) നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ കെ എൽ രാഹുലും (53 പന്തിൽ 21) നേരത്തേ കൂടാരം കയറി. പാറ്റ് കമിൻസാണു രണ്ടു പേരെയും പുറത്താക്കിയത്. പിന്നാലെ വിരാട് കോഹ്‍ലിയും യശസ്വി ജയ്സ്വാളും ചേർന്നെടുത്ത 102 റൺസിന്റെ കൂട്ടുകെട്ടാണു ഇന്ത്യയ്ക്ക് തുണയായത്. 118 പന്തിൽ 82 റൺസെടുത്ത ജയ്സ്വാൾ റൺഔട്ടാവുകയായിരുന്നു. പിന്നാലെ കോഹ്‍ലിയും (86 പന്തിൽ 36) ആകാശ്ദീപും (13 പന്തിൽ 0) വീണു. ഋഷഭ് പന്തും (7 പന്തിൽ 6), രവീന്ദ്ര ജഡേജയും (7 പന്തിൽ 4) എന്നിവരാണ് ക്രീസിൽ.
സ്റ്റീവ് സ്മിത്തിന്റെ (197 പന്തിൽ 140) സെഞ്ചുറിക്കരുത്തിലാണ് ഓസീസ് മികച്ച സ്കോറിലെത്തിയത്. ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തിൽ 86 ഓവറിൽ 311 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ദിനം 163 റൺസുകൂടി കൂട്ടിച്ചേർത്തു. കളിയുടെ തുടക്കം മുതൽ ഓസീസ് മികച്ച പ്രകടനമാണ് കഴ്ചവെച്ചത്. ഓപ്പറണായി ഇറങ്ങിയ പത്തൊമ്പതുകാരൻ സാം കോൺസ്‌റ്റാസ് അരങ്ങേറ്റത്തിൽ അർധസെഞ്ചുറി കുറിച്ചു. 65 പന്തിൽ നിന്ന 60 റൺസാണ് താരം അടിച്ചെടുത്തത്. മാർണസ് ലബുഷെയ്‌ൻ (72), ഉസ്‌മാൻ ഖവാജ (57) എന്നിവരും തിളങ്ങി. ഇന്ത്യക്കായി ജസ്‌പ്രീത് ബുമ്ര നാല് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ മൂന്നും ആകാശ്ദീപ് രണ്ടും വാഷിങ്‌ടൺ സുന്ദർ ഒരു വിക്കറ്റും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..