23 December Monday

പൊന്നുംവിലയ്‌ക്ക്‌ 
ജീക്‌സൺ 
ഈസ്റ്റ്‌ബംഗാളിൽ ; ബ്ലാസ്‌റ്റേഴ്‌സ്‌ വിട്ടത്‌ റെക്കോഡ്‌ തുകയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

image credit kerala blasters fc facebook


കൊൽക്കത്ത
ഇന്ത്യൻ ഫുട്‌ബോൾ കണ്ട എക്കാലത്തെയും വിലയേറിയ താരകൈമാറ്റ കരാറുമായി ജീക്‌സൺ സിങ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വിട്ടു. കൊൽക്കത്തൻ കരുത്തരായ ഈസ്റ്റ്‌ബംഗാളിലേക്കാണ്‌ ചുവടുമാറ്റം. മൂന്നുവർഷത്തേക്കാണ്‌ കരാർ. ഒരു സീസൺകൂടി നീട്ടാനുമുള്ള ഉപാധിയുണ്ട്‌. ആകെ 11 കോടി രൂപയോളമാണ്‌ ഈ ഡിഫൻസീവ്‌ മിഡ്‌ഫീൽഡർക്കായി ഈസ്റ്റ്‌ബംഗാൾ ചെലവഴിക്കുക. ബ്ലാസ്‌റ്റേഴ്‌സിന്‌ കൈമാറ്റത്തുകയായി മൂന്നുകോടിയിലധികം രൂപ ലഭിക്കും. ഇന്ത്യയിൽ നടക്കുന്ന എക്കാലത്തെയും വലിയ താരകൈമാറ്റമാണിത്‌. അടുത്തവർഷംവരെ ഇരുപത്തിമൂന്നുകാരന്‌ ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ടായിരുന്നു. ഇതിനുമുമ്പ്‌ ടീം വിടുന്നതിനാലാണ്‌ ഈസ്റ്റ്‌ബംഗാളിന്‌ ഇത്രയും തുക മുടക്കേണ്ടിവന്നത്‌. ജീക്‌സണായി മറ്റു ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു. ഇതിനാൽ ബ്ലാസ്‌റ്റേഴ്‌സ്‌ നിശ്ചയിച്ച ഉയർന്ന പ്രതിഫലം കൊൽക്കത്ത ക്ലബ്ബിന്‌ നൽകേണ്ടിവന്നു.

നിലവിൽ ഇന്ത്യയിലുള്ള ഏറ്റവും മികച്ച ഡിഫൻസീവ്‌ മിഡ്‌ഫീൽഡറാണ്‌. അച്ചടക്കമുള്ള കളിയാണ്‌. പ്രതിരോധിക്കാനും പന്ത്‌ പിടിച്ചെടുക്കാനും മിടുക്കൻ. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി ഗോളടിച്ചാണ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. 2018ൽ ബ്ലാസ്‌റ്റേഴ്‌സിലെത്തി മണിപ്പുരുകാരൻ. 86 കളിയിൽ കുപ്പായമിട്ടു. ഇന്ത്യക്കായി 22 തവണയും ബൂട്ടിട്ടു. തായ്‌ലൻഡിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലന ക്യാമ്പിൽനിന്ന്‌ മടങ്ങിയ ഇരുപത്തിമൂന്നുകാരൻ കൊൽക്കത്തയിലെത്തി. ഔദ്യോഗികനടപടികൾ ഇന്ന്‌ പൂർത്തിയാക്കും. ബ്ലാസ്‌റ്റേഴ്‌സ്‌ നിറഞ്ഞ സ്‌നേഹമാണ്‌ നൽകിയതെന്നും എന്നെന്നും ടീമിനോടും ആരാധകരോടും കടപ്പെട്ടിരിക്കുന്നുവെന്നും ജീക്‌സൺ പറഞ്ഞു. പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള സമയമാണെന്നും താരം അറിയിച്ചു. ഒരുവർഷം രണ്ടരക്കോടി രൂപയാണ്‌ കളിക്കാരന്റെ പ്രതിഫലം.

പുതിയ സീസണിലേക്കായി ഗംഭീര തയ്യാറെടുപ്പാണ്‌ ഈസ്റ്റ്‌ബംഗാൾ നടത്തുന്നത്‌. ബ്ലാസ്‌റ്റേഴ്‌സിൽനിന്ന്‌ കഴിഞ്ഞ സീസണിലെ ഗോൾവേട്ടക്കാരൻ ദിമിത്രിയോസ്‌ ഡയമന്റാകോസിനെയും പഞ്ചാബ്‌ എഫ്‌സിയിൽനിന്ന്‌ ഫ്രഞ്ചുകാരൻ മദിത്‌ തലാലിനെയും എത്തിച്ചു. കഴിഞ്ഞവർഷം കൂടുതൽ ഗോളവസരം ഒരുക്കിയ മധ്യനിരക്കാരനാണ്‌ ഈ ഇരുപത്താറുകാരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top