03 November Sunday

ബ്ലാസ്‌റ്റേഴ്‌സ്‌ 
പുറത്ത്‌ ; തോൽപ്പിച്ചത്‌ ബംഗളൂരു എഫ്‌സി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

image credit durand cup facebook


കൊൽക്കത്ത
ഒരിക്കൽക്കൂടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പാതിവഴിയിൽ വീണു. ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോളിൽ സെമി കാണാതെ പുറത്തായി. ക്വാർട്ടറിൽ ബംഗളൂരു എഫ്‌സിയാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്‌ (1–-0). കളിയുടെ അവസാന നിമിഷം ജോർജ്‌ പെരേര ഡയസ്‌ തകർപ്പൻ ഗോളിലൂടെ ബംഗളൂരുവിന്‌ ജയം സമ്മാനിച്ചു. 27ന്‌ നടക്കുന്ന സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ ബംഗളൂരു നേരിടും. പഞ്ചാബ്‌ എഫ്‌സിയെ ഷൂട്ടൗട്ടിൽ 6–-5ന്‌ കീഴടക്കിയാണ്‌ ബഗാൻ മുന്നേറിയത്‌. നിശ്‌ചിതസമയത്ത്‌ ഇരുടീമുകളും 3–-3നാണ്‌ പിരിഞ്ഞത്‌.

ഇരുപത്താറിന്‌ നടക്കുന്ന ആദ്യ സെമിയിൽ ഷില്ലോങ്‌ ലജോങ്ങും നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡും ഏറ്റുമുട്ടും. ബംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്‌ മൂർച്ചയുണ്ടായില്ല. നോഹ സദൂയിക്കും ക്വാമി പെപ്രയ്‌ക്കും ബംഗളൂരു പ്രതിരോധത്തെ പരീക്ഷിക്കാൻ കഴിഞ്ഞില്ല. അഞ്ചാം മിനിറ്റിൽത്തന്നെ ഗോൾകീപ്പർ സോം കുമാർ പരിക്കേറ്റ്‌ മടങ്ങിയത്‌ തിരിച്ചടിയായി. സച്ചിൻ സുരേഷായിരുന്നു പകരക്കാരൻ. മറുവശത്ത്‌  മുൻ ബ്ലാസ്‌റ്റേഴ്‌സ്‌ താരംകൂടിയായ ഡയസ്‌ അപകടകാരിയായി.

കളി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുമെന്ന്‌ തോന്നിച്ച ഘട്ടത്തിലായിരുന്നു ഡയസിന്റെ ഗോൾ. പരിക്കുസമയത്തിന്റെ അവസാനനിമിഷം കിട്ടിയ കോർണർ ഗോളിലേക്ക്‌ വഴിയൊരുക്കി. ബോക്‌സിൽ വീണ പന്ത്‌ സുനിൽ ഛേത്രി ഡയസിനെ ലക്ഷ്യമാക്കി തട്ടി. ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തെ തകർത്ത്‌ ഈ അർജന്റീനക്കാരൻ മിന്നുന്ന ഷോട്ട്‌ തൊടുത്തു. ആ ഗോളിൽ കളി അവസാനിച്ചു.

ബഗാൻ–-പഞ്ചാബ്‌ മത്സരം ആവേശകരമായിരുന്നു. പഞ്ചാബിനുവേണ്ടി ലൂക്കാ മെയ്‌സെൻ, ഫിലിപ്‌ മർസായ്‌ക്‌, നോബെർടോ വിദാൽ എന്നിവർ ലക്ഷ്യംകണ്ടു. സുഹൈൽ ബട്ട്‌, മൻവീർ സിങ്, ജാസൺ കമ്മിങ്‌സ്‌ എന്നിവർ ബഗാന്റെ മറുപടി നൽകി. ഷൂട്ടൗട്ടിൽ കമ്മിങ്‌സിന്റെ കിക്ക്‌ പാഴായെങ്കിലും ഗോൾകീപ്പർ വിശാൽ കെയ്‌ത്ത്‌ ബഗാനെ രക്ഷിച്ചു. പഞ്ചാബിന്റെ രണ്ട്‌ കിക്കുകൾ വിശാൽ തടഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top