04 October Friday

തൊടുത്തു വഴങ്ങി ; ബ്ലാസ്‌റ്റേഴ്‌സിന്‌ ജയിക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

ഒഡിഷയ്--ക്കെതിരെ കേരള ബ്ലാസ്--റ്റേഴ്സിനായി ഗോൾ നേടിയ ഹെസ്യൂസ് ഹിമിനെസിനെ (നടുവിൽ) 
സഹതാരങ്ങൾ അഭിനന്ദിക്കുന്നു


ഭുവനേശ്വർ
രണ്ട്‌ ഗോൾ ലീഡ്‌ നേടിയിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ജയിക്കാനായില്ല. ഐഎസ്‌എല്ലിൽ ഒഡിഷ എഫ്‌സിയോട്‌ 2–-2നാണ്‌ മിക്കേൽ സ്‌റ്റാറേയുടെ സംഘം കുരുങ്ങിയത്‌. തുടർച്ചയായ രണ്ടാംസമനിലയാണിത്‌.മൂന്ന്‌ മിനിറ്റിനിടെ ഇരട്ടഗോൾ നേടി ബ്ലാസ്‌റ്റേഴ്‌സ്‌ ആധികാരികമായി തുടങ്ങിയെങ്കിലും പ്രതിരോധപ്പിഴവിൽ വലഞ്ഞു. നോഹ സദൂയിയും ഹെസ്യൂസ്‌ ഹിമിനെസുമാണ്‌ ഗോളടിച്ചത്‌. ഒഡിഷയ്‌ക്കായി ദ്യേഗോ മൗറീസിയോ ഒരെണ്ണം മടക്കി. മറ്റൊന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ മധ്യനിരക്കാരൻ അലെക്‌സാൻഡ്രെ കൊയെഫിന്റെ പിഴവു ഗോളായിരുന്നു.

അഞ്ച്‌ പോയിന്റുമായി പട്ടികയിൽ നാലാമതാണ്‌ സ്‌റ്റാറേയുടെ സംഘം. നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെതിരെ കളിച്ച ടീമിൽ മാറ്റമൊന്നും കോച്ച്‌ വരുത്തിയില്ല. അഡ്രിയാൻ ലൂണ ഒരിക്കൽക്കൂടി പകരക്കാരുടെ ബെഞ്ചിലിരുന്നു.ആശിപ്പിക്കുന്ന തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌. സദൂയിയും ഹിമിനെസും വേഗത്തിൽ ഒഡിഷ പ്രതിരോധത്തെ സമ്മർദത്തിലാക്കി. മികച്ചൊരു പ്രത്യാക്രമണത്തിലൂടെയായിരുന്നു ആദ്യഗോൾ. കെ പി രാഹുലിന്റെ ലോങ്‌ പാസിൽനിന്നായിരുന്നു തുടക്കം. പ്രീതം കോട്ടലാണ്‌ സ്വീകരിച്ചത്‌. പിന്നെ ഹിമിനെസിലേക്ക്. ഇടതുഭാഗത്ത്‌ കുതിച്ച സദൂയിക്ക്‌ സ്‌പാനിഷുകാരൻ പന്തിട്ടു. ഒന്നാന്തരം ഷോട്ടിലാണ്‌ സദൂയ്‌ ഒഡിഷ ഗോൾ കീപ്പർ അമരീന്ദർ സിങ്ങിനെ നഷ്‌പ്രഭനാക്കിയത്‌. സീസണിലെ മൂന്നാംഗോളായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നേറ്റക്കാരന്‌.

മൂന്ന്‌ മിനിറ്റിൽ അടുത്ത ഗോളെത്തി. ഇക്കുറി ഹിമിനെസിന്‌ സദൂയ്‌ അവസരമൊരുക്കി. മൊറോക്കോക്കാരന്റെ പാസ്‌ ഏറ്റുവാങ്ങിയ ഹിമിനെസ്‌ വലംകാൽകൊണ്ട്‌ വോളി തൊടുത്തു. സീസണിലെ രണ്ടാംഗോൾ. എന്നാൽ, രണ്ട്‌ ഗോളിന്റെ ആലസ്യം ബ്ലാസ്‌റ്റേഴ്‌സിന്‌ വിനയായി. ഒഡിഷയുടെ നീക്കത്തെ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്‌ കൃത്യമായി പിടിച്ചെടുക്കാനായില്ല. തട്ടിയിട്ടത്‌ കോയെഫിന്റെ കാലിലേക്കായി. പന്ത്‌ സ്വന്തം വലയിൽ കയറി. ഏഴ്‌ മിനിറ്റിനുള്ളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തെ മൗറീസിയോയും ജെറിയും ചേർന്ന്‌ ചിതറിച്ചു. ജെറിയുടെ ക്രോസ്‌ മൗറീസിയോ ഗോൾമുഖത്തുവച്ച്‌ തൊടുത്തു. സച്ചിൻ സുരേഷിന്‌ ഒന്നും ചെയ്യാനായില്ല. അവസാന നിമിഷത്തിൽ സദൂയിയെ വീഴ്‌ത്തിയതിന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല.  അടുത്ത മത്സരത്തിൽ മുഹമ്മദൻസിനെയാണ്‌ നേരിടുക. കൊൽക്കത്തയിലാണ്‌ കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top