തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മത്സരങ്ങൾ അട്ടിമറിക്കാൻ കോഴ വാഗ്--ദാനം ചെയ്തെന്ന് ക്രിക്കറ്റ് താരങ്ങളായ അഖിൽ സ്‌കറിയയും അമൽ രമേഷും. വെളിപ്പെടുത്തലിനെ തുടർന്ന് ബിസിസിഐ നിയോഗിച്ച അഴിമതിവിരുദ്ധ സ്‌ക്വാഡ് മാനേജർ ഹർദയാൽ സിങ് സിറ്റി പൊലീസിന് പരാതി നൽകി. കേസിൽ അന്വേഷണം ആരംഭിച്ചു.
ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ നഗരത്തിലെ ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഇൻസ്റ്റഗ്രാമിലൂടെയും വാട്സാപ്പിലൂടെയും ബന്ധപ്പെട്ട് കോഴ വാഗ്--ദാനം ചെയ്തത്. എറിയുന്ന ഓരോ വൈഡിനും നോ ബോളിനും ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് താരം അമൽ രമേഷ് പറഞ്ഞു. ചണ്ഡീഗഡ് സ്വദേശി സുരേന്ദ്രർ എന്നു പരിചയപ്പെടുത്തിയാണ് വാട്സാപ്പിലൂടെ സന്ദേശം അയച്ചത്.
കലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ് താരം അഖിൽ സ്‌കറിയക്ക് "ക്രിക്കറ്റേഴ്‌സ് ഹബ് 01' എന്ന ഇൻസ്റ്റഗ്രാം ഐഡിവഴിയാണ് കോഴവാഗ്--ദാനം. ജാക്ക് എന്നു പരിചയപ്പെടുത്തിയയാൾ സ്‌പോൺസർഷിപ് ഡീലുകൾ നൽകാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. താൽപ്പര്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ നിർദേശിച്ചു. മറുപടി നൽകിയപ്പോൾ അവരുടെ നിർദേശപ്രകാരം ഒരു ഓവർ എറിഞ്ഞാൽ അഞ്ചുലക്ഷം രൂപ നൽകാമെന്ന് അറിയിച്ചതായി അഖിൽ പറഞ്ഞു.
സംഘത്തിൽ കൂടുതൽപേർ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കളിക്കാരെ സമീപിച്ച അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻസ്റ്റഗ്രാമിനും വാട്സാപ്പിനും പൊലീസ് അപേക്ഷ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..