പാരിസ്> ഒളിമ്പിക് ചരിത്രത്തിലേക്ക് നീന്തിക്കയറി അമേരിക്കയുടെ ഇതിഹാസതാരം കാത്തി ലെഡേക്കി. വനിതകളുടെ 800 മീറ്റർ ഫ്രീസ്‌റ്റൈലിൽ ഒന്നാമതെത്തി ഒളിമ്പിക്‌സിലെ സ്വർണനേട്ടം ഒമ്പതാക്കി. ഏറ്റവും കൂടുതൽ സ്വർണമെഡൽ നേടിയ വനിതാതാരമെന്ന റെക്കോഡിനൊപ്പമെത്തി.
സോവിയറ്റ് യൂണിയന്റെ മുൻ ജിംനാസ്റ്റിക് താരം ലാരിസ ലാറ്റിനിനയുടെ ഒമ്പത് സ്വർണമെന്ന റെക്കോഡാണ് ലെഡേക്കി പങ്കിട്ടത്. 800 മീറ്റർ ഫ്രീസ്‌റ്റൈലിൽ ലണ്ടൻ, റിയോ, ടോക്യോ ഒളിമ്പിക്‌സിലും സ്വർണം നേടിയ ലെഡേക്കി ഒരേ ഇനത്തിൽ നാല് ഒളിമ്പിക്‌സിൽ സ്വർണം നേടിയ അമേരിക്കൻ ഇതിഹാസം മൈക്കേൽ ഫെൽപ്‌സിന്റെ റെക്കോഡും പങ്കിട്ടു.
എട്ടു മിനിറ്റ് 11.04 സെക്കൻഡിൽ നീന്തിയെത്തിയാണ് പാരിസിലെ രണ്ടാംസ്വർണം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ അരിയാർനെ ടിറ്റ്‌മസ് വെള്ളിയും അമേരിക്കയുടെ പെയ്‌ജ് മദേൻ വെങ്കലവും നേടി. നേരത്തേ 1500 മീറ്റർ ഫ്രീസ്‌റ്റൈലിലും സ്വർണം നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..