22 November Friday
അവസാനകളിയിൽ സെഞ്ചുറി നേടിയിട്ടും സഞ്ജു ഏകദിനത്തിൽ പുറത്ത്‌

സൂര്യകുമാർ ക്യാപ്‌റ്റൻ, സഞ്‌ജു ടീമിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

സൂര്യകുമാർ യാദവ്‌ image credit Suryakumar Yadav facebook


മുംബൈ
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്‌ജു സാംസൺ ട്വന്റി20 ടീമിൽ തുടർന്നപ്പോൾ ഏകദിനത്തിൽ ഇടംപിടിച്ചില്ല. ട്വന്റി20 ടീമിനെ സൂര്യകുമാർ യാദവ്‌ നയിക്കും. രോഹിത്‌ ശർമയാണ്‌ ഏകദിന ടീം നായകൻ. വിരാട്‌ കോഹ്‌ലിയും ഏകദിനം കളിക്കും. പേസർ ഹർഷിത്‌ റാണയാണ്‌ പുതുമുഖം. ജസ്‌പ്രീത്‌ ബുമ്രയ്‌ക്ക്‌ വിശ്രമം അനുവദിച്ചു. ഈ മാസം 27നാണ്‌ പരമ്പരയ്‌ക്ക്‌ തുടക്കം. മൂന്നുവീതം ട്വന്റി20യും ഏകദിനവുമാണ്‌ പരമ്പരയിൽ.
ഗൗതം ഗംഭീർ പരിശീലകസ്ഥാനം ഏറ്റെടുത്തശേഷമുള്ള ആദ്യ പരമ്പരയാണിത്‌.

ലോകകപ്പിനുശേഷം രോഹിതും കോഹ്‌ലിയും ട്വന്റി20യിൽനിന്ന്‌ വിരമിച്ചിരുന്നു. ഹാർദിക്‌ പാണ്ഡ്യയായിരുന്നു വൈസ്‌ ക്യാപ്‌റ്റൻ. എന്നാൽ, ഹാർദിക്കിനെ മറികടന്നാണ്‌ സൂര്യകുമാറിന്‌ ക്യാപ്‌റ്റൻസ്ഥാനം നൽകിയത്‌. സിംബാബ്‌വെ പര്യടനത്തിൽ ക്യാപ്‌റ്റനായ ശുഭ്‌മാൻ ഗില്ലിനെ വൈസ്‌ ക്യാപ്‌റ്റനാക്കി. ഏകദിനത്തിലും ഗില്ലാണ്‌ ഉപനായകൻ. ശ്രേയസ്‌ അയ്യരെ തിരികെ വിളിച്ചു. കെ എൽ രാഹുലും തിരിച്ചെത്തി. സിംബാബ്‌വെ പര്യടനത്തിലുണ്ടായിരുന്ന ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌, അഭിഷേക്‌ ശർമ തുടങ്ങിയവരെ ഒഴിവാക്കി.

സഞ്‌ജുവിന്‌ ഏകദിന ടീമിൽ ഇടംകിട്ടാത്തത്‌ അപ്രതീക്ഷിത തീരുമാനമായി. ഇന്ത്യക്കായി കളിച്ച അവസാന ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാളിലായിരുന്നു സെഞ്ചുറി നേടിയത്‌. ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന്‌ ഒഴിവാക്കിയ ശ്രേയസ്‌ അയ്യർ ഏകദിന ടീമിലാണ്‌ ഉൾപ്പെട്ടത്‌. പരിക്കുകാരണം പുറത്തായിരുന്ന രാഹുലും ഏകദിനത്തിലാണ്‌ ഇടംകണ്ടത്‌. റിയാൻ പരാഗ്‌ ഇരുടീമിലും ഉൾപ്പെട്ടു. ഹാർദിക്‌ പരമ്പരയിൽ ഏകദിനം കളിക്കില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു.

ട്വന്റി20 ടീം: സൂര്യകുമാർ യാദവ്‌, ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, റിങ്കു സിങ്‌, റിയാൻ പരാഗ്‌, ഋഷഭ്‌ പന്ത്‌, സഞ്‌ജു സാംസൺ, ഹാർദിക്‌ പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്‌, അർഷ്‌ദീപ്‌ സിങ്‌, ഖലീൽ അഹമ്മദ്‌, മുഹമ്മദ്‌ സിറാജ്‌.

ഏകദിന ടീം: രോഹിത്‌ ശർമ, ശുഭ്‌മാൻ ഗിൽ, വിരാട്‌ കോഹ്‌ലി, കെ എൽ രാഹുൽ,  ഋഷഭ്‌ പന്ത്‌, ശ്രേയസ്‌ അയ്യർ, ശിവം ദുബെ, കുൽദീപ്‌ യാദവ്‌, മുഹമ്മദ്‌ സിറാജ്‌, വാഷിങ്‌ടൺ സുന്ദർ, അർഷ്‌ദീപ്‌ സിങ്‌, റിയാൻ പരാഗ്‌, അക്‌സർ പട്ടേൽ, ഖലീൽ അഹമ്മദ്‌, ഹർഷിത്‌ റാണ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top