23 December Monday

ഐഎസ്എൽ ഫുട്ബോൾ; ബഗാന്‌ തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കൊൽക്കത്ത > സ്വന്തം തട്ടകത്തിൽ ഒന്നുപതറിയശേഷം മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ തകർപ്പൻ തിരിച്ചുവരവ്‌. ഐഎസ്‌എൽ ഫുട്‌ബോളിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെതിരെ പിന്നിട്ടുനിന്നശേഷം ബഗാൻ 3–-2ന്റെ ജയം നേടി. അവസാനഘട്ടത്തിൽ ജാസൺ കമ്മിങ്‌സാണ്‌ കൊൽക്കത്തൻ വമ്പന്മാരുടെ വിജയഗോൾ കുറിച്ചത്‌.

കളി തുടങ്ങി അഞ്ച്‌ മിനിറ്റിൽ നോർത്ത്‌ ഈസ്‌റ്റ്‌ മുന്നിലെത്തി. മുഹമ്മദ്‌ അലി ബെമാമ്മെർ ആണ്‌ ലക്ഷ്യം കണ്ടത്‌. ബഗാൻ ഉടൻ തിരിച്ചടിച്ചു. ദിപ്പേന്ദു ബിശ്വാസാണ്‌ സമനില പിടിച്ചത്‌. അരമണിക്കൂർ തികയുംമുമ്പ്‌ ഒരിക്കൽക്കൂടി നോർത്ത്‌ ഈസ്‌റ്റ്‌ ലീഡ്‌ നേടി. ഇക്കുറി അലായെദ്ദീൻ അസാറിയിയെയാണ്‌ ഗോൾ അടിച്ചത്‌. മലയാളിതാരം എം എസ്‌ ജിതിൻ അവസരമൊരുക്കി.

ഇടവേളയ്‌ക്കുശേഷമായിരുന്നു ബഗാന്റെ തകർപ്പൻ തിരിച്ചുവരവ്‌. സുഭാശിഷ് ബോസിലൂടെ ഒപ്പമെത്തിയ ബഗാൻ കളി തീരാൻ മൂന്ന്‌ മിനിറ്റ്‌ ശേഷിക്കെ ജയവും കുറിച്ചു. മലയാളിതാരം സഹൽ അബ്‌ദുൾ സമദിന്റെ ഒന്നാന്തരം പാസാണ്‌ കമ്മിങ്‌സിന്റെ ഗോളിന്‌ വഴിയൊരുക്കിയത്‌. നാല് പോയിന്റുമായി ബഗാൻ നാലാമതാണ്‌. മൂന്ന്‌ പോയിന്റുള്ള നോർത്ത്‌ ഈസ്‌റ്റ്‌ ഏഴാമതും. ആറ് പോയിന്റുള്ള ബംഗളൂരു എഫ്സിയാണ് ഒന്നാമത്. കേരള ബ്ലാസ്--റ്റേഴ്സ് ആറാമതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top