23 December Monday
ഐഎസ്‌എല്ലിൽ ബഗാൻ x മുംബൈ ഉദ്‌ഘാടന മത്സരം 13ന്‌

ബ്ലാസ്‌റ്റേഴ്‌സ് ഓണത്തിന് ; സെപ്‌തംബർ 
15ന്‌ പഞ്ചാബിനോട്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

image credit kerala blasters fc facebook

കൊൽക്കത്ത
മോഹൻ ബഗാൻ സൂപ്പർ ജയന്റും മുംബൈ സിറ്റിയും തമ്മിലുള്ള പോരാട്ടത്തോടെ പുതിയ സീസൺ ഐഎസ്‌എൽ ഫുട്‌ബോളിന്‌ തുടക്കം. സെപ്‌തംബർ 13ന്‌ കൊൽക്കത്തയിലാണ്‌ കളി. മുംബൈയാണ്‌ നിലവിലെ ചാമ്പ്യൻമാർ. ബഗാൻ ഷീൽഡ്‌ ജേതാക്കളും. ഇരുടീമുകളും തമ്മിലായിരുന്നു കഴിഞ്ഞസീസണിലെ ഫൈനൽ. മുംബൈ 3–-1ന്‌ ജയിച്ചു.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ തിരുവോണനാളായ 15ന്‌ പഞ്ചാബ്‌ എഫ്‌സിയുമായി ഏറ്റുമുട്ടും. കൊച്ചിയാണ്‌ വേദി. ഡിസംബർ 30 വരെയുള്ള മത്സരക്രമമാണ്‌ പുറത്തുവിട്ടത്‌.
ഇക്കുറി 13 ടീമുകളാണ്‌ രംഗത്ത്‌. ഐ ലീഗ്‌ ചാമ്പ്യൻമാരായ മുഹമ്മദൻസാണ്‌ നവാഗതർ. അതേസമയം, ക്ലബ് ലൈസൻസുമായി ബന്ധപ്പെട്ട്‌ ഹൈദരാബാദ്‌ എഫ്‌സിയുടെ കാര്യത്തിൽ അനിശ്‌ചിതത്വം നിലനിൽക്കുകയാണ്‌. മുഹമ്മദൻസ്‌ 16ന്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമായി ആദ്യ കളിക്കിറങ്ങും. ഇതോടെ കൊൽക്കത്തയിൽനിന്നുള്ള മൂന്ന്‌ ക്ലബ്ബുകളായി. ബഗാനും ഈസ്‌റ്റ്‌ ബംഗാളുമാണ്‌ മറ്റു ടീമുകൾ.

രാത്രി 7.30നാണ്‌ മത്സരങ്ങൾ. ശനിയാഴ്‌ചകളിൽ രണ്ട്‌ മത്സരംവീതമാണ്‌. ആദ്യകളി വൈകിട്ട്‌ അഞ്ചിന്‌ നടക്കും. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ രണ്ട്‌ മത്സരങ്ങൾ കൊച്ചിയിലാണ്‌. 22ന്‌ ഈസ്‌റ്റ്‌ ബംഗാളുമായാണ്‌ കൊച്ചിയിലെ രണ്ടാമത്തെ കളി. ശേഷം എതിർത്തട്ടകത്തിൽ.ഇക്കുറി മിക്കേൽ സ്‌റ്റാറേ എന്ന സ്വീഡിഷ്‌ പരിശീലകനുകീഴിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങുന്നത്‌. ഡ്യൂറൻഡ്‌ കപ്പിൽ സെമിയിൽ കടക്കാതെ പുറത്തായതിന്റെ നിരാശയുണ്ട്‌ ടീമിന്‌. നോഹ സദൂയ്‌, അഡ്രിയാൻ ലൂണ, ക്വാമി പെപ്ര എന്നിവരാണ്‌ പ്രധാന താരങ്ങൾ. മത്സരങ്ങൾ സ്‌പോർട്‌സ്‌ 18ലാണ്‌ തത്സമയം. ജിയോ സിനിമയിലും കാണാം.

image credit kerala blasters fc facebook

image credit kerala blasters fc facebook


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top