ലണ്ടൻ
മുപ്പത്തേഴാംവയസ്സിലും ബൂട്ടുകൾക്ക് മൂർച്ച കുറഞ്ഞില്ലെന്ന് തെളിയിച്ച് ജാമി വാർഡി. ഒരു സീസണിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ മടങ്ങിയെത്തിയ ലെസ്റ്റർ സിറ്റി വാർഡിയിലൂടെ കരുത്തരായ ടോട്ടനം ഹോട്‌സ്‌പറിനെ മെരുക്കി (1–-1). പെഡ്രോ പൊറോയിലൂടെ ടോട്ടനമായിരുന്നു മുന്നിലെത്തിയത്. എന്നാൽ, ഇടവേള കഴിഞ്ഞ് ഉഗ്രൻ ഹെഡ്ഡറിലൂടെ ക്യാപ്‌റ്റനും ഇതിഹാസതാരവുമായ വാർഡി ലെസ്റ്ററിനെ ഒപ്പമെത്തിച്ചു. ജയം നേടാൻ പഠിച്ച പണിയെല്ലാം നോക്കിയിട്ടും ടോട്ടനത്തിന് രക്ഷയുണ്ടായില്ല. ഉശിരൻ പ്രതിരോധമതിലുയർത്തി ലെസ്റ്റർ നിലയുറപ്പിച്ചു.
പ്രീമിയർ ലീഗിൽനിന്ന് തരംതാഴ്‌ത്തപ്പെട്ട് കഴിഞ്ഞവർഷം രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിലായിരുന്നു ലെസ്റ്റർ കളിച്ചത്. പ്രധാന കളിക്കാരെല്ലാം ടീം വിട്ടിട്ടും വാർഡി തുടർന്നു. 35 കളിയിൽ 18 ഗോളുമായി കളംനിറഞ്ഞു. ചാമ്പ്യൻഷിപ് ജേതാക്കളാക്കി ക്ലബ്ബിനെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ചു. 2012 മുതൽ ലെസ്റ്ററിലുണ്ട്. 2016ൽ ചാമ്പ്യൻ ടീമിലെ പ്രധാനിയായിരുന്നു ആ വർഷത്തെ മികച്ച താരമായി. ടോട്ടനത്തിനെതിരെ പരിക്ക് വകവയ്‌ക്കാതെയാണ് എത്തിയത്. 57–-ാംമിനിറ്റിൽ വലതുപാർശ്വത്തിൽനിന്ന് അബ്‌ദുൾ ഫത്താവു നൽകിയ ക്രോസിലൂടെയായിരുന്നു ലക്ഷ്യംകണ്ടത്. പിന്നാലെ വിജയഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും ഇംഗ്ലീഷുകാരന്റെ ശ്രമം ടോട്ടനം ഗോൾകീപ്പർ ഗുഗ്ലിയെൽമോ വികാരിയോ രക്ഷപ്പെടുത്തി.
ആദ്യകളിയിൽ വമ്പൻ ജയം ലക്ഷ്യമിട്ടെത്തിയ ടോട്ടനത്തിന്റെ സൂപ്പർതാരനിരയ്‌ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 71 ശതമാനം പന്തിൽ നിയന്ത്രണമുണ്ടായിട്ടും കാര്യമുണ്ടായില്ല. 22 ഷോട്ടുകളാണ് സൺഹ്യൂങ് മിന്നും കൂട്ടരും എതിർവലയിലേക്ക് പായിച്ചത്. ഒന്നുമാത്രമാണ് ലക്ഷ്യംകണ്ടത്. അരങ്ങേറ്റക്കാരൻ ഡൊമിനിക് സോളങ്കെ ഉൾപ്പെടെയുള്ളവർ അവസരങ്ങൾ പാഴാക്കി. 24ന് എവർട്ടണുമായാണ് അടുത്ത കളി. ലെസ്റ്റർ അന്നുതന്നെ ഫുൾഹാമിനെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..