പാരിസ്> ജമൈക്കൻ ഇതിഹാസം ഷെല്ലി ആൻഫ്രേസർ പ്രൈസിന് കണ്ണീരോടെ പടിയിറക്കം. പാരിസ് അവസാനത്തേതാണെന്ന് പ്രഖ്യാപിച്ചെത്തിയ ഷെല്ലി, പരിക്ക് കാരണം വനിതകളുടെ 100 മീറ്ററിൽനിന്ന് പിന്മാറി. സെമിക്ക് തൊട്ടുമുമ്പുള്ള പരിശീലനത്തിനിടെയാണ് മുപ്പത്തേഴുകാരിക്ക് പരിക്കേറ്റത്. 4x100 മീറ്റർ റിലേയിൽക്കൂടി മത്സരിക്കാനുണ്ട്. എന്നാൽ ഉറപ്പില്ല. വ്യാഴാഴ്‌ചയാണ് ഹീറ്റ്‌സ്. അഞ്ചുതവണ ലോക ചാമ്പ്യനും രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലിക്ക് അവസാന നാല് ഒളിമ്പിക്‌സിലും മെഡലുണ്ട്. മേളയിലാകെ എട്ടു പതക്കങ്ങൾ. 17 വർഷത്തെ സ്‌പ്രിന്റ് ജീവിതത്തിൽ 24 രാജ്യാന്തര മെഡലുകളുണ്ട്.
ഹീറ്റ്‌സിൽ 10.92 സെക്കൻഡിൽ രണ്ടാംസ്ഥാനക്കാരിയായാണ് സെമിയിലേക്ക് യോഗ്യത നേടിയത്. പരിശീലനത്തിനെത്താൻ വൈകിയതാണ് പിന്മാറ്റത്തിന് കാരണമെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ജമൈക്കൻ അത്‌ലീറ്റ് സംഘത്തലവൻ ഇയാൻ കെല്ലി ഇക്കാര്യം നിഷേധിച്ചു. പരിക്ക് കാരണമാണ് മുൻ ചാമ്പ്യൻ ഇറങ്ങാത്തതെന്ന് അറിയിച്ചു. 2008ലായിരുന്നു ഒളിമ്പിക്‌സ് അരങ്ങേറ്റം. ബീജിങ്ങിലും 2012 ലണ്ടനിലും പൊൻനേട്ടവുമായി മടങ്ങി. ലോകത്തിലെ എക്കാലത്തെയും വേഗമുള്ള മൂന്നാമത്തെ വനിതയാണ്. ജീവിക്കുന്നവരിലെ ഏറ്റവും വേഗക്കാരിയും. 2021 ലുസെയ്‌ൻ ഡയമണ്ട് ലീഗിൽ 10.60 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് അമ്പരപ്പിച്ചു. അമ്മയായശേഷമായിരുന്നു ഈ പ്രകടനം.
‘നിരാശ പറഞ്ഞറിയിക്കാനാകില്ല. കളിജീവിതത്തിലുടനീളം പിന്തുണച്ച ആരാധകർക്കും രാജ്യത്തിനും പരിശീലകർക്കും നന്ദി. നിങ്ങളുടെ വിശ്വാസമില്ലായിരുന്നെങ്കിൽ ഈ ഷെല്ലി ഉണ്ടാകില്ല’–-സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ഇനി മകനൊപ്പം ജീവിക്കണമെന്നു പറഞ്ഞാണ് ഫെബ്രുവരിയിൽ വിരമിക്കൽ തീരുമാനം അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..