ഹൈദരാബാദ്
പുതിയ പരിശീലകൻ വന്നിട്ടും ഇന്ത്യൻ ഫുട്‌ബോളിന്റെ കളിരീതിക്ക് മാറ്റമില്ല. മനോലോ മാർക്വസ് ഇന്ത്യൻ ടീം പരിശീലകനായി അരങ്ങേറിയ ആദ്യകളിയിൽ ഇന്ത്യക്ക് നിരാശപ്പെടുത്തുന്ന സമനില. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ 179–-ാംറാങ്കുകാരായ മൗറീഷ്യസിനോട് ഗോളില്ലാ കളിയുമായാണ് തിരിച്ചുകയറിയത്.
റാങ്കിങ് പട്ടികയിൽ ഏറെ പിന്നിലുള്ള ആഫ്രിക്കൻ ദ്വീപ് രാജ്യത്തിനെതിരെ കളിയുടെ ഒരുഘട്ടത്തിലും മൂർച്ചയോടെ കളിക്കാൻ ഇന്ത്യക്കായില്ല. ആക്രമണ ഫുട്‌ബോൾ ശൈലിക്ക് പേരുകേട്ട മനോലോയ്‌ക്ക് ആദ്യ പരീക്ഷണത്തിൽ തന്ത്രങ്ങളുണ്ടായില്ല. പന്തടക്കത്തിൽ മാത്രം മുന്നിൽനിന്നു. മൗറീഷ്യസിന്റെ ഭാഗത്തുനിന്ന് ആക്രമണനീക്കങ്ങൾ കുറവായിരുന്നു.
മുന്നേറ്റത്തിൽ സുനിൽ ഛേത്രിയുടെ വിടവ് കൃത്യമായി തെളിഞ്ഞു. ഛേത്രിയുടെ വിരമിക്കലോടെ മുന്നേറ്റത്തിന്റെ മൂർച്ച നഷ്ടമായെന്ന് തെളിയുക്കുന്നതായിരുന്നു പ്രകടനം. മൻവീർ സിങ്ങിനായിരുന്നു മനോലോ ആക്രമണച്ചുമതല നൽകിയത്. ലല്ലിയൻസുവാല ചാങ്‌തെയും ലിസ്‌റ്റൺ കൊളാസോയും വശങ്ങളിൽ മുന്നേറിയെങ്കിലും കാര്യമുണ്ടായില്ല. മലയാളിതാരം സഹൽ അബ്‌ദുൾ സമദ് പകരക്കാരനായി ഇറങ്ങി. ഈ വർഷം ഇതുവരെ കളിച്ച എട്ട് കളിയിലും ഇന്ത്യക്ക് ജയമില്ല. ഒമ്പതിന് സിറിയയുമായാണ് അടുത്ത മത്സരം. ആറിന് സിറിയയും മൗറീഷ്യസും ഏറ്റുമുട്ടും. ഹെെദരാബാദ് തന്നെയാണ് വേദി. എല്ലാ മത്സരവും രാത്രി ഏഴരയ്--ക്കാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..