വഡോദര
ദീപ്‌തി ശർമയുടെ ഓൾറൗണ്ട് മികവിൽ വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾ തൂത്തുവാരി. മൂന്നാമത്തെ മത്സരം അഞ്ച് വിക്കറ്റിന് ജയിച്ചു. കളിയിലെ താരമായ സ്‌പിൻ ബൗളർ ദീപ്‌തി ആറ് വിക്കറ്റെടുത്തു. 48 പന്തിൽ 39 റണ്ണുമായി വിജയത്തിലേക്ക് നയിച്ചതും ദീപ്‌തിയാണ്.
സ്‌കോർ: വിൻഡീസ് 162 (38.5), ഇന്ത്യ 167/5(28.2)
ആദ്യ ഓവറിൽ വിൻഡീസ് ഓപ്പണർമാരെ മടക്കി പേസർ രേണുക താക്കൂർ സിങ് സ്വപ്‌നസമാനമായ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ചിനെല്ലി ഹെൻറിയും (61) ഷിമെയ്‌ൻ കാംബല്ലെയും (46) വിൻഡീസിനായി രക്ഷാപ്രവർത്തനം നടത്തി. ദീപ്‌തി 10 ഓവറിൽ 31 റൺ വഴങ്ങിയാണ് ആറ് വിക്കറ്റെടുത്തത്. രേണുക 9.5 ഓവറിൽ 29 റൺ വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി.
ഇന്ത്യൻ നിരയിൽ സ്‌മൃതി മന്ദാനയും (4) ഹർലിൻ ഡിയോളും (1) മങ്ങി. ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ (32), ജെമീമ റോഡ്രിഗസ് (29) എന്നിവർ സ്‌കോർ ഉയർത്തി. ദീപ്‌തിക്കൊപ്പം റിച്ചാഘോഷും (23) പുറത്താകാതെ നിന്നു. മൂന്നു കളിയിൽ 10 വിക്കറ്റെടുത്ത രേണുക താക്കൂറാണ് പരമ്പരയിലെ താരം. ട്വന്റി20 പരമ്പര ഇന്ത്യ 2–-1ന് നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..