22 December Sunday

ഐഒഎയിൽ പോര്‌ കനത്തു ; ഉഷയും വിട്ടുവീഴ്‌ചയ്‌ക്കില്ല, കായികമന്ത്രാലയം ഇടപെട്ടേക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


ന്യൂഡൽഹി
ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷനിൽ (ഐഒഎ) നടക്കുന്ന കലാപത്തിൽ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന നിലപാടുമായി പ്രസിഡന്റ്‌ പി ടി ഉഷ. ഇതോടെ അടിമൂത്ത്‌ അസോസിയേഷൻ പ്രവർത്തനം പ്രതിസന്ധിയിലായി. പോര്‌ രൂക്ഷമായ സാചര്യത്തിൽ കായികമന്ത്രാലയം ഇടപെട്ടേക്കും. 

ഒളിമ്പിക്‌സ്‌ അസോസിയേഷൻ എക്‌സിക്യൂട്ടീവ്‌ അംഗങ്ങൾ നടത്തുന്ന കലാപത്തിൽ വിശദീകരണവുമായി ഉഷ രംഗത്തെത്തി. ഭരണഘടന തിരുത്തണമെന്നാവശ്യപ്പെട്ട്‌ അംഗങ്ങൾ പ്രശ്നങ്ങളുണ്ടാക്കുകയാണ്‌. മൂന്നുകോടി രൂപ വാർഷിക ശമ്പളമുള്ള സിഇഒ രഘുറാം രാജന്റെ നിയമനത്തിന്‌ അംഗീകാരം തേടാനാണ്‌ വ്യാഴാഴ്‌ച എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗം വിളിച്ചത്‌. എന്നാൽ, അജൻഡ അവതരിപ്പിക്കാൻപോലും അനുവദിക്കാതെ അംഗങ്ങൾ ബഹളംവച്ചു. പുതിയ സിഇഒയെ ഒറ്റയ്‌ക്ക്‌ നിയമിച്ചതല്ല.  മേരി കോം, നിത അംബാനി, ശരത്‌ കമൽ തുടങ്ങിയവരുടെ സമിതിയാണ്‌ അഭിമുഖത്തിനുശേഷം നിയമനം നടത്തിയത്‌. അപേക്ഷിച്ച പതിനൊന്നിൽ ഏഴുപേർക്ക്‌ മാത്രമാണ്‌ നിബന്ധന പാലിക്കാനായത്‌. എന്തുകൊണ്ട്‌ സിഇഒ നിയമനം വൈകുന്നുവെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസും ആരാഞ്ഞിരുന്നു. ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായി പുതിയ നിയമനം വേണമെന്നാണ്‌ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെടുന്നത്‌. ജോയിന്റ്‌ സെക്രട്ടറിയായ കല്യാൺ ചൗബെയ്‌ക്ക്‌ ആക്‌ടിങ്‌ സിഇഒ ആയി തുടരാനാകില്ലെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌സ്‌ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്‌. രഘുറാം രാജന്റെ നിയമനത്തോട്‌ എതിർപ്പില്ലെന്ന്‌ പറഞ്ഞവരാണ്‌ ഇപ്പോൾ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ഉഷ പറഞ്ഞു.

ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക്‌  മറുപടിയുണ്ടായില്ലെന്നാണ്‌ അംഗങ്ങളുടെ പരാതി. പാരിസ്‌ ഒളിമ്പിക്‌സ്‌ സംഘത്തിൽ പലരെയും  തിരുകിക്കയറ്റിയെന്നും അനധികൃതമായി പണം അനുവദിച്ചെന്നും അടക്കം 14 ആരോപണങ്ങളാണ്‌ 12 അംഗങ്ങൾ ഉന്നയിച്ചത്‌. വ്യാഴാഴ്‌ച ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉഷ വിസമ്മതിച്ചതോടെ യോഗം അലങ്കോലമായി. 15 അംഗങ്ങളിൽ മേരികോം അടക്കം മൂന്നുപേർ മാത്രമാണ്‌ ഉഷയ്‌ക്ക്‌ ഒപ്പമുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top