22 November Friday

ബഗാൻ മടയിൽ 
മുംബൈ ; ഐഎസ്‌എല്ലിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

മോഹൻ ബഗാൻ താരം സഹൽ അബ്-ദുൾ സമദ് പരിശീലനത്തിനിടെ


കൊൽക്കത്ത
ഐഎസ്‌എൽ ഫുട്ബോളിലെ പുതിയ സീസണിന്‌ വമ്പൻ പോരാട്ടത്തോടെ തുടക്കം. കൊൽക്കത്തയിൽ നടക്കുന്ന ഉദ്‌ഘാടനമത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌, മുംബൈ സിറ്റി എഫ്‌സിയെ നേരിടും. രാത്രി 7.30നാണ്‌ കളി. മുംബൈ സിറ്റി നിലവിലെ ചാമ്പ്യൻമാരാണ്‌. ബഗാൻ ഷീൽഡ്‌ ജേതാക്കളും. ഇരുടീമിലും മികച്ച വിദേശതാരങ്ങളുടെ നിരയുണ്ട്‌. ഇന്ത്യൻ യുവനിരയും മിന്നും.

ബഗാനെ തകർത്തായിരുന്നു മുംബൈ കിരീടം നേടിയത്‌. ബഗാൻ പോയിന്റ്‌ പട്ടികയിൽ ഒന്നാമതായിരുന്നു. നിർണായക കളിയിൽ മുംബൈയെ വീഴ്‌ത്തിയാണ്‌ ഒന്നാംസ്ഥാനം പിടിച്ചത്‌. 2–-1ന്റെ ജയത്തോടെ ഒന്നാംസ്ഥാനവും ഷീൽഡും കൊൽക്കത്തൻ ക്ലബ് സ്വന്തമാക്കി. കപ്പ്‌ ഫൈനലിൽ മുംബൈ തിരിച്ചടിച്ചു. 3–-1ന്റെ ജയത്തോടെ കിരീടം. 2020–-21ലും ബഗാനെ കീഴടക്കിയായിരുന്നു നേട്ടം. ഷീൽഡും സ്വന്തമാക്കി.

പീറ്റർ ക്രാറ്റ്‌കിയെന്ന യുവപരിശീലകനാണ്‌ മുംബൈയുടെ അമരത്ത്‌. ബഗാനെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ബിപിൻ സിങ്ങാണ്‌ ഇന്ന്‌ മുംബൈയുടെ ശ്രദ്ധാകേന്ദ്രം. 2021ലെ ഫൈനലിൽ വിജയഗോൾ നേടിയത്‌ ബിപിനായിരുന്നു. കഴിഞ്ഞ സീസൺ ഫൈനലിലും ലക്ഷ്യംകണ്ടു. ബഗാനെതിരെ നാല്‌ ഗോൾ നേടിയപ്പോൾ രണ്ടെണ്ണത്തിന്‌ അവസരവും ഒരുക്കിയിട്ടുണ്ട്‌.

മറുവശത്ത്‌ ജാസൺ കമ്മിങ്‌സ്‌, ദിമിത്രി പെട്രറ്റോസ്‌ എന്നിവർ അപകടകാരികളാണ്‌. മുംബൈ നിരയിൽ കളിച്ചിട്ടുള്ള ഗ്രെഗ്‌ സ്റ്റുവർട്ടും അപുയയും ഇക്കുറി ബഗാന്റെ കൂടെയാണ്‌. ഹൊസെ മൊളീനയാണ്‌ കൊൽക്കത്തൻ ടീമിന്റെ പരിശീലകൻ. ഇന്ത്യൻ ടീമിന്റെ ഭാഗമായ ലല്ലിയൻസുവാല ചാങ്‌തെ, വിക്രംപ്രതാപ്‌ സിങ്‌, മെഹ്‌താബ്‌ സിങ്‌, ബ്രണ്ടൻ ഫെർണാണ്ടസ്‌, പുർബ ലച്ചെൻപ എന്നിവരാണ്‌ മുംബൈയുടെ കരുത്ത്‌. മറുവശത്ത്‌, മലയാളി മധ്യനിരക്കാരൻ സഹൽ അബ്‌ദുൾ സമദ്‌, അനിരുദ്ധ്‌ ഥാപ്പ, ലിസ്റ്റൺ കൊളാസോ, സുഭാശിഷ്‌ബോസ്‌, അപുയ, വിശാൽ കെയ്‌ത്‌ എന്നിവർ ഉൾപ്പെട്ട ആഭ്യന്തര താരനിരയുണ്ട്‌ ബഗാന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top