29 November Friday

ഗോവൻ ഒറ്റയടി ; ബ്ലാസ്‌റ്റേഴ്സിന്റെ അഞ്ചാം തോൽവി

പ്രദീപ്‌ ഗോപാൽUpdated: Friday Nov 29, 2024

എഫ്സി ഗോവയുടെ ബ്രിസൺ ഫെർണാണ്ടസിന്റെ (ഇടത്ത്) മുന്നേറ്റം തടയുന്ന 
കേരള ബ്ലാസ്--റ്റേഴ്സ് പ്രതിരോധക്കാരൻ നവോച്ച സിങ് / ഫോട്ടോ: പി ദിലീപ്കുമാർ


കൊച്ചി
വിജയത്തിന്റെ ചെറിയൊരു ആനന്ദത്തിനുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഒരിക്കൽക്കൂടി പരാജയത്തിന്റെ പടുകുഴിയിലാണ്ടു. ഐഎസ്‌എൽ ഫുട്‌ബോളിൽ അഞ്ച്‌ കളിക്കിടെ നാലാംതോൽവി. ഇക്കുറി കൊച്ചിയിൽ എഫ്‌സി ഗോവയോട്‌ ഒറ്റ ഗോളിൽ അടിതെറ്റി. ബോറിസ്‌ സിങ്ങാണ്‌ ഗോവയ്‌ക്കായി ലക്ഷ്യം കണ്ടത്‌. ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവ്‌ ഗോളിന്‌ വഴിയായി.

പോയിന്റ്‌ പട്ടികയിൽ ഒമ്പതാംസ്ഥാനത്ത്‌ തുടരുകയാണ്‌ മിക്കേൽ സ്‌റ്റാറേയുടെ സംഘം. പത്ത്‌ കളിയിൽ നേടാനായത്‌ മൂന്ന്‌ ജയം മാത്രം. അഞ്ച്‌ തോൽവി. ആകെ 11 പോയിന്റ്‌. ഒമ്പത്‌ കളിയിൽ 15 പോയിന്റുമായി ഗോവ അഞ്ചാംപടിയിലെത്തി. ആസൂത്രണമില്ലാതെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പന്ത്‌ തട്ടിയത്‌. ആദ്യഘട്ടത്തിൽ ചിത്രത്തിലേയില്ലായിരുന്നു. മുന്നേറ്റത്തിൽ നോഹ സദൂയിക്കും ഹെസ്യൂസ്‌ ഹിമിനെസിനും മികച്ച നീക്കങ്ങൾ സൃഷ്‌ടിക്കാനായില്ല. പ്രതിരോധത്തിലും പിഴവുകൾ നിറഞ്ഞു. ഗോവയുടെ കാൾ മക്‌ഹ്യൂഗും ദെയാൻ ഡ്രാസിച്ചും അനായാസമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾമേഖലയിലേക്ക്‌ പന്തുമായി കുതിച്ചത്‌.

അരമണിക്കൂർ തികയുംമുമ്പ്‌ ഗോവൻ മുന്നേറ്റക്കാരൻ ഇകർ ഗുറോട്‌ക്‌സെനയുടെ തകർപ്പൻ ഷോട്ട്‌ പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. ഇടവേളയ്‌ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ ഗോവ ലീഡ്‌ നേടി. സഹിൽ ടവോറ നൽകിയ പന്തുമായി വലതുപാർശ്വത്തിലൂടെ മുന്നേറിയ ബോറിസിനെ തടയാൻ ആരുമുണ്ടായില്ല. ബോക്‌സിന്റെ ഇടതുവശത്തുനിന്ന്‌ ബോറിസ്‌ സ്ഥാനംതെറ്റി നിൽക്കുന്ന ഗോൾ കീപ്പർ സച്ചിൻ സുരേഷിനെ കണ്ടു. ആ നിമിഷംതന്നെ അടിവന്നു. ചാടിവീണ സച്ചിന്റെ കൈയിൽ തട്ടി പന്ത്‌ വലയ്‌ക്കുള്ളിലേക്ക്‌ വീണു. കളിയിലുണ്ടായിരുന്ന നിയന്ത്രണംകൂടി ആ പിഴവിൽ ബ്ലാസ്‌റ്റേഴ്‌സിന്‌ നഷ്ടമായി. ആദ്യപകുതിയിൽ ഒരിക്കൽപ്പോലും ഗോവൻ ഗോൾ കീപ്പർ ഹൃതിക്‌ തിവാരിയെ പരീക്ഷിക്കാൻ ബ്ലാസ്‌റ്റേഴ്‌സിനായില്ല.

ഇടവേളയ്‌ക്കുശേഷം പകരക്കാരായെത്തിയ ക്വാമി പെപ്രയും കോറു സിങ്ങും നീക്കങ്ങൾക്ക്‌ ജീവൻ പകർന്നു. പക്ഷേ, ഇന്ത്യൻ ടീം പരിശീലകൻ മനോലോ മാർക്വസ്‌ പരിശീലിപ്പിക്കുന്ന ഗോവ പ്രതിരോധത്തിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്‌തില്ല. ഒഡെയ്‌ ഒനയിൻഡ്യയും സന്ദേശ്‌ ജിങ്കനും പൂട്ടിട്ടു. കോറുവിന്റെയും അഡ്രിയാൻ ലൂണയുടെയും ഗോൾശ്രമങ്ങളെ തടഞ്ഞു.

പരിക്കുസമയത്ത്‌ ഒപ്പമെത്താൻ കിട്ടിയ ഒന്നാന്തരം അവസരം സന്ദീപ്‌ സിങ്‌ പാഴാക്കി. ലൂണ ബോക്‌സിലേക്ക്‌ തള്ളിയിട്ട പന്ത്‌ ഗോൾ കീപ്പർ മാത്രം മുന്നിൽനിൽക്കെ സന്ദീപ്‌ പുറത്തേക്കടിച്ചുകളഞ്ഞു. ഗോൾമുഖത്തുണ്ടായിരുന്ന സദൂയിയെയും പ്രതിരോധക്കാരൻ ശ്രദ്ധിച്ചില്ല. ഡിസംബർ ഏഴിന്‌ ബംഗളൂരു എഫ്‌സിയുമായാണ്‌ അടുത്ത കളി. ബംഗളൂരുവാണ്‌ വേദി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top